ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് നീതി;അരക്കോടി നഷ്ടപരിഹാരം നല്കാന്‍ സുപ്രീംകോടതി വിധി

തിരുവനന്തപുരം: കാല്‍നൂറ്റാണ്ടായി തുടരുന്ന നിയമയുദ്ധത്തില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. നമ്പി നാരായണന് നീതി. ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധിച്ചു.

സംശയത്തിന്റെ പേരിലാണ് ഉന്നത പദവിയിലിരിക്കുന്ന ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റു ചെയ്തത്. ഈ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് സുപ്രീം കോടതി നിര്‍ണായക വിധിയില്‍ പ്രഖ്യാപിച്ചു.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണോയെന്ന് അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയമിച്ചു. സുപ്രീം കോടതി ജസ്റ്റിസ് (റിട്ട.) ഡി.കെ.ജയിന്‍ നേതൃത്വം വഹിക്കും. കേന്ദ്ര,സംസ്ഥാന പ്രതിനിധികള്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങള്‍ ആകും.

അതേസമയം, ചാരക്കേസിന്റെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്ന് സി.ബി.ഐയില്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കസ്റ്റഡിയില്‍ എടുത്തത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. നഷ്ടപരിഹാരം നല്‍കേണ്ടത് ആരാണെന്ന് ചോദിച്ച സുപ്രീംകോടതി, കേസ് വിധി പറയാനായി മാറ്റി.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചിന്റെ നടപടിക്കെതിരേയാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. നമ്പി നാരായണന്റെ പേരിലുള്ള കേസ് തെറ്റാണെന്ന് സി.ബി.ഐ. റിപ്പോര്‍ട്ട് നല്‍കുകയും കോടതി അതംഗീകരിക്കുകയും ചെയ്തു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരെ കെട്ടിചമച്ച കേസിന്റെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി തന്റെ ഭാവിയെയും ഐ.എസ്.ആര്‍.ഒയുടെ പുരോഗതിയെയും ബാധിച്ചു. അമേരിക്കന്‍ പൗരത്വവും നാസയുടെ ഫെലോഷിപ്പും വേണ്ടെന്നുവെച്ച് രാജ്യത്തെ സേവിക്കാനെത്തിയ തന്റെ ഭാവിയാണ് ചാരക്കേസില്‍ തകര്‍ന്നതെന്ന് അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം