ചരിത്രം കുറിച്ച് ഐ.എസ്.ഒ; ഒറ്ററോക്കറ്റിൽ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

ചെന്നൈ: ഉപഗ്രഹ വിക്ഷേപണ രംഗത്ത് റിക്കാർഡ് കുറിച്ച് ഐഎസ്ആർഒ. ഒറ്ററോക്കറ്റിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയെന്ന ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിൽനിന്നു ഒരു വലിയ ഉപഗ്രഹവും 103 നാനോ ഉപഗ്രഹങ്ങളുമാണു പിഎസ്എൽവി-സി 37 ൽ വിക്ഷേപിച്ചത്. ഇതുവരെ ഒരു ബഹിരാകാശ ഏജൻസിയും നൂറിലേറെ ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചിട്ടില്ല. 2014ൽ 37 ഉപഗ്രഹങ്ങളെ ഒറ്ററോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശത്ത് എത്തിച്ച റഷ്യയുടേതാണ് ഈ രംഗത്ത് നിലവിലുള്ള റിക്കാർഡ്. വലിയ ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ഡിക്ക് 714 കിലോഗ്രാം ഭാരം. ബാക്കി 103-നും കൂടി 664 കിലോഗ്രാം. ചെറിയവയിൽ രണ്ടെണ്ണം ഇന്ത്യയുടേത്. സെക്കൻഡുകളുടൈ വ്യത്യാസത്തിലാണ് ഓരോ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിൽ വിന്യസിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽനിന്ന് രാവിലെ 9.28 നായിരുന്നു വിക്ഷേപണം. നേരത്തെ, 83 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ നിരവധി രാജ്യങ്ങളും സ്ഥാപനങ്ങളും തങ്ങളുടെ ഉപഗ്രഹങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഐഎസ്ആർഒയെ സമീപിച്ചതോടെയാണ് ഉപഗ്രഹങ്ങളുടെ എണ്ണം ഉയർത്താൻ ഐഎസ്ആർഒ തീരുമാനിച്ചത്. അമേരിക്കയുടെ നാനോ ഉപഗ്രഹങ്ങളാണ് എണ്ണത്തിൽ കൂടുതൽ. മൂന്നു മുതൽ 25 കിലോഗ്രാംവരെ ഭാരമുള്ള ഉപഗ്രഹങ്ങളാണിവ. ജർമനിയുടെ ഉപഗ്രഹങ്ങളും പിഎസ്എൽവിസി 37 ഭ്രമണപഥത്തിലെത്തിച്ചു. നേരത്തെ, 20 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റിൽ ഭ്രമണപഥത്തിലെത്തിച്ച ചരിത്രം ഐഎസ്ആർഒയ്ക്കുണ്ട്. റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും ശേഷി വർധിപ്പിക്കുന്നതിലും ചെലവുചുരുക്കുന്നതിലും ഐഎസ്ആർഒ വലിയതോതിൽ വിജയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഐഎസ്ആർഒയ്ക്ക് ചുരുങ്ങിയ ബജറ്റിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം