സിനിമയില്‍ മാത്രമല്ല ജീവിതത്തിലും എം.ജി.ആറിന്‍റെ നായികയാകാന്‍ കൊതിച്ചു; അച്ഛനാകാന്‍ പ്രായമുള്ളയാളോടുള്ള ജയയുടെ പ്രേമം പക്വതയില്ലാത്ത പ്രായത്തിന്‍റെ ഭ്രമമെന്നു കരുതി; പക്ഷെ തിരുത്തിയില്ല

By | Tuesday December 6th, 2016

jayalithaസിനിമയില്‍ മാത്രമല്ല ജീവിതത്തിലും ജയലളിത എം.ജി ആറിന്‍റെ നായികയാകാന്‍ കൊതിച്ചിരുന്നു. പക്ഷെ അച്ഛനാകാന്‍ പ്രായമുള്ളയാളോടുള്ള ജയയുടെ പ്രേമം പക്വതയില്ലാത്ത പ്രായത്തിന്‍റെ ചാപല്യമെന്ന് കരുതിയെങ്കിലും ജയയെ എം.ജി.ആര്‍ തിരുത്തിയില്ല. തമിഴ് സിനിമാ ലോകത്തെ സൂപ്പര്‍ നായികാ പദവിയിലേക്ക് എം.ജിയാറാണ് കൈപിടിച്ചുയര്‍ത്തിയത്. പിന്നീട് തമിഴകത്തിന്റെ മുഖ്യമന്ത്രി പദത്തില്‍ വരെ എത്തിച്ചു. 17 മത്തെ വയസ്സിലാണ് ആയിരത്തില്‍ ഒരുവനില്‍ ജയലളിത എം.ജി.ആറിന്റെ നായികയാകുത്. അന്ന് എം.ജി.ആറിന്റെ പ്രായം 52.
  തന്റെ മോഹവലയത്തില്‍ ജയലളിതയെ നിര്‍ത്തിയതല്ലാതെ വിവാഹം കഴിക്കാന്‍ എം.ജി.ആര്‍ തയ്യാറായിരുന്നില്ല. കുടുംബവും കുട്ടികളുമായി ജീവിക്കുന്നയാളായിരുന്നു അദ്ദേഹം. തമിഴ്നാട് മുഖ്യമന്ത്രിയായി എം.ജി.ആര്‍ അധികാരമേറ്റപ്പോഴും വിവാഹത്തിനായി ജയലളിത നിരന്തരസമ്മര്‍ദ്ദം നടത്തി. പരസ്യമായ രഹസ്യബന്ധം നിയമപരമാക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. 1983ല്‍ എം.ജി.ആര്‍ വീണ്ടും മുഖ്യമന്ത്രിയായി. മൂകാംബികയില്‍ വെച്ച്‌ വിവാഹം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എം.ജി.ആറിന്റെയും ജയയുടെയും അടുത്ത സുഹൃത്തായ ശോലയോട് ഇക്കാര്യം പറഞ്ഞിരുന്നു. വിവാഹത്തിന് പോകാന്‍ ശോലയെ ക്ഷണിച്ചു. എന്നാല്‍ ഏതാനും നിമിഷങ്ങള്‍ക്കകം ശോലയെ എം.ജി.ആര്‍ ഫോണില്‍ വിളിച്ചു; ‘ ഞാന്‍ നാളെ മദ്രാസിലുണ്ടാവില്ല, പൊയസ് ഗാര്‍ഡനില്‍ (ജയയുടെ വീട്) പോയി ജയയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കണം’ അദ്ദേഹം നിര്‍ദ്ദേശിച്ചു. അടുത്ത ദിവസം ശോല പൊയസ് ഗാര്‍ഡനില്‍ ചെല്ലുമ്ബോള്‍ ജയലളിത പതിവിലും സന്തോഷവതിയായിരുന്നു. ‘ എനിക്ക് പ്രിയപ്പെട്ട ഒരാളിപ്പോ വരും, അതിന് ശേഷം നമുക്കൊരിടം വരെ പോകണമെന്നും ‘ ജയലളിത പറഞ്ഞു. ഉച്ചവരെ കാത്തിരുന്നു. എം.ജി.ആര്‍ ഭാര്യ ജാനകിക്കൊപ്പം എവിടെയോ പോയതായി ശോലയ്ക്ക് അറിയാമായിരുന്നു. പക്ഷെ, പറഞ്ഞില്ല. വെസ്റ്റ് എക്സ്പ്രസ് ട്രെയിനിലാണ് മൂവരും മൂകാംബികയില്‍ പോകാനിരുന്നത്. ട്രെയിനിന്റെ സമയം കഴിഞ്ഞപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ട വിവരം പാവം ജയലളിത മനസിലാക്കിയത്. അതോടെ എം.ജി.ആറിനെ ഫോണില്‍ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും നടന്നില്ല. കുപിതയായ ജയ പൂക്കൂടകളും വസ്ത്രങ്ങളും പാത്രങ്ങളും എറിഞ്ഞുടച്ചു. ‘വിവാഹം കഴിക്കണമെന്ന് ജയ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ സമ്മതം മൂളിയിരുന്നെന്നും’ എം.ജി.ആര്‍ പിന്നീട് ശോലയോട് തുറന്ന് പറഞ്ഞിരുന്നു. പക്ഷെ, ജയയുടെ പ്രേമം പക്വതയില്ലാത്ത പ്രായത്തില്‍ ഏതൊരു പെണ്ണിനും തോന്നുന്ന ഇന്‍ഫാക്ച്യുവേഷന്‍ ആണെന്നാണ് എം.ജി.ആര്‍ കരുതിയത്.
jaya   ജയയുടെ മനസില്‍ അന്നും ഇന്നും പുരുഷനായി എം.ജി.ആര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരുതരത്തില്‍ പറഞ്ഞാല്‍ ജയലളിതയെ എം.ജി.ആര്‍ പറ്റിക്കുകയായിരുന്നു. പത്രപ്രവര്‍ത്തകയായ വാസന്തി ജയലളിതയെക്കുറിച്ച്‌ എഴുതിയ ‘അമ്മ’ എന്ന പുസ്തകത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എം.ജി.ആറിന്റെ നായികയായി ജയലളിത ആദ്യം അഭിനയിച്ചത് ആയിരത്തില്‍ ഒരുവനിലാണ്. ചിത്രത്തില്‍ ആദ്യരാത്രിയാണ് ആദ്യം എടുത്ത സീന്‍. തന്റെ മുന്നില്‍ ഭയന്ന് നില്‍ക്കുന്ന കൗമാരക്കാരിയെ വളരെ പ്രയാസപ്പെട്ടാണ് എം.ജി.ആര്‍ കൂളാക്കിയത്. ഒരു നീണ്ട ആത്മബന്ധത്തിന്റെ തുടക്കം അവിടെയാണ് ആരംഭിച്ചത്. ചിത്രം സൂപ്പര്‍ഹിറ്റായതോടെ ഇരുവരും ജോഡികളാക്കാന്‍ സംവിധായകരും നിര്‍മാതാക്കളും പാഞ്ഞ് നടന്നു. പുന്തുലു എന്ന സംവിധായകനാണ് ജയലളിതയെ ആയിരത്തില്‍ ഒരുവനിലേക്ക് കാസ്റ്റ് ചെയ്തത്. ഒരു ദിവസം തന്റെ പുതിയ നായികയെ കാണാന്‍ എം.ജി.ആര്‍ ജയലളിത അഭിനയിച്ച സിനിമയുടെ സെറ്റില്‍ ചെല്ലുകയായിരുന്നു. അദ്ദേഹത്തെ കണ്ട് ജയ കൈ കൂപ്പി. തന്റെ മുന്നില്‍ നില്‍ക്കുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കണ്ട് എം.ജി.ആര്‍ അന്തിച്ചു. എം.ജി.ആറും ജയയും തമ്മിലുള്ള അടുപ്പം ക്രമേണ തെന്നിന്ത്യന്‍ സിനിമയില്‍ കാട്ടുതീ പോലെ പടര്‍ന്നു. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്ന ജയലളിതയെ പോലൊരാള്‍ എം.ജി.ആറിന്റെ കൈകളിലായാല്‍ ഭാവിയില്‍ പ്രശ്നങ്ങളുണ്ടാകുമെന്ന് പലരും കരുതി. എം.ജി.ആറിന്റെ ഉറ്റസുഹൃത്തും നിര്‍മാതാവുമായ ആര്‍.എം വീരപ്പന്‍ എം.ജി.ആറിനോട് ജയയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ, അദ്ദേഹം വകവെച്ചില്ലെന്ന് മാത്രമല്ല വീരപ്പന് ഡേറ്റ് നല്‍കാതെയായി. തന്റെ ചിത്രങ്ങളിലെല്ലാം ജയയെ നായികയുമാക്കി. ആ സിനിമകളെല്ലാം തിയേറ്ററുകളെ തിരുവിഴയാക്കി (പൂരം). അടിമപ്പെണ്‍ എന്ന സിനിമ രാജസ്ഥാനിലെ താര്‍ മരുഭൂമിയിലാണ് ചിത്രീകരിച്ചത്. ചുട്ട് പൊള്ളുന്ന മണലില്‍ ജയയുടെ പാദങ്ങള്‍ പഴുത്തു. ഇത് മനസിലാക്കിയ എം.ജി.ആര്‍ പാക്കപ്പ് പറഞ്ഞു. കാറിനടുത്തേക്ക് നടന്ന് പോയ ജയ കുഴഞ്ഞ് വീഴും മുമ്ബ് എം.ജി.ആര്‍ കോരിയെടുത്തു. ‘ ഞാന്‍ പറയാതെ തന്നെ ഞാനനുഭവിച്ച വേദന അദ്ദേഹം മനസിലാക്കി. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും അദ്ദേഹം ഹീറോയായിരുന്നു’. എന്നാണ് പിന്നീട് ഒരഭിമുഖത്തില്‍ ജയലളിത പറഞ്ഞത്. അമ്മയുടെ മരണ ശേഷം താന്‍ അനാഥയാണെന്നാണ് ജയ വിശ്വസിച്ചത്. അമ്മയിമാര്‍ക്ക് തന്റെ സ്വത്തിലാണ് കണ്ണെന്ന് അവര്‍ മനസിലാക്കിയിരുന്നു.
  mgrസിനിമകളില്‍ രാപ്പകലില്ലാതെ ജയലളിത അഭിനയിക്കുന്നതിനിടെ സ്വന്തം ശരീരം നോക്കാന്‍ പോലും പറഞ്ഞു. അങ്ങനെ സംവിധായകരുടെ നിര്‍ദ്ദേശ പ്രകാരം താരം ഡയറ്റിംഗിലായി. ഇന്നത്തെ പോലെ അന്ന് ഡയറ്റീഷ്യനോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ താരം വീട്ടില്‍ പട്ടിണി കിടന്നു. രണ്ടാം നാള്‍ കുഴഞ്ഞ് വീണു. ഇതറിഞ്ഞ എം.ജി.ആര്‍ പാഞ്ഞെത്തി. എന്നാല്‍ ഈ സമയം ആര് അലമാരയുടെ താക്കോല്‍ കൈവശം വയ്ക്കും എന്ന് പറഞ്ഞ് അമ്മായിമാര്‍ കലഹിക്കുന്നതാണ് അദ്ദേഹം കണ്ടത്. ഉടന്‍ തന്നെ താക്കോല്‍ വാങ്ങി ജയയെയും കൂട്ടി ആശുപത്രിയിലേക്ക് പാഞ്ഞു. സുഖംപ്രാപിച്ചപ്പോള്‍ താക്കോല്‍ നല്‍കി. അതുവരെ തനിക്ക് ലഭിക്കാത്ത ആശ്രയവും കരുണയും കണ്ട് ജയയുടെ കണ്ണുകള്‍ നിറഞ്ഞു. എം.ജി.ആറും കരുണാനിധിയും ഒരുപായില്‍ ഉറങ്ങി, ഒരു പാത്രത്തില്‍ ഭക്ഷണം കഴിച്ചവരായിരുന്നു. എന്നാല്‍ കരുണാനിധിയുടെ അധികാരമോഹം ഇരുവരെയും തെറ്റിച്ചു. അതിന് കരുണാനിധി ജയലളിതയെ കരുവാക്കി എന്നതാണ് ചരിത്രം. അണ്ണാദുരൈ അന്തരിച്ചപ്പോള്‍ മുതര്‍ന്നനേതാവായ നെടുഞ്ചേഴിയനായിരുന്നു പിന്‍ഗാമിയാകേണ്ടിയിരുന്നത്. എന്നാല്‍ എം.ജി.ആര്‍ ഇടപെട്ട് കരുണാനിധിയെ മുഖ്യമന്ത്രിയാക്കി.
   എം.ജി.ആറിന്റെ ജനപിന്തുണ അറിയാവുന്ന കരുണാനിധി തന്റെ മന്ത്രിസഭയില്‍ അദ്ദേഹത്തെ എടുത്തില്ല. പകരം പാര്‍ട്ടിയുടെ ട്രഷററാക്കി. അധികാരമേറ്റ വേളയില്‍ കരുണാനിധിക്കും എം.ജി.ആറിനും വലിയ സ്വീകരണം ഏര്‍പ്പെടുത്തിയിരുന്നു. അതില്‍ പങ്കെടുക്കാതെ എം.ജി.ആര്‍ മുങ്ങി. നേപ്പാളിലേക്കുള്ള ആ യാത്രയില്‍ ജയലളിതയും കൂടെ ഉണ്ടായിരുന്നു. മടങ്ങിവന്ന എം.ജി.ആര്‍ മന്ത്രിയാകണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും സിനിമ മതിയാക്കിയിട്ട് മതി മന്ത്രിസ്ഥാനമെന്ന് പറഞ്ഞു. അതോടെ ഇരുവരും തമ്മില്‍ തെറ്റി. എന്നാല്‍ ഇരുവരെയും തമ്മില്‍ തെറ്റിച്ചത് ജയലളിതയാണെന്ന് കരുണാനിധിയും കൂട്ടരും പറഞ്ഞ് പ്രചരിപ്പിച്ചു. പുതിയ പാര്‍ട്ടി രൂപീകരിച്ച എം.ജി.ആര്‍ തമിഴ്നാട് മുഖ്യമന്ത്രിയായി. എം.ജി.ആറും ജയലളിതയും തമ്മില്‍ ചെറുതായി  കാലവും ഉണ്ടായിരുന്നു. മഞ്ജുള, ലത തുടങ്ങിയ നടിമാരെ എം.ജി.ആര്‍ നായികയാക്കിയത് ജയലളിതയെ അസ്വസ്ഥയാക്കി. തന്റെ എല്ലാ കാര്യങ്ങളിലും എം.ജി.ആര്‍ ഇടപെടുന്നതും അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. പാര്‍ട്ടിയുടെ പ്രചരണവിഭാഗം ജനറല്‍ സെക്രട്ടറിയായും രാജ്യസഭാംഗമായും ജയ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇരുവരും തമ്മില്‍ വീണ്ടും അടുത്തത്. എം.ജി.ആറുമായി അകന്നതോടെ തെലുങ്ക് നടന്‍ ശോഭന്‍ ബാബുവുമായി ജയലളിത അടുത്തു. വളരെ ചെറുപ്പമായിരുന്നു അദ്ദേഹം. കാണാനും സുന്ദരന്‍. മാത്രമല്ല നന്നായി പുസ്തകങ്ങള്‍ വായിക്കും. നല്ല വായനക്കാരിയായ ജയയ്ക്ക് അദ്ദേഹവുമായി അടുക്കാന്‍ അതും കാരണമായി. പൊയസ് ഗാര്‍ഡനിലെ നിത്യസന്ദര്‍ശകനായിരുന്നു ശോഭന്‍ബാബു. എന്നാലിത് അദ്ദേഹത്തിന്റെ ഭാര്യ അറിഞ്ഞതോടെ ആ ബന്ധത്തില്‍ വിള്ളലുണ്ടായി. ഒരിക്കല്‍ പൊതുയോഗത്തില്‍ വെച്ച്‌ തന്നോട് സംസാരിക്കാതെ ഭാര്യ ജാനകിയോടൊപ്പം എം.ജി.ആര്‍ പോയത് കണ്ട് ജയലളിത ക്ഷുഭിതയായി. ഇതറിഞ്ഞ എം.ജി.ആര്‍ ജയയെ അകറ്റി. എന്നാല്‍ അന്ന് ക്ഷമചോദിച്ച്‌ ജയ കത്തെഴുതി. ‘ എനിക്ക് അങ്ങല്ലാതെ ആരുണ്ട്? മരണം വരെ മറക്കില്ല ഞാന്‍’ എന്നൊക്കെയാണ് കത്തിലെഴുതിയത്. എന്നാല്‍ അമേരിക്കയില്‍ ചികില്‍സയ്ക്ക് പോകുമ്ബോഴോ, അതിന് ശേഷമോ എം.ജി.ആറിനെ കാണാന്‍ ആര്‍.എം വീരപ്പനും എം.ജി.ആറിന്റെ ഭാര്യ ജാനകിയും സമ്മതിച്ചില്ല. ഡല്‍ഹിയിലെ തമിഴ്നാട് ഹൗസില്‍ ജയലളിതയ്ക്ക് ഉണ്ടായിരുന്ന വി.ഐ.പി റൂം പോലും അവര്‍ പൂട്ടി. അങ്ങനെ എല്ലാത്തരത്തിലും അവരെ അവഹേളിച്ചു. എങ്കിലും പാര്‍ട്ടിയില്‍ ശക്തമായി അവര്‍ തിരിച്ചുവന്നു. പിന്നുള്ളതെല്ലാം ചരിത്രം.
കടപ്പാട് : പത്രം ഓണ്‍ലൈന്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം