പിണറായിയെ കുറ്റപ്പെടുത്തുന്നത് ന്യായമല്ല; ശ്രീജിത്തിനോട് മാപ്പ് ചോദിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തിന് പിന്നിലെ പ്രതികളെ കണ്ടെത്താനായി കഴിഞ്ഞ 764 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്തിനോട് മാപ്പ് ചോദിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്‍ ക്ഷമ ചോദിച്ചത്. അതേസമയം, കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഇന്ന് ശ്രീജിത്തിനെ കാണാന്‍ ചെന്നതിനേയും സുരേന്ദ്രന്‍ വിമര്‍ശിക്കുന്നുണ്ട്.

‘എഴുന്നൂറു ദിവസത്തിലധികമായി ഒരു ചെറുപ്പക്കാരന്‍ നീതിക്കുവേണ്ടി നിലവിളിച്ചിട്ടും ഇന്നിപ്പോള്‍ വിലപിക്കുന്ന ആരും തിരിഞ്ഞുനോക്കിയിട്ടില്ല. രാഷ്ട്രീയനേതാക്കളും സിനിമാ നടന്‍മാരും നവമാധ്യമസദാചാരക്കാരും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നോടുതന്നെ ഏററവും പുച്ഛം തോന്നിയ സംഭവമാണിത്.’ എന്നായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.

രമേശ് ചെന്നിത്തല ഇന്നു കാണിച്ചതുപോലുള്ള മനസ്സാക്ഷിയില്ലാത്ത പണിക്കു പോകാന്‍ പററാത്തതുകൊണ്ടുമാത്രമാണ് പോകാതിരുന്നത്. ചെന്നിത്തലയുടെ കാലത്താണ് ശ്രീജിത്തിന്റെ സഹോദരന്‍ കൊലചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ പോലീസാണ് എല്ലാം തേച്ചുമാച്ചുകളഞ്ഞതും. ഇക്കാര്യത്തില്‍ പിണറായിയെ കുറ്റപ്പെടുത്തുന്നത് ന്യായവുമല്ലെന്നും സുരേന്ദ്രന്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരുപാടുപേര്‍ നിര്‍ബന്ധിച്ചിട്ടും ശ്രീജിത്തിനെ കാണാന്‍ പോയില്ല. മനസ്സാക്ഷിക്കുത്തുകൊണ്ടുതന്നെ. എഴുന്നൂറു ദിവസത്തിലധികം ഒരു ചെറുപ്പക്കാരന്‍ നീതിക്കുവേണ്ടി നിലവിളിച്ചിട്ടും ഇന്നിപ്പോള്‍ വിലപിക്കുന്ന ആരും തിരിഞ്ഞുനോക്കിയിട്ടില്ല. രാഷ്ട്രീയനേതാക്കളും സിനിമാ നടന്‍മാരും നവമാധ്യമസദാചാരക്കാരും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നോടുതന്നെ ഏറ്റവും പുച്ഛം തോന്നിയ സംഭവമാണിത്.

രമേശ് ചെന്നിത്തല ഇന്നു കാണിച്ചതുപോലുള്ള മനസ്സാക്ഷിയില്ലാത്ത പണിക്കു പോകാന്‍ പററാത്തതുകൊണ്ടുമാത്രമാണ് പോകാതിരുന്നത്. ചെന്നിത്തലയുടെ കാലത്താണ് ശ്രീജിത്തിന്റെ സഹോദരന്‍ കൊലചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ പോലീസാണ് എല്ലാം തേച്ചുമാച്ചുകളഞ്ഞതും. ഇക്കാര്യത്തില്‍ പിണറായിയെ കുറപ്പെടുത്തുന്നത് ന്യായവുമല്ല. ഇങ്ങനെ ഒരുപാടു കേസ്സുകള്‍ പോലീസ് കേരളത്തില്‍ തേച്ചുമാച്ചുകളഞ്ഞിട്ടുമുണ്ട്. എല്ലാ തെളിവുകളും നശിപ്പിച്ചുകളഞ്ഞ ശേഷം സി. ബി. ഐ അന്വേഷിക്കണമെന്നു പറയുന്നതിലും യുക്തിയില്ല. ഈ ഒററയാള്‍ സമരം കാണാതെ പോയതില്‍ ലജ്ജിക്കുന്നു. ശ്രീജിത്തിനോട് ഹൃദയത്തില്‍തൊട്ട് ക്ഷമ ചോദിക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം