ജിഷയ്ക്ക് നീതി തേടി കേരളം

perumbavoor-jishaഅതിക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനിയായ ജിഷയുടെ മരണവാര്‍ത്ത കേട്ട് വിറങ്ങലിച്ച് കേരളം. ഒരാഴ്ചയായിട്ടും അതിക്രൂരമായ ഈ കൊലപാതകത്തിനു പിന്നിലുള്ളവരെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. സംസ്ഥാനത്ത് മാത്രമല്ല രാജ്യമാകെ ജിഷയ്ക്ക് പിന്നില്‍ അണിനിരന്നു കഴിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ കൊല നടന്നത്.  കുറുപ്പംപടി വട്ടോളപ്പടി കനാല്‍ബണ്ട് റോഡില്‍ ജിഷ (30) യെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ സംഭവം പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളില്‍ മാത്രം ഒതുങ്ങുകയായിരുന്നു. സംഭവത്തോടുള്ള പൊലീസ് സമീപനവും നനഞ്ഞ മട്ടിലായിരുന്നു. കൊല്ലപ്പെട്ട് ആറാം ദിവസമാണ് ജിഷയുടെ കൊലപാതകം പുറംലോകമറിയുന്നത്. അതും നവമാധ്യമങ്ങളില്‍ പ്രതിഷേധം ആര്‍ത്തിരമ്പിയപ്പോള്‍. ‘ജസ്റ്റീസ് ഫോര്‍ ജിഷ’ എന്ന ഹാഷ്ടാഗുമായി ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവും നോവും പങ്കുവെച്ചു. പൈശാചികതയില്‍ നിര്‍ഭയ സംഭവത്തോട് സമാനത പുലര്‍ത്തുന്ന സംഭവം കഴിഞ്ഞ ദിവസം പാര്‍ലമെന്റിലെ ഇരുസഭകളിലും അലയൊലി ഉയര്‍ത്തി.

പ്രതിക്കൂട്ടില്‍ പോലീസ്

സംഭവത്തില്‍ പോലീസിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന ആരോപണം ശക്തിപ്പെടുന്നു. കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരി നിരവധി പരാതികളുമായി ഇതിന് മുന്‍പ് പോലീസിനെ സമീപിച്ചിരുന്നെങ്കിലും പോലീസ് നീതി കാട്ടിയിരുന്നില്ലായെന്ന് വ്യക്തമായിട്ടുണ്ട്. കൂടാതെ പോലീസിന്റെ ഭാഗത്ത് നിന്ന്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പ്രതിഷേധം തണുപ്പിക്കാനായി പ്രതികളെന്ന വ്യാജേനെ രണ്ട് പോലീസുകാരെ വേഷം കെട്ടിച്ച് കൊണ്ടുപോയതായും തെളിവുകള്‍ പോലീസ് നശിപ്പിച്ചതായും ആരോപണമുണ്ട്.

ഒടുവില്‍ ജിഷ കൊല്ലപ്പെട്ട വിവരം അറിഞ്ഞിട്ടും പോലീസിന്റെ അനാസ്ഥ തുടരുകയായിരുന്നുവെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇതിനെ തുടര്‍ന്ന് ജിഷയുടെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍ നിന്നും പെരുമ്പാവൂര്‍ ഡിവൈഎസ്പി അനില്‍കുമാറിനെ ഒഴിവാക്കി. പകരം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി  എ.ബി ജിജിമോനെ സംഘത്തില്‍ ഉള്‍പ്പെടുത്തി.

കൊല നടന്ന ദിവസം കുറുപ്പംപടി പോലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും രാത്രിയായതിനാല്‍ മഹസര്‍ തയാറാക്കിയില്ല. പട്ടിക ജാതി – വര്‍ഗ പീഡനനിരോധന നിയമം ബാധകമായിട്ടും അത്തരം നടപടി ക്രമങ്ങള്‍ പാലിക്കാതിരുന്നത് കേസ് ആദ്യം അന്വേഷിച്ച കുറുപ്പംപടി പോലീസിന്റെ ഗുരുതരമായ വീഴ്ചയായിരുന്നു.

മൃഗീയമായ രീതിയില്‍ ഒരു യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നിട്ട് അത് കളക്ടര്‍, ആര്‍ഡിഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല. അക്രമങ്ങള്‍ ഉണ്ടായാല്‍ അത് ഉടനെ ജില്ലാ ഭരണ കൂടത്തിന് റിപ്പോര്‍ട്ട് നല്‍കണമെന്നതാണ് നിയമം. എന്നാല്‍, ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കടുത്ത അനാസ്ഥ തന്നെയാണ് കാണിച്ചതെന്ന് ഉന്നത പോലീസ് നേതൃത്വം വിലയിരുന്നിയിട്ടുണ്ട്.

കുറുപ്പംപടി പോലീസ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയതിലും വീഴ്ച കണ്ടെത്തുകയായിരുന്നു. പി.ജി. വിദ്യാര്‍ഥിയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്ന ആരോപണത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൗരവമുള്ള കേസുകളുടെ പോസ്റ്റുമോര്‍ട്ട ദൃശ്യങ്ങള്‍ വീഡിയോ റെക്കോര്‍ഡിംഗ് വേണമെന്ന നടപടിയും പാലിച്ചില്ലെന്നാണ് മറ്റൊരു ആരോപണം. കേസിന്റെ തുടരന്വേഷണത്തിനും കൂടുതല്‍ തെളിവുകള്‍ വീഡിയോ റെക്കോര്‍ഡിംഗ് അത്യാവശ്യമായി വേണ്ടി വരും. ഇതു സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് കൈമാറും.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന ക്രൂരമായ കൊലപാതകം മാധ്യമങ്ങളുടെ ഇടപെടല്‍ മൂലം തിങ്കളാഴ്ചയാണ് പുറംലോകമറിയുന്നത്. ഇതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളും പ്രതികരണങ്ങളുമാണ് പോലീസിനെ പ്രതി കൂട്ടിലാക്കിയിരിക്കുന്നത്. സാധാരണ കൊലപാതക കേസായി കുറുപ്പംപടി പോലീസ് എഴുതി തള്ളിയ ജിഷയുടെ കൊല രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. കൂടാതെ കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രി തപര്‍ചന്ദ് ഗെഹ്ലോട്ട് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ വീട്ടിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷിക്കും. അതിനുശേഷം ഇന്നു ഉച്ചയ്ക്ക് ആലുവ പാലസില്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഉന്നത പോലീസ് ഉദ്യോഗസ്ഥരും കളക്ടറുമായി ചര്‍ച്ച നടത്തും.

എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവിനാണ് അന്വേഷണത്തിന്റെ പൂര്‍ണ ചുമതല. ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഇന്റലിജന്‍സ് ഡിവൈഎസ്പി ബിജോ അലക്‌സാണ്ടര്‍, കോഴിക്കോട് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സദാനന്ദന്‍, അഞ്ച് സിഐ, ഏഴ് എസ്‌ഐ എന്നിവരടങ്ങുന്ന 28 അംഗ സംഘം കേസന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ അനാസ്ഥ വെളിപ്പെട്ട സ്ഥിതിക്ക് എത്രയും വേഗത്തില്‍ പ്രതികളെ കണ്ടെത്താനുള്ള കര്‍ശന നിര്‍ദേശമാണ് ആഭ്യന്തര വകുപ്പ് നല്‍കിയിരിക്കുന്നത്.

ഞെട്ടിക്കുന്ന ക്രൂരത

നിയമവിദ്യാര്‍ഥിനിയായ ജിഷ പരീക്ഷയ്ക്കായുള്ള തയാറെടുപ്പിലായിരുന്നു. വീട്ടുജോലിക്കും മറ്റും പോയിരുന്ന അമ്മ രാജേശ്വരി വീട്ടിലില്ലാത്ത സമയത്താണ് ക്രൂരമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മ  കാണുന്നത് ക്രൂര പീഡനത്തിന് ഇരയായി ചേതനയറ്റ് കിടക്കുന്ന ജിഷയെ ആയിരുന്നു. ഞെട്ടിക്കുന്ന കാഴ്ച്ചയുടെ ആഘാതത്തിലാണ് ഇപ്പോഴും ആ അമ്മ. ജിഷയുടെ ദേഹത്ത് 30 ഓളം മുറിവുകളുണ്ടായിരുന്നതായാണ്  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തിനും മാറിടത്തിലുമേറ്റ മുറിവുകളും ജനനേന്ദ്രിയത്തിലേറ്റ ആഴമായ മുറിവുമാണ് മരണ കാരണമെന്ന് വ്യക്തം. കമ്പികൊണ്ടുള്ള കുത്തില്‍ ജനനേന്ദ്രിയവും മലദ്വാരവും ഒന്നിച്ചു. ഇതിലൂടെയാണ് വന്‍കുടന്‍ പുറത്ത് ചാടിയത്. മാരകായുധം കൊണ്ടാണ് ദേഹമാസകലം മുറിവേല്‍പ്പിച്ചത്. കമ്പിപ്പാരകൊണ്ടുള്ള കുത്താണ് ജനനേന്ദ്രിയത്തില്‍ ഏറ്റത്. ഈ കമ്പികൊണ്ട് തന്നെ തലയ്ക്കും തലയുടെ പിറകിലും അടിയേറ്റിട്ടുണ്ട്.

അമ്മയുടെ ഭയം

ഒടുവില്‍ അമ്മ ഭയന്നതുതന്നെ സംഭവിച്ചു. കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ ആരും തുണയില്ലാതെ ഒറ്റപ്പെട്ട് കഴിയുമ്പോള്‍ ജിഷയുടെ അമ്മയായ രാജേശ്വരിക്ക് ഭയമായിരുന്നു. തന്റെ മകളെ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ഭയം. അതിക്രൂരമായ പീഡനങ്ങള്‍ക്കിരയായി ജിഷ കൊല്ലപ്പെട്ടപ്പോള്‍ ആ അമ്മയുടെ പ്രാര്‍ഥനകള്‍ വിഫലമാകുകയായിരുന്നു. രാജേശ്വരിയുടെ ഭര്‍ത്താവ് ബാബു 25 വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് ഓടക്കാലി ചെറുകുന്നം ഭാഗത്ത് മാറി താമസിച്ച് വരികയാണ്.

ഭര്‍ത്താവ് ഉപേക്ഷിച്ചതിനു ശേഷം വിട്ടുജോലികള്‍ക്കുപോയി വളരെ കഷ്ടപെട്ടാണ് രണ്ട് പെണ്‍മക്കളെയും രാജേശ്വരി വളര്‍ത്തി വലുതാക്കിയത്. പഠനകാര്യങ്ങള്‍ക്കും അവര്‍ ഒരു കുറവും വരുത്തിയിരുന്നില്ല. ജിഷയുടെ ചേച്ചിയുടേത് പ്രണയവിവാഹമായിരുന്നു. എന്നാല്‍ കുഞ്ഞുണ്ടായതിനു ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ചുപോവുകയായിരുന്നു. ഇത് രാജേശ്വരിയെ മാനസികമായി തളര്‍ത്തിയിരുന്നു. അതിനുശേഷമാണ് രാജേശ്വരിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഇളയമകള്‍ക്കും അതുപോലൊരവസ്ഥ ഉണ്ടാകുമോ എന്ന് അവര്‍ ഭയപ്പെട്ടു. അതുകൊണ്ടുതന്നെ പുറമ്പോക്കിലെ തന്റെ വീട്ടിലേക്ക് നോക്കുന്നവരെ പോലും അസഭ്യം പറയുമായിരുന്നു രാജേശ്വരി. ജിഷയെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന് രാജേശ്വരി ഭയന്നിരുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം