മീഡിയ വണ്‍ ചാനല്‍ അവതാരകന്‍ നിതിന്‍ ദാസിന്‍റെ മരണം; ഫേസ്ബുക്ക് പോസ്റ്റുകളെ ചുറ്റിപ്പറ്റി പോലീസ് അന്വേഷണം

അതിനിടെയാണ് നിതിന്‍ ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകളെ ചുറ്റിപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചത്. അതില്‍ നിന്നും നിതിന്‍ ദാസിന് ഒരു പെണ്‍കുട്ടിയോട് പ്രണയമുണ്ടെന്ന് മനസിലാക്കാന്‍ പോലീസിന് കഴിഞ്ഞു. അത് തകര്‍ന്നതാകാം ഒരു പക്ഷെ നിതിന്‍ ദാസിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും പോലീസ് സംശയിക്കുന്നു.

പ്രണയം ബ്രേക്കപ്പായി എന്നു തുറന്നു പറയുന്ന പോസ്റ്റ് നവംബര്‍ ഒന്നാം തീയതിയാണ് നിതിന്‍ ഫേസ്ബുക്കിലിട്ടത്. പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്;

‘ലക്ഷ്യം കാണാതെ പോയ യാത്രകള്‍ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകുമല്ലോ. അതുപോലൊരു യാത്രയിലായിരുന്നു ഞാനും…! ഇടക്ക് മനസ് കൈവിട്ട് കുറേ ദൂരം മുന്നോട്ട് പോയി…! അതാ കുറച്ച് ദിവസം കാണാതിരുന്നത്. വല്യ സാഹിത്യമൊന്നും വേണ്ടല്ലേ…! സിംപിളായി പറയാം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരു പ്രണയം ഉണ്ടായിരുന്നു. ഇച്ചിരെ കോംപ്ലിക്കേറ്റഡ് ആയ റിലേഷന്‍ഷിപ്. ഇപ്പൊ അന്തസായി അതങ്ങ് പൊട്ടി. നല്ല ആശ്വാസം. 🙂 ഹാ, ഇനി വേണം അടുത്തത് തുടങ്ങാന്‍… അപേക്ഷകള്‍ ക്ഷണിക്കുന്നു’. ഇതായിരുന്നു പോസ്റ്റ്.

പ്രണയം തകര്‍ന്നത് നിതിനെ മാനസികമായി വല്ലാതെ തളര്‍ത്തി എന്ന് ഈ പോസ്റ്റ് വായിക്കുന്ന ആര്‍ക്കും മനസിലാകും. അതിലുള്ള പ്രയാസം പുറത്തുകാട്ടാതെ അത് ഹാസ്യരൂപേണ അവതരിപ്പിക്കുകയായിരുന്നു എന്നും വ്യക്തമാണ്. നവംബര്‍ നാലാം തീയതിയിലെ നിതിന്റെ അവസാന പോസ്റ്റില്‍ ‘ ചില യാത്രകള്‍ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കും. ഒറ്റക്കായിരുന്നാലും’…! എന്നാണ് പറഞ്ഞിരുന്നത് .

എന്നാല്‍ അടുത്ത സുഹൃത്ത് വലയമൊന്നുമില്ലാതിരുന്ന നിതിന്‍ പ്രണയനഷ്ടത്തെ കുറിച്ച് അധികമാരോടും പറഞ്ഞിരുന്നില്ലെന്നാണ് സൂചന. അതുകൊണ്ടുതന്നെ ഫേസ്ബുക്കില്‍ പറഞ്ഞ കാര്യങ്ങള്‍ക്കപ്പുറത്തൊന്നും ആര്‍ക്കും അറിയുകയുമില്ലായിരുന്നു. ആത്മഹത്യ ചെയ്ത ദിവസം വൈകുന്നേരം ചാനലില്‍ വാര്‍ത്ത വായിക്കേണ്ടിയിരുന്നത് നിതിനായിരുന്നു. എന്നാല്‍ സമയമായിട്ടും ഓഫീസില്‍ എത്താതിരുന്നതോടെയാണ് സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തിയത്. സാധാരണം അവധി എടുക്കുന്നുണ്ടെങ്കില്‍ അക്കാര്യം എല്ലാവരേയും അറിയിച്ചാണ് നിതിന്‍ പോകാറുള്ളത്. എന്നാല്‍ പതിവില്ലാതെ ഓഫീസിലെത്താന്‍ വൈകിയപ്പോള്‍ സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പ്രതികരിക്കാതിരുന്നതോടെയാണ് വീട്ടിലെത്തിയത്.

റഹ്മാനിയ സ്‌കൂളിന് സമീപത്തുള്ള കെഎം അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചായിരുന്നു നിതിന്റെ താമസം. സുഹൃത്തുക്കള്‍ അന്വേഷിച്ച് ചെന്നപ്പോള്‍ വാതില്‍ അടച്ച നിലയിലായിരുന്നു. ഫോണില്‍വിളിച്ചപ്പോള്‍ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ എടുക്കുന്നില്ല. ഇതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് എത്തി വീടിന്റെ വാതില്‍ തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രണയനൈരാശ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. എറണാംകുളം തോപ്പും പടിയിലുള്ള ചുള്ളിക്കല്‍തോപ്പില്‍ വേലായുധന്റേയും പത്മിനിയുടേയും മകനാണ്. വിപിന്‍ ദാസാണ് സഹോദരന്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം