ജയലളിതയുടെ മരണം; മൂന്നുപേര്‍ ജീവനൊടുക്കി

By | Tuesday December 6th, 2016

Chennai: Tamil Nadu Chief Minister J Jayalalithaa during the 70th Independence Day function at Fort St George in Chennai on Monday. PTI Photo by R Senthil Kumar (PTI8_15_2016_000240B)

ചെന്നൈ: ജയലളിതയുടെ മരണത്തെത്തുടർന്ന് തമിഴ്നാട്ടിൽ മൂന്നുപേർ ജീവനൊടുക്കി. വേലൂർ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രൻ എന്നിവരാണ് ജീവനൊടുക്കിയത്.അതേസമയം ജെ.ജയലളിതയുടെ സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. ചെന്നൈയിലെ മെറീന ബീച്ചിലാണ് ജയക്ക് അന്ത്യവിശ്രമമൊരുക്കുക.

ഇന്നലെ രാത്രി 11.30 യോടുകൂടിയാണ് ജയലളിത മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നല്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകിട്ട് ജയലളിത മരിച്ചതായി തമിഴ് ചാനലുകളിൽ വാർത്ത വന്നിരുന്നെങ്കിലും ഇത് നിഷേധിച്ച് ആശുപത്രി അധികൃതർ രംഗത്തെത്തിയിരുന്നു. നിര്യാണത്തെത്തുടർന്നു തമിഴ്നാട്ടിലെങ്ങും അതീവ ജാഗ്രത പുലർത്തിവരികയാണ്. രണ്ടര മാസത്തോളമായി ആശുപത്രിയിൽ കഴിയുന്ന ജയലളിത ആരോഗ്യനില വീണ്ടെടുക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. അപ്പോളോ ആശുപത്രിക്കു മുന്നിൽ പ്രാർഥനകളോടെ അണ്ണാ ഡിഎംകെ പ്രവർത്തകർ ഉൾപ്പെടെ ആയിരങ്ങൾ തടിച്ചുകൂടിയിട്ടുണ്ട്. പനിയും നിർജലീകരണവും മൂലം സെപ്റ്റംബർ 22ന് ആണു ജയലളിത(68)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ അണുബാധയ്ക്ക് യുകെ, സിംഗപ്പൂർ, ഡൽഹി എയിംസ് എന്നിവിടങ്ങളിൽനിന്നു വിദഗ്ധ ഡോക്ടർമാർ അപ്പോളോ ആശുപത്രിയിലെത്തി ചികിത്സ നല്കിയിരുന്നു. ജയലളിത സുഖപ്പെട്ടുവെന്നും ആശുപത്രിയിൽനിന്ന് എപ്പോൾ ഡിസ്ചാർജ് ആകണമെന്നു ജയലളിതയ്ക്കു തീരുമാനിക്കാമെന്നും അപ്പോളോ ആശുപത്രി എംഡി പ്രതാപ് സി. റെഡ്ഡി വ്യക്‌തമാക്കിയിരുന്നു. ഏതാനും ദിവസം മുമ്പ് പാർട്ടി പ്രവർത്തകർക്കു ജയലളിത സന്ദേശമയച്ചിരുന്നു. 1948 ഫെബ്രുവരി 24നു കർണാടകയിലെ മാണ്ഡ്യയിലായിരുന്നു ജയലളിതയുടെ ജനനം. 1961ൽ സിനിമാ അഭിനയരംഗത്തെത്തിയ ജയലളിത 140ഓളം സിനിമകളിൽ അഭിനയിച്ചു. നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന എം.ജി. രാമചന്ദ്രനാണ് ജയലളിതയെ രാഷ്ട്രീയത്തിലേക്കു കൈപിടിച്ചുയർത്തിയത്. 1984ൽ ജയലളിത രാജ്യസഭാംഗമായി. ഇംഗ്ലീഷിലുള്ള ജയലളിതയുടെ വാക്ചാതുര്യമായിരുന്നു എംജിആറിനെ ഈ തീരുമാനത്തിനു പ്രേരിപ്പിച്ചത്. എംജിആറിന്റെ നിര്യാണത്തെത്തുടർന്ന് അണ്ണാ ഡിഎംകെയുടെ നേതൃത്വം ജയലളിതയ്ക്കായി. ജയലളിത 1989ൽ ബോഡിനായ്ക്കന്നൂരിൽനിന്നു നിയമസഭയിലേക്കു മത്സരിച്ചു വിജയിച്ചു. അണ്ണാ ഡിഎംകെ 27 സീറ്റ് നേടി. തമിഴ്നാടിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രതിപക്ഷനേതാവ് പദവിയിൽ ജയലളിത എത്തി. രണ്ടു വർഷത്തിനകം ജയലളിത സംസ്‌ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രിയായി. 2001ലും 2011ലും 2016ലും മുഖ്യമന്ത്രിപദം ജയലളിതയെ തേടിയെത്തി.

jayalalitha-death   കേസുകളെത്തുടർന്ന് രണ്ടു തവണ മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നെങ്കിലും പൂർവാധികം ശക്‌തിയോടെ തിരിച്ചെത്തി. ഒ. പനീർസെൽവമായിരുന്നു രണ്ടു തവണയും പകരം മുഖ്യമന്ത്രിയായത്. ജയലളിത ആശുപത്രിയിലായതിനെത്തുടർന്ന് മന്ത്രിസഭായോഗങ്ങളിൽ അധ്യക്ഷത വഹിക്കുന്നത് പനീർസെൽവമാണ്. എംജിആറിനു ശേഷം ആദ്യമായാണ് ഒരു മുഖ്യമന്ത്രി അധികാരം നിലനിർത്തിയത്. പ്രധാന എതിരാളികളായ ഡിഎംകെയിലെ ഭിന്നതയും ജയലളിതയ്ക്കു തുണയായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 39ൽ 37 സീറ്റുകളും നേടിയ അണ്ണാ ഡിഎംകെ മൂന്നാമത്തെ വലിയ കക്ഷിയായി. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരുമായി ജയലളിത തികഞ്ഞ സൗഹൃദത്തിലായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം