കനോലി കനാലിലേക്ക് ചാടിയ യുവതിയെ കണ്ടെത്താനായില്ല

kanoliവാടാനപ്പള്ളി: കണ്ടശാംകടവ് കനോലി പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവതിയെ ഒരു ദിവസമായിട്ടും കണ്ടെത്താനായില്ല. യുവതി പുഴയിലേക്ക് ചാടിയ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്തിയില്ല.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. മഞ്ഞ ചുരിദാര്‍ ധരിച്ച യുവതി പുഴയില്‍ ചാടിയത് പാലത്തിലൂടെ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രികനായ ഷജീറാണ് കണ്ടത്. കനോലി കനാലിലേക്ക് യുവതി ചാടുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കാരമുക്ക് സഹകരണ ബാങ്കിന്റെ ശാഖയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. ചാടിയത് കാഞ്ഞാണി സ്വദേശിയാണെന്നാണ് സംശയമുയര്‍ന്നിട്ടുള്ളത്.

വിവരമറിഞ്ഞു ചേര്‍പ്പ് സിഐ പി.കെ.മനോജ് കുമാറിന്റെ നേതൃത്വത്തില്‍ അന്തിക്കാട് പൊലീസും വാടാനപ്പള്ളി പൊലീസും ഉടന്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ തുടങ്ങി. തുടര്‍ന്ന് അടിത്തട്ടില്‍ മുങ്ങിത്തപ്പുന്നതിനായി ഗുരുവായൂരില്‍നിന്നും തൃശൂരില്‍നിന്നും അഗ്നിശമന സേനാംഗങ്ങള്‍ പ്രത്യേക തിരച്ചില്‍ ഉപകരണങ്ങളെത്തിച്ചും തിരച്ചില്‍ തുടര്‍ന്നു. പക്ഷേ വൈകുന്നേരമായിട്ടും ഒന്നും കണ്ടെത്താനായില്ല.പാലത്തിന്റെ തെക്കേ കൈവരിയില്‍ നിന്നാണ് യുവതി ചാടിയതെന്ന് നാട്ടുകാരും അതുവഴി പോയ ചില ബസ് ജീവനക്കാരും മൊഴി നല്‍കുന്നുണ്ട്. ഫയര്‍ഫോഴ്സിന്റെ പ്രത്യേക സ്കൂബാ ടീമംഗങ്ങളാണ് തിരച്ചിലില്‍ പങ്കെടുത്തത്. മഴക്കാലമായതിനാല്‍ ശക്തമായ അടിയൊഴുക്കുള്ളതായി തിരച്ചില്‍ നടത്തുന്നവര്‍ പറഞ്ഞു. നേരം ഇരുട്ടിയതിനാല്‍ ഇന്നലെ അവസാനിപ്പിച്ച തിരച്ചില്‍ ഇന്നും തുടരും. പാലത്തിന് താഴെയും പരിസരങ്ങളിലുമാണ് ഇന്നലെ തിരച്ചില്‍ നടത്തിയത്. ഇന്ന് അകലെയുള്ള പ്രദേശങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം