കമ്പകക്കാനം കൂട്ടകൊല; കൂടുതല്‍ പ്രതികളുണ്ടായേക്കാമെന്ന് പൊലീസ്

വെബ് ഡെസ്ക്

തൊടുപുഴ: കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ ഇനിയും കൂടുതല്‍ പേര്‍ പ്രതികളായേക്കുമെന്ന് സൂചന. ഇതുവരെയായി രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ നേരിട്ട് കൊലപാതകം നടത്തിയെന്നാണ് ഇതുവരെ ലഭിച്ചിരിക്കുന്ന വിവരം. കേസില്‍ സാക്ഷികളില്ലാത്തതിനാല്‍ ഫോണ്‍ വിവരങ്ങളിലൂടെയും വിവിധ ശാസ്ത്രീയ പരിശോധനകളിലൂടെയുമാണ് പ്രതികളെ കണ്ടെത്തിയത്. മന്ത്രവാദവും പണമിടപാടുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊലപ്പെട്ട കൃഷ്ണന്‍റെ ശിഷ്യനായിരുന്ന അനീഷ് മന്ത്രസിദ്ധികൾ സ്വന്തമാക്കുന്നതിനായിരുന്നു കൊലപാതകം നടത്തിയതെന്നാണ് പൊലീസിന് മൊഴി നല്‍കിയത്.  ഇതിന് സഹായത്തിനായി സുഹൃത്ത് ലിബീഷിനെയും ഒപ്പം കൂട്ടുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും വീട്ടിൽ നിന്ന് കവർന്ന സ്വർണാഭരണങ്ങളും കൂട്ടുപ്രതി ലിബീഷിന്‍റെ വീട്ടിൽ നിന്ന് പൊലീസ്  കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട കൃഷ്ണന്‍റെ സഹായി അനീഷ് അടിമാലി സ്വദേശിയായ ലിബീഷ് എന്നിവരാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്‍റെ ഇപ്പോഴത്തെ കണ്ടെത്തല്‍. ഇവര്‍ക്ക് പുറമേ കൃഷ്ണനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിവന്ന ചിലരും കസ്റ്റഡിയിലുണ്ട്.

കൊലപാതകത്തിന്‍റെ സമയം ഗണിച്ച് കൊടുത്തത് അടിമാലിയിലെ ഒരു  ജ്യോത്സ്യനാണ്. ആറ് മാസം മുമ്പേ കൊലപാതകം  ആസൂത്രണം ചെയ്തിരുന്നു. ഇതിനായി തയ്യാറെടുപ്പുകൾ നടത്തിയിരുന്നെന്നും അനീഷ് പൊലീസിനോട് വെളിപ്പെടുത്തി.  ജൂലൈ 29 ഞായറാഴ്ച അ‍ർദ്ധരാത്രി കമ്പകക്കാനത്തെത്തിയ അനീഷും സുഹൃത്ത് ലിബീഷും ശബ്ദമുണ്ടാക്കി കൃഷ്ണനെ വീടിന് പുറത്തിറക്കിയ ശേഷം തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൃഷ്ണനെ ആദ്യം ആക്രമിച്ചത് താനാണെന്നും അനീഷ് മൊഴി നൽകിയിട്ടുണ്ട്. പിന്നാലെ വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും മൃഗീയമായി കൊലപ്പെടുത്തി മൃതദേഹങ്ങൾ കുഴിച്ചിട്ടു. മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിന് മുമ്പ് പ്രതികൾ ആസിഡ് ഒഴിച്ചു. മൃതദേഹങ്ങൾ കുഴിയിലിട്ടാണ് ആസിഡ് ഒഴിച്ചത്. സ്ത്രീകളുടെ മൃതദേഹത്തെ മറവ് ചെയ്യുന്നതിന് മുമ്പ് അപമാനിച്ചെന്നും പോലീസ് പറഞ്ഞു. രണ്ട് പേര്‍ ചേർന്ന് നാല് പേരെ നിഷ്കരുണം കൊല ചെയ്ത് മൃതദേഹം മറവ് ചെയ്തതാണോ അതോ ഇവർക്ക് പുറത്ത് നിന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നീ കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.

അതിനാല്‍ കൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കാളിത്തമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് ഇടുക്കി എസ്പി കെ.ബി.വേണുഗോപാല്‍ പറഞ്ഞു. കൂടുതല്‍ അന്വേഷിച്ചാല്‍ മാത്രമേ കൃത്യത്തില്‍ നേരിട്ടോ അല്ലാതെയോ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് വ്യക്തമാവൂ. വഴിത്തിരിവുകള്‍ കേസിലുണ്ടായാല്‍ കസ്റ്റഡിയിലുള്ളവര്‍ ഒന്നും രണ്ടും പ്രതിസ്ഥാനത്ത് നിന്ന് മാറിയേക്കാമെന്നും എസ്.പി പറഞ്ഞു.

കമ്പകക്കാനം കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ കഴിഞ്ഞ 29 ന് രാത്രി വീടിന് പിന്നിലെ ആട്ടിന്‍ കൂടിനു സമീപം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. കൃഷ്ണനുമായി ബന്ധപ്പെട്ട നൂറോളം പേരെ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസിന്‍റെ അന്വേഷണം പ്രതികളായ അനീഷിലേക്കും ലിബീഷിലേക്കും എത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം