സിനിമ മേഖലയില്‍ വിവാദങ്ങള്‍ കൊഴുക്കുന്നു; വനിതാ സംഘടനയെ പരോക്ഷമായി പരിഹസിച്ച് ജൂഡ് ആന്റണി

കോഴിക്കോട്: മലായാള സിനിമയിലെ വനിതകളുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ പരോക്ഷമായി പരിഹസിച്ച് സംവിധായകനും നടനുമായ ജൂഡ് ആന്റണി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ജൂഡിന്റെ പരിഹാസം.

‘ഇവിടെ വീടിന്റെ അടുത്ത് കേബിള്‍ പണിക്കാര്‍ ഒരു പോസ്റ്റ് കുഴിച്ചു ഇന്നലെ. ഇന്ന് രാവിലെ അത് കാണാനില്ല. ഒരു പോസ്റ്റും പോലും ഉറപ്പായി നിര്‍ത്താന്‍ അറിയാത്ത ഇവരൊക്കെ എന്ത് കേബിള്‍ ടിവി. ഇതിലും ഭേദം റേഡിയോ ആണ്.’ എന്നായിരുന്നു ജൂഡിന്റെ പോസ്റ്റ്. ഡബ്ല്യൂ.സി.സി പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും പരോക്ഷമായി സംഘടനയെ കളിയാക്കുന്നതാണ് പോസ്റ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ, കസബ വിവാദവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനം ഫേയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തതിന് വിമര്‍ശനം ശക്തമായതോടെ പോസ്റ്റ് പേജില്‍ നിന്നും ഡബ്ല്യൂ.സി.സി നീക്കം ചെയ്തിരുന്നു.

ഇന്നലെ വൈകിട്ട് ഷെയര്‍ ചെയ്ത ലേഖനത്തിനെതിരെയുള്ള പ്രതികരണങ്ങള്‍ കടുത്ത ഭാഷയിലായതോടെയാണ് നീക്കം ചെയ്യേണ്ടിവന്നത്. സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ സംഘടനയുടെ ഈ നീക്കം തരംതാഴ്ന്ന പ്രവര്‍ത്തിയായിപ്പോയെന്ന് പറഞ്ഞ് രംഗത്തുവരികയായിരുന്നു.

ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്ന ലേഖനമാണ് പുതുവര്‍ഷദിവസം ആശംസകളോടൊപ്പം സ്വന്തം പേജില്‍ സംഘടന ഷെയര്‍ ചെയ്തത്. 2017 എന്നത് സിനിമാലോകത്തിന് വളരെ അര്‍ത്ഥവത്തായ വര്‍ഷമായിരുന്നു. മലയാളസിനിമയെ സംബന്ധിച്ചടത്തോളം ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വര്‍ഷമായിരുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും തുല്യതയും ഉറപ്പുവരുത്തുന്ന രീതിയിലാകട്ടെ ആ ഉയര്‍ത്തെഴുന്നേല്‍പ്പും വിമര്‍ശനങ്ങളും ചെന്നെത്തേണ്ടതെന്ന് ഞങ്ങള്‍ ആശംസിക്കുന്നു’ ഈ അടികുറിപ്പോടെയാണ് വനിതാ സംഘടന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്.

ഇതോടെ പ്രേക്ഷകരും ആരാധകരും വനിതാ സംഘടനയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി എത്തി. പാര്‍വതി വിഷയത്തില്‍ എത്രയോ മാന്യമായും സമചിത്തതയോടുമാണ് മമ്മൂട്ടി പ്രതികരിച്ചതെന്നും അതിനു ശേഷവും വുമണ്‍ കളക്ടീവ് തുടരുന്ന നിലപാട് അപഹാസ്യമാണെന്നുമായിരുന്നു നടന്‍ അനില്‍ കുമാറിന്റെ പ്രതികരണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം