ഉത്തരവു കിട്ടിയിട്ടില്ലെന്ന് സിബിഐ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: തൃശൂർ പാമ്പാടി നെഹ്‌റു കോളജ് വിദ്യാർഥി ജിഷ്ണുവിന്റെ ആത്മഹത്യ സംബന്ധിച്ച കേസ് സിബിഐക്കു വിട്ടുകൊണ്ടുള്ള കേരളത്തിന്റെ ഉത്തരവു കിട്ടിയിട്ടില്ലെന്ന് സിബിഐ സുപ്രീം കോടതിയിൽ.

അതിനാൽ അന്വേഷണ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ സിബിഐ ഉത്തരവിട്ടില്ലെങ്കിൽ സ്വന്തം നിലയ്ക്ക് ഉത്തരവിടുമെന്നു സുപ്രീം കോടതി അറിയിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

ജിഷ്‌ണു പ്രണോയിയുടെ മരണവും ഷഹീർ ഷൗക്കത്തലിയെന്ന വിദ്യാർഥിക്കു മർദനമേറ്റതും സംബന്ധിച്ച കേസുകളിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ സിബിഐയോടും സംസ്ഥാന സർക്കാരിനോടും കോടതി നേരത്തെ നിർദേശിച്ചിരുന്നു. ജനുവരി ആറിനു വൈകിട്ടാണു ജിഷ്ണു പ്രണോയിയെ കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

കോപ്പിയടിച്ചെന്ന ആരോപണം കെട്ടിച്ചമച്ചു ചെയർമാനും കോളജ് അധ്യാപകരും ചേർന്നു പീഡിപ്പിച്ചെന്നും പിആർഒ: സഞ്ജിത്തിന്റെ മുറിയിൽ നിന്നിറങ്ങി വരുമ്പോൾ ചുണ്ടിൽ ചോര പൊടിയുന്നുണ്ടായിരുന്നെന്നും വ്യക്തമാക്കി ബന്ധുക്കൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. വ്യക്തമായ പരാതിയുണ്ടായിട്ടും അഞ്ചുപേരെ പ്രതിയാക്കി കേസെടുത്തതു 41–ാം ദിവസം ഫെബ്രുവരി 15ന് ആണ്. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ്, വൈസ് പ്രിൻസിപ്പൽ എൻ.കെ.ശക്തിവേൽ, അസി. പ്രഫ. സി.പി.പ്രവീൺ, പിആർഒ: സഞ്ജിത് വിശ്വനാഥൻ, അസി. പ്രഫ. ദിപിൻ എന്നിവരെ പ്രതികളാക്കിയായിരുന്നു കേസ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം