ദളിത്‌ യുവതിയെ തീകൊളുത്തിക്കൊന്ന സംഭവം;മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു

തൃശൂര്‍: വെള്ളിക്കുളങ്ങരയില്‍ ദളിത്‌  യുവതിയെ ഭര്‍ത്താവ് തീകൊളുത്തിക്കൊന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. ജില്ലാ പൊലീസ് മേധാവി മൂന്നാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ സ്ഥലം നേരില്‍ സന്ദര്‍ശിച്ചും റിപ്പോര്‍ട്ട് നല്‍കണം.

അതേസമയം, മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആരും സഹായിച്ചില്ലെന്ന് കൊല്ലപ്പെട്ട ജീതുവിന്റെ അച്ഛന്‍ ജനാര്‍ദ്ദനന്‍ ആരോപണവുമായി രംഗത്തെത്തി.

ദലിത് യുവതിയായ ജീത്തുവിനെ ഭര്‍ത്താവ് ആള്‍ക്കൂട്ടത്തിന് മുന്നില്‍ തീകൊളുത്തി കൊന്നത്. ഭര്‍ത്താവ് വിരാജ് ഒളിവിലാണ്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയാണ് യുവതി മരിച്ചത്.

മകളെ രക്ഷിക്കുന്നതിനായി കൂടി നിന്നവരോട് യാചിച്ചു. എന്നാല്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ എല്ലാവരും കാഴ്ചക്കാരായി. പൊള്ളലേറ്റ ജീതുവിനെ ഓട്ടോറിക്ഷയില്‍ കയറ്റാന്‍ പോലും ആരും സഹായിച്ചില്ലെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു.

കുടുംബശ്രീ യോഗത്തിനിടെയാണ് കൊലപാതകം നടന്നത്. പഞ്ചായത്തംഗം ഉള്‍പ്പെടെ സാക്ഷിയായിരുന്നു. ആശുപത്രിയിലെത്തിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരോ നാട്ടുകാരോ ശ്രമിച്ചില്ല.

വിരാജിനും ജീതുവിനുമിടയില്‍ ചില കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായി പറയുന്നു. വിവാഹമോചന നടപടികള്‍ തുടരുന്നതിനിടെയാണു കൊലപാതകം. വായ്പത്തുക കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ജീതുവിനെ കുടുംബശ്രീ യോഗം ചര്‍ച്ചയ്ക്കായി വിളിപ്പിച്ചിരുന്നു.

ഇതിനിടെ സ്ഥലത്തെത്തിയ വിരാജ് ജീതുവിന്റെ ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. എന്നാല്‍ ഇതുകണ്ടു കൊണ്ട് നിന്നവരാരും തടയാനോ യുവതിയെ രക്ഷിക്കാനോ മുന്നോട്ട് വന്നില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം