ശുഹൈബ് വധം; കെ സുധാകരന്റെ നിരാഹാരസമരം അനിശ്ചിത കാലത്തേക്ക്

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ വധക്കേസിലെ യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരൻ നടത്തുന്ന നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് തുടരും. കേസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നും യഥാർഥ പ്രതികൾ ഒളിവിലാണെന്നും ചൂണ്ടിക്കാട്ടിയാണ് സമരം നീട്ടാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.

നേരത്തേ, 48 മണിക്കൂർ നിരാഹാര സമരമാണ് സുധാകരനും കോൺഗ്രസും പ്രഖ്യാപിച്ചിരുന്നത്. വ്യാഴാഴ്ച കണ്ണൂരിലെ കോൺഗ്രസ് ജനപ്രതിനിധികൾ യോഗം ചേരും. അതിനുശേഷമാകും ഭാവി പരിപാടികൾ തീരുമാനിക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം നടത്തുന്ന നാടകത്തിൽ പോലീസ് കൂട്ടുനിൽക്കുകയാണെന്നും, കോൺഗ്രസ് അതിന് നിന്നു കൊടുക്കില്ലെന്നും ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനിയും വ്യക്തമാക്കി.

കണ്ണൂരിൽ ബുധനാഴ്ച നടക്കാനിരിക്കുന്ന സർവകക്ഷി സമാധാന യോഗത്തിൽ യുഡിഎഫ് പങ്കെടുക്കരുതെന്ന് മുസ്ലീംലീഗും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയാണ് സമാധാന യോഗം വിളിക്കേണ്ടത്. ബുധനാഴ്ചത്തെ യോഗം പ്രഹസനമെന്നും ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം