ജിഷയുടെ മരണം; സര്‍ക്കാര്‍ ആനുകൂല്യത്തിന്‍റെ പേരില്‍ അമ്മയും സഹോദരിയും തമ്മില്‍ തല്ല്; പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്

പെരുമ്പാവൂരില്‍ ക്രൂരമായ ബലാത്സംഗത്തിനു ഇരയായ ജിഷയുടെ അമ്മയും സഹോദരിയും തമ്മില്‍ തല്ല്. പിടിച്ചു മാറ്റാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയ്ക്കു പരിക്ക്ജിഷയുടെ പേരില്‍ കുടുംബത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ അവകാശവാദം ഉന്നയിച്ചാണ് തല്ല്. ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും തമ്മിലുണ്ടായ തര്‍ക്കവും വാക്കേറ്റവും തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കോതമംഗലം സ്വദേശിനിയായ പോലീസ് ഉദ്യോഗസ്ഥയുടെ നടുവിന് പരിക്കേറ്റത്.

    മണിക്കൂറുകള്‍ നീണ്ട വാക്കേറ്റത്തിനു ശേഷമാണ് കൈയാങ്കളി തുടങ്ങിയത്. രാജേശ്വരിയെ കസേരയ്ക്ക് അടിക്കുന്നതു കണ്ട് പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ പുറത്ത് അടി കൊള്ളുകയായിരുന്നു. തുടര്‍ന്ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും ചികില്‍സ തേടി. ആനുകൂല്യങ്ങളെ ചൊല്ലി മിക്കവാറും അമ്മയും മകളും തമ്മില്‍ വഴക്കായിരുന്നു. ദീപയ്ക്ക് ജോലി ലഭിച്ചപ്പോള്‍ ആ ജോലി രാജേശ്വരിക്കു വേണമെന്നു വാശിപിടിച്ചിരുന്നു. ജിഷയുടെ പേരില്‍ ദീപയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കരുതെന്നും അമ്മ ഉദ്യോഗസ്ഥരോടു പറയുകയുണ്ടായി. ജിഷയുടെ മരണത്തെ തുടര്‍ന്നു ലക്ഷക്കണക്കിനു രൂപയാണ് രാജേശ്വരിക്ക് ലഭിച്ചത്. ഈ തുകയുടെ അവകാശത്തെ ചൊല്ലി പിതാവ് പാപ്പുവും കോടതിയെ സമീപിച്ചു. ജിഷ കൊല്ലപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മൂത്ത മകള്‍ക്കു ജോലി നല്‍കുകയും 10 ലക്ഷത്തിന്റെ സാമ്പത്തിക സഹായവും വീട് നിര്‍മിച്ചുനല്‍കുകയും ചെയ്തു. ഇതുകൂടാതെ ലക്ഷക്കണക്കിന് രൂപ പല വ്യക്തികളും സംഘടനകളും നല്‍കുകയും ചെയ്തു. പിതാവായ തനിക്കും ഇതില്‍ അവകാശമുണ്ടെന്നാണ് പാപ്പുവിന്റ വാദം. പട്ടികജാതിക്കാരനായ തന്റെ മേല്‍വിലാസത്തില്‍ ലഭിച്ച സഹായങ്ങള്‍ ഇവര്‍ ആര്‍ഭാട ജീവിതത്തിന് ഉപയോഗിക്കുകയാണെന്ന് പാപ്പു നേരത്തെതന്നെ വെളിപ്പെടുത്തിയിരുന്നു.

ജിഷയുടെ കൊലപാതകത്തെത്തുടര്‍ന്ന് സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചിരുന്നു. ജിഷയുടെ അമ്മയ്ക്കു മാസത്തില്‍ 5000 രൂപ വീതം പെന്‍ഷനും അനുവദിച്ചു. എല്ലാ സഹായങ്ങളും ഉണ്ടായിട്ടും സ്വന്തം മകളുടെ മരണത്തിന് വിലയിട്ട് പണത്തിനു വേണ്ടി അമ്മയും സഹോദരിയും തമ്മില്‍ തല്ലുന്നത് നിര്‍ഭാഗ്യകരമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം