ഇന്ത്യ അണ്ടർ-19 ക്രിക്കറ്റ് ടീമിനു കിട്ടിയത് എട്ടിന്റെ പണി

മുംബൈ: ഇംഗ്ലണ്ടിനെതിരേ ഒരു മാസത്തോളം നീളുന്ന പരമ്പരയിൽ പങ്കെടുക്കുന്ന ഇന്ത്യ അണ്ടർ-19 ക്രിക്കറ്റ് ടീമിനു  കിട്ടിയത് എട്ടിന്റെ പണി.നോട്ടുക്ഷാമവും ബിസിസിഐ അഴിച്ചുപണിയും കാര്യമായ രീതിയില്‍ തന്നെ ടീമിനെ ബാധിച്ചു.

ക്രിക്കറ്റ് പരമ്പര പകുതി പിന്നിട്ടിട്ടും കോച്ച് രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ളവര്‍ക്കും  താരങ്ങൾക്കും ദിനബത്തകളൊന്നും ലഭിച്ചിട്ടില്ല. നോട്ടുക്ഷാമത്താൽ 24,000 രൂപവരെ മാത്രമേ ആഴ്ചയിൽ പിൻവലിക്കാനാകൂ എന്നതാണ് പ്രധാന തലവേദന. അതോടൊപ്പം സുപ്രീം കോടതി, ബിസിസിഐ സെക്രട്ടറി അജയ് ഷിർകെ അടക്കമുള്ളവരെ നീക്കം ചെയ്തതോടെ ഫണ്ട് നീക്കവും നിലച്ചു. ദിനബത്ത നല്‍കാനുള്ള  ഫണ്ട് പിന്‍വലിക്കണമെങ്കില്‍  ചെക്കിൽ സെക്രട്ടറിയുടെ ഒപ്പുവേണം. വിനോദ് റായിയുടെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റെങ്കിലും ഫണ്ട് സംബന്ധിച്ചുള്ള കാര്യങ്ങൾക്കൊക്കെ നടപടികൾ ആരംഭിക്കാൻ സമയമെടുക്കും.

ദിവസവും 6,800 രൂപയാണു താരങ്ങൾക്കു ലഭിക്കേണ്ടത്. ഭക്ഷണം  ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു താരങ്ങൾ കൈവശമുള്ള പണമാണു സാധാരണ ഉപയോഗിക്കുന്നത്. ഫണ്ട് കിട്ടാതായതോടെ കഷ്ടത്തിലായ താരങ്ങളിൽ പലരും ഇപ്പോൾ മാതാപിതാക്കൾ അയച്ചുകൊടുക്കുന്ന പണംകൊണ്ടാണ് അത്യാവശ്യ കാര്യങ്ങൾ നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.  മത്സരമുള്ള ദിനങ്ങളിൽ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന അസോസിയേഷൻ ഉച്ചഭക്ഷണം ഏർപ്പാട് ചെയ്യുകയാണ് പതിവ്. പ്രഭാതഭക്ഷണം ഹോട്ടലുകാർ സൗജന്യമായി നൽകും. എന്നാൽ, ഏറ്റവും വലിയ പ്രശ്നം രാത്രി ഭക്ഷണമാണ്. മുംബൈയിലെ ഏറ്റവും ആഡംബരം നിറഞ്ഞ ഹോട്ടലുകളിലൊന്നിലാണു താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ ഒരു സാൻഡ്‌വിച്ച് കഴിക്കണമെങ്കിൽ 1,500 രൂപ കൊടുക്കണം, അല്ലെങ്കിൽ പുറത്തെവിടെയെങ്കിലും പോയി ഭക്ഷണം കഴിക്കേണ്ടി വരും. കളിച്ചു ക്ഷീണിച്ചുവരുന്പോൾ ഇതു വലിയ പ്രശ്നംതന്നെ. വീട്ടുകാർ അയച്ചുതരുന്ന പണംകൊണ്ടാണ് പലരും ഭക്ഷണം കഴിക്കുന്നത്. പണം പിൻവലിക്കൽ പ്രശ്നംമൂലം അതും സംഘടിപ്പിക്കാൻ താരങ്ങൾ ക്ലേശിക്കുകയാണ്.

പരമ്പര പൂർത്തിയായ ശേഷം തുക ഒന്നിച്ചു താരങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപ്പിക്കാനെ ഈ ഒരു അവസരത്തില്‍ കഴിയൂ എന്നാണ് ബിസിസിഐ വൃത്തങ്ങൾ  പറയുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം