ഭൂമി തട്ടിപ്പ് കേസ്; ടിഒ സൂരജിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കും

to soorajകൊച്ചി: കളമശേരി ഭൂമിതട്ടിപ്പു കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ. സൂരജിനെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ സിബിഐ തീരുമാനം. ഇതിനായി കേസ് വിചാരണ നടക്കുന്ന എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സിബിഐ വീണ്ടും അപേക്ഷ നല്‍കും. നേരത്തെ സിബിഐ സൂരജിനെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സൂരജ് ഇതു നിഷേധിക്കുകയായിരുന്നു. കേസില്‍ കുരുക്കു മുറുകുകയും സൂരജിനെ വീണ്ടും സിബിഐ ചോദ്യം ചെയ്യുകയും ചെയ്തതോടെ നുണ പരിശോധനയ്ക്കു തയാറാണെന്ന് അറിയിച്ചു സൂരജ് കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചു. എന്നാല്‍, ശാസ്ത്രീയ പരിശോധനയ്ക്കു തയാറാണെന്നു ബോധിപ്പിച്ചു സൂരജ് സമര്‍പ്പിച്ച അപേക്ഷ സിജെഎം കോടതി തള്ളി. ശാസ്ത്രീയ പരിശോധനയ്ക്ക് അപേക്ഷ നല്‍കേണ്ടത് അന്വേഷണ ഏജന്‍സിയാണെന്നും പരിശോധനയ്ക്കു വിധേയനാകേണ്ട ആളല്ലെന്നും മജിസ്ട്രേറ്റ് കെ.എസ്. അംബിക ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്നാണ് ഇന്നു രാവിലെ സിബിഐ ഓഫീസിലെത്തി നുണ പരിശോധനയ്ക്കു വിധേയനാകാന്‍ തയാറാണെന്നു സൂരജ് അറിയിച്ചത്. അതേസമയം, അറസ്റ് ഒഴിവാക്കാനോ വൈകിക്കാനോ ഉള്ള സുരജിന്റെ ശ്രമമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

സൂരജ് ലാന്‍ഡ് റവന്യൂ കമ്മീഷണറായിരിക്കെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു കൈക്കൊണ്ട നടപടി ക്രമം വിട്ടതാണെന്നു കാണിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യാനുള്ള ഒരുക്കങ്ങള്‍ സിബിഐ നടത്തിവരികയായിരുന്നു. ഭൂമിയുടെ തണ്ടപ്പേര്‍ മാറ്റിയതു സംബന്ധിച്ചു സൂരജ് കൈക്കൊണ്ട നടപടി ചട്ടങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും വിരുദ്ധമാണെന്നു സിബിഐ കണ്ടെത്തിയിരുന്നു. ഭൂമിയുടെ പോക്കുവരവു റദ്ദാക്കാന്‍ ഉത്തരവിട്ട സൂരജിനു രണ്ടുവട്ടം ചോദ്യം ചെയ്തപ്പോഴും നടപടിക്രമങ്ങളിലെ വീഴ്ചയെക്കുറിച്ചു തൃപ്തികരമായി വിശദീകരിക്കാന്‍ സാധിച്ചില്ല. പരാതിക്കാരിയായ എന്‍.എ. ഷെരീഫയുടെ പേരിലുള്ള തണ്ടപ്പേര്‍ തിരുത്താന്‍ ജില്ലാ കളക്ടറേറ്റിലും ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണു സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. സലിംരാജിന്റെ ബന്ധുവും കേസിലെ പ്രതിയുമായ അബ്ദുള്‍ സലാം ഭൂമിക്ക് അവകാശത്തര്‍ക്കം ഉന്നയിച്ചു റവന്യൂ മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനു 2012 മാര്‍ച്ച് 14നു പരാതി നല്‍കിയതോടെയാണു ഗൂഢാലോചനയുടെ തുടക്കം. മന്ത്രി ഈ വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തുടര്‍ന്നു ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റില്‍ നിന്നു ചോദ്യാവലി ഉള്‍ക്കൊള്ളുന്ന കത്ത് ജില്ലാ കളക്ടറേറ്റിലേക്കു പോയി. ഈ കത്തില്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ജില്ലാ കളക്ടര്‍ കണയന്നൂര്‍ അഡീഷണല്‍ തഹസീല്‍ദാര്‍ക്കു നിര്‍ദേശം നല്‍കി. അഡീഷണല്‍ തഹസില്‍ദാര്‍ കളക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ടി.ഒ. സൂരജ് ഭൂമിയുടെ പോക്കുവരവു റദ്ദാക്കിയെന്നാണു കേസ്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ സിബിഐക്കു ലഭിച്ചിട്ടുണ്ട്. സിബിഐ കഴിഞ്ഞ ആഴ്ച നടത്തിയ ചോദ്യംചെയ്യലില്‍ കളക്ടറുടെ നിര്‍ദേശപ്രകാരമാണു നടപടി എടുത്തതെന്നു സൂരജ് വിശദീകരിച്ചു. എന്നാല്‍, വസ്തുവിന്റെ ഉടമസ്ഥാവകാശമുള്ളവരെ എന്തുകൊണ്ടു ഹിയറിംഗിനു വിളിച്ചില്ല എന്നു വിശദീകരിക്കാനായില്ല. ഭൂമിയുടെ പോക്കുവരവു റദ്ദാക്കാനാവില്ലെന്ന മുന്‍പത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് സൂരജ് അവഗണിച്ചതും വീഴ്ചയായിട്ടാണു സിബിഐ വിലയിരുത്തുന്നത്. കഴിഞ്ഞ നവംബറിലും ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു സൂരജിനെ ചോദ്യംചെയ്തിരുന്നു. സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ ഉടന്‍ അനുമതി തേടുമെന്നാണു കരുതുന്നത്. കേസില്‍ അറസ്റിലായ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി വ്യാഴാഴ്ച വിധിപറയും. തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫീസില്‍ സ്പെഷല്‍ വില്ലേജ് ഓഫീസറായിരുന്ന ഇ. മുറാദ്, ഇവിടെ വില്ലേജ് ഓഫീസറായിരുന്ന കെ.എസ്. സാബു, എറണാകുളം കളക്ടറേറ്റിലെ ലാന്‍ഡ് റവന്യൂ വിഭാഗം യുഡി ക്ളാര്‍ക്കായിരുന്ന ഇ.സി. ഗീവര്‍ഗീസ് എന്നിവരുടെ ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച വാദം കേട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം