കണ്ണൂര്‍ സ്വദേശിനിയായ വൃദ്ധയെ മകള്‍ ബാംഗ്ലൂരിലെ ബസ്സ്റ്റാന്റില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

annammaബാംഗ്ലൂര്‍: വൃദ്ധയായ അമ്മയെ ബാംഗ്ലൂരിലെ ബസ്റ്റാന്റില്‍ ഉപേക്ഷിച്ച് മകള്‍ കടന്നുകളഞ്ഞു. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിനിയായ 75-കാരിയായ അന്നമ്മയെയാണ് മകള്‍ ഷെര്‍ളി ബസ്സ്റ്റാന്റില്‍ തനിച്ചാക്കി പോയത്. മകള്‍ ഉപേക്ഷിച്ച് പോയതാണെന്നറിയാതെ അന്നമ്മ ഒരു രാത്രിമുഴുവന്‍ ഒറ്റയ്ക്ക് ബസ്സ്റ്റാന്റില്‍ കഴിച്ചുകൂട്ടി. സാറ്റലൈറ്റ് സ്റ്റാന്‍ഡില്‍ പ്രായമായ സ്ത്രീ ഒറ്റയ്ക്കിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കെഎംസിസി പ്രവര്‍ത്തകര്‍ സംഭവം അന്വേഷിച്ച് കൊച്ചുമകനെ വിളിച്ചുവരുത്തി അന്നമ്മയെ ഹെന്നൂരിലെ മകളുടെ വീട്ടില്‍ എത്തിച്ചു. അന്നമ്മയോടൊപ്പമുണ്ടായിരുന്ന മകളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

തിങ്കളാഴ്ച രാവിലെ കെഎംസിസി സാറ്റലൈറ്റ് ഏരിയാ പ്രസിഡന്റ് ഷംസുദ്ദീനാണ് സാറ്റലൈറ്റ് സ്റ്റാന്‍ഡില്‍ പ്രായമായ സ്ത്രീ ഒറ്റയ്ക്കിരിക്കുന്നത് കണ്ടത്. വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഹെന്നൂരില്‍ താമസിക്കുന്ന മകള്‍ ഷെര്‍ളിയോടൊപ്പം ഞായറാഴ്ച രാത്രി നാട്ടിലേക്കുപോകാന്‍ വന്നതാണെന്നും എന്നാല്‍, മകള്‍ ബസ്സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് പോവുകയായിരുന്നെന്നും അന്നമ്മ പറഞ്ഞു.

തുടര്‍ന്ന് കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇവരുടെ സ്വദേശമായ കൊട്ടിയൂര്‍ പോലീസുമായും ഇടവക പള്ളിയിലെ വികാരിയുമായും ബന്ധപ്പെട്ട് ഇവരുടെ വീട്ടുവിവരങ്ങള്‍ അന്വേഷിച്ച് ബെംഗളൂരുവിലുള്ള കൊച്ചുമകന്‍ റോഷന്റെ നമ്പര്‍ കെഎംസിസി പ്രവര്‍ത്തകര്‍ക്ക് കൈമാറി. പിന്നീട് റോഷനെ വിളിച്ചുവരുത്തിയാണ് ഹെന്നൂരുള്ള വീട്ടിലേക്ക് അയച്ചത്.

അമ്മയെയും മുത്തശ്ശിയെയും നാട്ടിലേക്കുപോകാന്‍ ഞായറാഴ്ച രാത്രി താനാണ് ബസ്സ്റ്റാഡില്‍ കൊണ്ടുവിട്ടതെന്ന് റോഷന്‍ പറഞ്ഞു. ഷെര്‍ളിക്ക് ചെറിയതോതില്‍ മാനസികപ്രശ്‌നമുണ്ടെന്ന് മകന്‍ റോഷന്‍ പറഞ്ഞു. ബസ്സ്റ്റാന്‍ഡില്‍ ടിക്കറ്റെടുക്കാനാണെന്നു പറഞ്ഞുപോയ ഷെര്‍ളിയെ കണ്ടെത്താനായിട്ടില്ല.

ഞായറാഴ്ച രാത്രിമുതല്‍ ഷെര്‍ളിയുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നുവെന്ന് റോഷന്‍ പറഞ്ഞു. ഷെര്‍ളിയെ കാണുന്നില്ലെന്നു കാണിച്ച് കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ സാറ്റലൈറ്റ് ബാട്ര്യായണപുര പോലീസ് സ്റ്റേഷനില്‍ റോഷന്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നാട്ടിലെ ബന്ധുക്കള്‍ ചൊവ്വാഴ്ച അന്നമ്മയെ കൂട്ടിക്കൊണ്ടുപോകും. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുമായി അഞ്ചുവര്‍ഷമായി ഷെര്‍ളി ബെംഗളൂരുവിലാണ് താമസം. മകന്‍ റോഷന്‍ ബാംഗ്ലൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം