കണ്ണൂരില്‍ സ്കൂളിലേക്ക് പോയ 17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബസ് ഡ്രൈവര്‍ പിടിയില്‍; സംഭവം ഇങ്ങനെ

കണ്ണൂർ: കണ്ണൂരില്‍ സ്കൂളിലേക്ക് പോയ 17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബസ് ഡ്രൈവര്‍ പിടിയില്‍. ശ്രീകണ്ഠപുരത്ത് പ്ലസ്ടു വിദ്യാർഥിനിയെയാണ്  തട്ടിക്കൊണ്ടുപോയത്.  സംഭവത്തില്‍  സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിലായി. കാഞ്ഞിരങ്ങാട്ടെ എ.കെ.ശ്രീകാന്തിനെ (32)യാണ് ശ്രീകണ്ഠപുരം സിഐ വി.വി.ലതീഷും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 12ന് രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ബസ് യാത്രക്കിടെ സൗഹൃദത്തിലായ പെൺകുട്ടിയെ പയ്യാമ്പലം ബീച്ച് കാണിക്കാമെന്ന് പറഞ്ഞ് സുഹൃത്തിന്‍റെ കാറിൽ കൊണ്ടുപോവുകയായിരുന്നു. തുടർന്ന് തലശേരി, മംഗലാപുരം എന്നിവിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും പീഡന വിവരം പുറത്ത് പറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെ വീട്ടുപരിസരത്തെ റോഡിൽ ഉപേക്ഷിച്ച പെൺകുട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്തിട്ടുണ്ടെന്നറിഞ്ഞ പ്രതി ബംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രാവിലെ തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ബൈക്കിലെത്തി സ്ത്രീകളുടെ മാല കവർന്ന സംഭവത്തിൽ കണ്ണൂർ, കണ്ണപുരം പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുള്ളതായി അന്വേഷണ സംഘം പറഞ്ഞു. പ്രതിയെ ഇന്ന് വൈകുന്നേരം തലശേരി കോടതിയിൽ ഹാജരാക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം