കണ്ണൂര്‍ ചക്കരക്കല്ലില്‍ സിപിഎം-ബിജെപി സംഘര്‍ഷം; പ്രദേശത്ത് നിരോധനാജ്ഞ

rajeshകണ്ണൂര്‍: ചക്കരക്കല്ലില്‍ സിപിഎം-ബിജെപി സംഘര്‍ഷം. പ്രദേശത്ത് 10 ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വന്‍ പോലീസ് സംഖ്യം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ 5.30ഓടെയായിരുന്നു സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ബോംബെറിഞ്ഞു തകര്‍ത്ത് ഓഫീസില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ടു പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചു. ഒ.കെ.രാജേഷ്, ലിപിന്‍ എന്നിവര്‍ക്കാണു വെട്ടേറ്റത്. ഇവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷിന്റെ പരിക്കു ഗുരുതരമാണ്. ഇതിനു തുടര്‍ച്ചയായി ചക്കരക്കല്ല് മുതുകുറ്റിയില്‍ രാവിലെ 8.30 ഓടെ ബിജെപി ചെമ്പിലോടു പഞ്ചായത്ത് പ്രസിഡന്റ് സി.പി. രഞ്ജിത്തിനു (30) വെട്ടേറ്റു. ചക്കരക്കല്ല് മൂന്നുപെരിയ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇ.കെ.നായനാര്‍ സ്മാരക മന്ദിരത്തിനു നേരേയാണു ബോംബേറുണ്ടായത്. സിപിഎം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസും ഇരിവേരി ലോക്കല്‍ കമ്മിറ്റി ഓഫീസും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. പുലര്‍ച്ചെ അഞ്ചു ബൈക്കുകളിലെത്തിയ സംഘം സമീപത്തുള്ള മില്‍മാബൂത്ത് ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി അടപ്പിച്ചശേഷം ആക്രമണം നടത്തുകയായിരുന്നു. ഐസ്ക്രീം ബോംബുകളടക്കം അഞ്ചോളം ബോംബുകള്‍ കെട്ടിടത്തിനുനേരേ എറിഞ്ഞു. ബോംബേറില്‍ കെട്ടിടത്തിന്റെ ചുമരുകള്‍ തകര്‍ന്നിട്ടുണ്ട്. ഓഫീസിനകത്തുള്ള ഫര്‍ണിച്ചറുകളും ടിവിയും പൂര്‍ണമായും തകര്‍ന്നു. ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു സിപിഎം അഞ്ചരക്കണ്ടി ഏരിയാ സെക്രട്ടറി കെ. ഭാസ്കരന്‍ ആരോപിച്ചു. മുതുകുറ്റി ടൌണില്‍ വച്ചാണു ബിജെപിയുടെ പ്രാദേശിക നേതാവ് സി.പി. രഞ്ജിത്തിനു വെട്ടേറ്റത്. നിര്‍മാണത്തൊഴിലാളിയായ രഞ്ജിത്ത് ജോലി സ്ഥലത്തേക്കു പോകാന്‍ ബസ് കാത്തു നില്ക്കുന്നതിനിടെ ഒരു സംഘം രഞ്ജിത്തിനെ വളഞ്ഞു വെട്ടിപരിക്കേല്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു ബിജെപി ധര്‍മടം നിയോജകമണ്ഡലം പ്രസിഡന്റ് ആര്‍.കെ. ഗിരിധരന്‍ ആരോപിച്ചു. സിപിഎം ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചു സിപിഎം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചരക്കണ്ടി, മുണ്േടരി, ചേലോറ, ചെമ്പിലോട് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ചക്കരക്കല്ല്് ടൌണില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ആക്രമണത്തില്‍ തകര്‍ന്ന പാര്‍ട്ടി ഓഫീസ് സിപിഎം നേതാക്കളായ പിണറായി വിജയന്‍, പി. ജയരാജന്‍, എം.വി. ജയരാജന്‍, കെ.കെ. രാഗേഷ് എന്നിവര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി ചക്കരക്കല്‍ മേഖലയില്‍ ബിജെപി-സിപിഎം സംഘര്‍ഷം നടന്നുവരികയാണ്. സിപിഎമ്മിന്റെ അഞ്ചരക്കണ്ടി നോര്‍ത്ത് ലോക്കല്‍ക്കമ്മിറ്റി ഓഫീസും പുറത്തെക്കാട്, ചെമ്പിലോട് ഓഫീസുകളും ആര്‍എസ്എസിന്റെ ചക്കരക്കല്‍ ടൌണിലെ കാര്യാലയവും കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമിക്കപ്പെട്ടിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം