ചിരിച്ചഭിനയിക്കുമ്പോഴും നീറുകയായിരുന്നു ആ മനസ്‌

1എല്ലാ ദുഃഖവും ചിരിച്ച് മറയ്ക്കാനുള്ള ഇടമായിരുന്നു സിനിമ. സംവിധായകന്‍ അനിലുമായുള്ള വിവാഹമോചനം കല്‍പ്പനയെ ശാരീരികമായും മാനസികമായും തകര്‍ത്തു. കല്‍പ്പന വിവാഹമോചനത്തിന് എതിരായിരുന്നു. എന്തിനേക്കാളും കുടുംബത്തിന് പ്രാധാന്യം നല്‍കിയിരുന്ന ആളായിരുന്നു കല്‍പ്പന. അനിലിനെ പിരിയുന്നത് കല്‍പ്പനയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സഹോദരി ഉര്‍വശിയുടെ വിവാഹമോചനത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തതും കല്‍പ്പനയായിരുന്നു.

ഒരോര്‍ത്തര്‍ക്കും ഓരോ ആഗ്രഹങ്ങളാണെല്ലോ…പെണ്ണുങ്ങള്‍ക്ക് വയസാകുന്നുവെന്ന് അണുങ്ങള്‍ക്ക് തോന്നിയാല്‍ എന്ത് ചെയ്യും. ഇതായിരുന്നു തന്റെ വിവാഹമോചനത്തെ കുറിച്ച് കല്‍പ്പന അടുത്ത സുഹൃത്തിനോട് പറഞ്ഞത്. പെട്ടന്നായിരുന്നു ശാരീരികമായി കല്‍പ്പന തളര്‍ന്നത്, വേദനയെ കലകൊണ്ട് തോല്‍പ്പിക്കാനായിരുന്നു പിന്നീട് കല്‍പ്പനയുടെ ശ്രമം. എന്നാല്‍ അനിലുമായുള്ള വേര്‍പാടിന്റെ കാരണങ്ങളോ മറ്റ് കാര്യങ്ങളോ അവര്‍ ആരോടും പറഞ്ഞിരുന്നില്ല. അനിലിനെ വിവാഹം ചെയ്തതും ഏറെ പ്രതീക്ഷയോടെയായിരുന്നു. എന്നാല്‍ അപ്രതീക്ഷിത വിവാഹമോചനം മകളുമായി കഴിയുമ്പോഴും കുടുംബ ബന്ധത്തിലെ വിള്ളല്‍ ഈ നടിയെ തളര്‍ത്തിയിരുന്നു.

ഉര്‍വ്വശിയുടെ കുടുംബ പ്രശ്‌നങ്ങളും കല്‍പ്പനയെ അലട്ടിയിരുന്നു. ഉര്‍വ്വശിയുമായി ബന്ധപ്പെട്ടുയര്‍ന്നിരുന്ന വിവാദവും അലോസരപ്പെടുത്തി. സഹോദരി ഉര്‍വ്വശിയും മനോജ് കെ ജയനുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങളില്‍ കല്‍പ്പന വേറിട്ട നിലപാടാണ് എടുത്തത്. മനോജ് കെ ജയനുമായുള്ള വിവാഹ മോചനത്തെ കല്‍പ്പന അനുകൂലിച്ചിരുന്നില്ല. മനോജിനെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു.

ഇതിനിടെയാണ് ഹൃദയാഘാതമെത്തുന്നത്. എല്ലാവരില്‍ നിന്നും എല്ലാം ഒളിച്ചു വയ്ക്കുന്ന കല്‍പ്പന, ഇവിടേയും അതു തുടര്‍ന്നു.

ഹൃദയസംബന്ധമായ അസുഖം കല്‍പ്പനയ്ക്കുണ്ടായിരുന്നു. എന്നാല്‍ വേദനകള്‍ സ്വകാര്യമായി കരുതുകയായിരുന്നു കല്‍പ്പന. സഹോദരന്‍ കമല്‍ ആത്മഹത്യ ചെയ്തിട്ട് വര്‍ഷങ്ങള്‍ ഏറെയായി. അതും കല്‍പ്പനയ്ക്ക് മറക്കാനായില്ല. എല്ലാവരേയും ചിരിപ്പിക്കുമ്പോഴും സ്വകാര്യമായി കരയുകയായിരുന്നു കല്‍പ്പനയെന്ന് കെപിഎസി ലളിത പറയുന്നു. അടുത്തിടെ കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ കല്‍പ്പന ചികില്‍സയ്ക്ക് എത്തിയിരുന്നു. അപ്പോഴും രോഗമെന്തെന്ന് ആരോടും പറഞ്ഞില്ല.

താര സംഘടനയായ അമ്മയുടെ സജീവ മുഖമായിരുന്നു കല്‍പ്പന. എല്ലാ മീറ്റിംഗുകള്‍ക്കും ഓടിയെത്തും. എക്‌സിക്യൂട്ടീവ് അംഗമായ കല്‍പ്പനയുമായി അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് അടക്കമുള്ളവര്‍ക്ക് സഹോദര തുല്യമായ അടുപ്പമുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ഏറെ അംഗീകാരവും സ്വാതന്ത്ര്യവും കൊടുത്ത നടി. അവരോട് പോലും ഒന്നും കല്‍പ്പന പറഞ്ഞില്ല. അവസാനം അമ്മയുടെ മീറ്റിംഗിന് വന്നിരുന്നില്ല. എന്തോ അസുഖത്തിന് ചികില്‍സയിലാണെന്ന് അറിഞ്ഞു. തിരക്കയപ്പോഴും ഒരു കുഴപ്പവുമില്ലാത്തതു പോലെയാണ് പ്രതികരിച്ചത്ഇന്നസെന്റിന്റെ പ്രതികരണം ഇങ്ങനെ.

അച്ഛനും അമ്മയും നാടകത്തിനായി സമര്‍പ്പിച്ച വ്യക്തിത്വങ്ങളായിരുന്നു. ഉര്‍വ്വശിയും കലാരഞ്ജിനിയും സിനിമാ ലോകത്ത് ചുവടുറപ്പിച്ചപ്പോള്‍ കല്‍്പ്പനയ്ക്കും സാധ്യതകള്‍ ഏറെയായിരുന്നു. എന്നാല്‍ കുടുംബത്തിനായിരുന്നു കല്‍പ്പന കൂടുതല്‍ പ്രാധാന്യം നല്‍കിയത്. അനുജനേയും നോക്കി ചേച്ചി വീട്ടില്‍ തന്നെ കഴിഞ്ഞു. അങ്ങനെ സഹോദരനുമായി ഏറെ ആത്മബന്ധം കല്‍പ്പനയ്ക്കുണ്ടായിരുന്നു. ഈ സഹോദരന്റെ മരണവും കല്‍പ്പനയ്ക്ക് അപ്രതീക്ഷിതമായിരുന്നു. അതിന് ശേഷമാണ് അവര്‍ സിനിമയില്‍ കൂടുതല്‍ സജീവമായത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം