ഇന്ത്യന്‍ ജുഡീഷ്യറിയെക്കുറിച്ച് നമ്മള്‍ പ്രാഥമികമായി മനസ്സിലാക്കേണ്ടത്

Loading...

prashant-bhushanപ്രശാന്ത് ഭൂഷണ്‍

ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ക്കുവേണ്ടിയുള്ള ഇന്ത്യയിലെ സമരങ്ങളില്‍ മുന്നണിപ്പോരാളിയാണ് താങ്കള്‍. കഴിഞ്ഞ ഏതാണ്ട് ഇരുപതുവര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ ജുഡീഷ്യറിയെക്കുറിച്ച് താങ്കള്‍ക്ക് പ്രത്യാശയാണോ തരുന്നത്?

ഇന്ത്യന്‍ ജുഡീഷ്യറിയെക്കുറിച്ച് നമ്മള്‍ പ്രാഥമികമായി മനസ്സിലാക്കേണ്ടത് ഏറക്കുറെ പ്രവര്‍ത്തനരഹിത(disfunction)മായ ഒരു സംവിധാനമാണത്. എന്‍െറ അഭിപ്രായത്തില്‍ കേവലം രണ്ടു ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് ഈ രാജ്യത്ത് നീതി ലഭ്യമാകുന്നത്. 80 ശതമാനം ജനങ്ങള്‍ക്ക് നീതിന്യായ സംവിധാനത്തിന്‍െറ അടുത്തേക്ക് ചെല്ലാന്‍തന്നെ കഴിയില്ല. വക്കീലന്മാര്‍ക്ക് കൊടുക്കാനുള്ള കാശില്ലാത്തതുതന്നെ കാരണം. ഇനി വക്കീലന്മാരെ എടുക്കാന്‍ സാമ്പത്തികശേഷിയുള്ളവര്‍ക്കുതന്നെ കേസ് തീര്‍പ്പാക്കാന്‍ വര്‍ഷങ്ങളോ പതിറ്റാണ്ടുകളോ കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്. നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ കിട്ടുന്ന നീതി പലപ്പോഴും അപ്രസക്തമായിത്തീരുന്ന അനുഭവങ്ങളുണ്ട്. കാരണം, ഒരു ദീര്‍ഘ കാലയളവിനകത്ത് അതിലും പ്രധാനമായ പലതും അവര്‍ക്ക് നഷ്ടപ്പെട്ടുകഴിഞ്ഞിട്ടുണ്ടാകും.
മറ്റൊരു കാര്യം, പലപ്പോഴും കേസുകളില്‍ വിധി തീര്‍പ്പുവരുന്നത് തെറ്റായ രീതിയിലാണ്. അഴിമതികൊണ്ടും കഴിവുകേടുകൊണ്ടും ഇങ്ങനെ സംഭവിക്കാറുണ്ട്. ജുഡീഷ്യറിയില്‍ വിപുലമായ അഴിമതിയും കഴിവുകേടുമുണ്ട് എന്നത് വ്യക്തമാണ്.
ഇതിനര്‍ഥം, നമ്മുടെ നീതിന്യായ വ്യവസ്ഥ അടിസ്ഥാനപരവും ഗൗരവതരവുമായ പരിഷ്കരണം അടിയന്തരമായി ആവശ്യപ്പെടുന്നുണ്ട് എന്നാണ്. നിര്‍ഭാഗ്യവശാല്‍, അധികാരത്തിലിരിക്കുന്നവര്‍ക്ക് ഇതില്‍ താല്‍പര്യമില്ല. കാരണം, അവരാണ് ഇതിന്‍െറ ഗുണഭോക്താക്കള്‍. കാര്യക്ഷമമല്ലാത്ത നീതിന്യായ സംവിധാനമാണ് അവര്‍ക്കാവശ്യം. അവര്‍ക്കൊരിക്കലും നീതിതേടി കോടതിയെ സമീപിക്കേണ്ടിവരാറില്ല. അധികാരികള്‍ക്കും സമ്പന്നര്‍ക്കുമെതിരെ കോടതി കയറേണ്ടിവരുന്നത് ദരിദ്രരാണ്. പരാജയപ്പെടുന്ന കോടതി സംവിധാനങ്ങളുടെ ഗുണഭോക്താക്കളാണ് സമ്പന്നരും അധികാരികളും. എന്നിട്ടും നമ്മുടെ നാട്ടില്‍ പ്രവര്‍ത്തനക്ഷമമായ ഒരു നീതിന്യായ വ്യവസ്ഥയുണ്ട് എന്ന മിഥ്യാധാരണയിലാണ് ജനങ്ങള്‍ കഴിയുന്നത്. ഇപ്പോഴത്തെ അഴിമതിക്കാരായ അധികാരികള്‍ മാറി പൊതുജനതാല്‍പര്യം മുന്‍നിര്‍ത്തി തീരുമാനങ്ങളെടുക്കുന്ന പുതിയൊരു രാഷ്ട്രീയ നേതൃത്വം വരുന്നതുവരെ, ഇത്തരം കാര്യങ്ങളില്‍ എന്തെങ്കിലും പരിഷ്കരണമുണ്ടാകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല.

പറഞ്ഞുവരുന്നത്, നമ്മുടെ ജുഡീഷ്യറിയുടെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസമില്ലെന്നാണോ?

അങ്ങനെ പറയാന്‍ കഴിയില്ല. പ്രതീക്ഷാജനകമായ കാര്യങ്ങളുണ്ട്. അഴിമതി അതിന്‍െറ മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കുമ്പോള്‍തന്നെ പൗരസമൂഹത്തിന്‍െറ ആക്ടിവിസവും മൂര്‍ധന്യദശയിലുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളിലും ആണവോര്‍ജ പ്രശ്നത്തിലും സ്ത്രീകളോടുള്ള അതിക്രമകാര്യങ്ങളിലുമൊക്കെ വളരെ സജീവമായ പൗരസമൂഹ ഇടപെടലുകള്‍ രാജ്യത്ത് നടക്കുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങളൊരു പുതിയ രാഷ്ട്രീയ പ്രസ്ഥാനമുണ്ടാക്കാന്‍ തീരുമാനിച്ചതുതന്നെ. പൗരസമൂഹ പ്രതികരണങ്ങളെ ഫലവത്തായ സാമൂഹികമാറ്റത്തിലേക്ക് പരിവര്‍ത്തിപ്പിക്കണമെങ്കില്‍, ഒരു തെരഞ്ഞെടുപ്പു വിപ്ളവം (electoral revolution) ഇവിടെ ആവശ്യമാണ്. അതിനൊരു ചാലകമായി വര്‍ത്തിക്കാന്‍ ഞങ്ങളുടെ പാര്‍ട്ടിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജുഡീഷ്യല്‍ ആക്ടിവിസത്തിലെ ഒരു പ്രധാന പ്രശ്നമാണല്ലോ കോടതിയലക്ഷ്യം. താങ്കളുള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകള്‍ കോടതിയലക്ഷ്യ നടപടികള്‍ക്ക് വിധേയരായിട്ടുണ്ട്. കോടതിയലക്ഷ്യത്തിന് ഒരു പുനര്‍നിര്‍വചനം ആവശ്യമല്ലേ?

തീര്‍ച്ചയായും. പുനര്‍നിര്‍വചിക്കപ്പെടേണ്ട ഒരു കാര്യമാണത്. രണ്ടുതരത്തിലുള്ള കോടതിയലക്ഷ്യമുണ്ട്- സിവിലും ക്രിമിനലും. ക്രിമിനല്‍കോടതിയലക്ഷ്യങ്ങളെ പുനര്‍നിര്‍വചിച്ചേ മതിയാവൂ. കോടതിനടപടിക്രമങ്ങളില്‍ ഇടപെടുന്നത് തെറ്റുതന്നെയാണ്. കോടതിയുടെ അധികാരത്തെ വിമര്‍ശിക്കുകയും താഴ്ത്തുകയും ചെയ്യുന്ന ഭാഗം കോടതിയലക്ഷ്യത്തില്‍നിന്ന് നീക്കംചെയ്യണം. വിമര്‍ശാത്മകമായ നിരീക്ഷണങ്ങള്‍ നടത്താനുള്ള അവസരം വേണം. നമുക്കൊരു ജുഡീഷ്യല്‍ കംപ്ളെയ്ന്‍സ് കമീഷന്‍ അനിവാര്യമാണ്. ജഡ്ജിമാരുടെ പ്രവര്‍ത്തനരീതികളില്‍ സുതാര്യതയില്ല. അവരെ അക്കൗണ്ടബ്ള്‍ ആക്കേണ്ടതുണ്ട്. വിവരാവകാശ നിയമം ജുഡീഷ്യറിക്ക് ബാധകമല്ല. പരസ്യമായി വിമര്‍ശിച്ചാലാകട്ടെ, കോടതിയലക്ഷ്യനടപടിയുടെ അപകടവുമുണ്ട്. ഫലത്തില്‍ സംഭവിക്കുന്നത്, കോടതിക്ക് ഇന്ത്യയില്‍ അതിഭീമമായ അധികാരമുണ്ടാവുകയും അക്കൗണ്ടബിലിറ്റി ഇല്ലാതാവുകയും ചെയ്യുന്നു.

നേരത്തേ പുതിയ പാര്‍ട്ടിയെക്കുറിച്ച് പറഞ്ഞല്ലോ. ആം ആദ്മി പാര്‍ട്ടിയിലെ ഒരു പ്രമുഖ നേതാവാണ് താങ്കള്‍. അഴിമതിവിരുദ്ധതയെന്ന ഏകാജണ്ട ഉയര്‍ത്തുന്ന മധ്യവര്‍ഗതാല്‍പര്യങ്ങളുടെ ഉപരിപ്ളവരാഷ്ട്രീയമാണത് എന്ന വിമര്‍ശത്തെ എങ്ങനെ കാണുന്നു?

അത് തുടക്കത്തിലുള്ള അവസ്ഥയെക്കുറിച്ചാണ്. പ്രാരംഭത്തിലെ മധ്യവര്‍ഗ ഇന്ത്യന്‍ വൈകാരികതയും ബഹുജന പിന്തുണയും മാധ്യമങ്ങളുടെ സഹകരണവുംകൊണ്ടുണ്ടായിത്തീര്‍ന്ന ഒരു തെറ്റായ കാഴ്ചപ്പാടാണിത്. വളരെ ജനാധിപത്യപരമായ രീതിയില്‍ അഭിപ്രായരൂപവത്കരണം നടത്തുകയും ഇന്ത്യയെ സമഗ്രമായി നോക്കിക്കാണുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണത്. തീര്‍ച്ചയായും അഴിമതിയോടുള്ള പോരാട്ടം എന്ന ഒറ്റയജണ്ടയില്‍നിന്ന് ദാരിദ്ര്യം, പട്ടിണി, വെള്ളം, വികസനത്തിന്‍െറ സ്വഭാവം, നീതി തുടങ്ങിയ പല മേഖലകളിലേക്ക് വളര്‍ന്നുകഴിഞ്ഞിട്ടുണ്ട് പാര്‍ട്ടി. നയരൂപവത്കരണങ്ങള്‍ക്കു വേണ്ടിയുള്ള കൂടിയാലോചനാ ഘട്ടത്തിലാണ് ഞങ്ങളിപ്പോള്‍. പാര്‍ട്ടിയുടെ മാനിഫെസ്റ്റോ പുറത്തുവരുന്നതോടെ ഞങ്ങള്‍ ഒരു മധ്യവര്‍ഗ പാര്‍ട്ടിയാണ് എന്ന് വ്യക്തമാകും.

പാര്‍ട്ടിക്കകത്ത് പലതരത്തിലുള്ള രാഷ്ട്രീയാഭിമുഖ്യമുള്ളവരാണുള്ളതെന്ന് ശരിയായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത സൈദ്ധാന്തിക നിലപാടുകള്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി ഒരുമിച്ചുപോകുമോ?

ഏത് ബൃഹത്തായ രാഷ്ട്രീയമുന്നേറ്റത്തിലും വളരെ വ്യത്യസ്തങ്ങളും വിഭിന്നങ്ങളുമായ കാഴ്ചപ്പാടുകളെ നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളേണ്ടതായി വരും. അടിസ്ഥാനതത്ത്വങ്ങളില്‍ യോജിപ്പുണ്ടാവുകയും എല്ലാവരും പങ്കുവെക്കുന്ന ഒരു മൂലലക്ഷ്യമുണ്ടാവുകയും ചെയ്താല്‍ പല ചിന്താധാരകള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനാകും. ധാര്‍മിക സമഗ്രത, കലര്‍പ്പില്ലാത്ത മതേതരത്വത്തിലുള്ള വിശ്വാസം, ജനാധിപത്യ ബോധം എന്നീ ആശയങ്ങള്‍ മുഖ്യമാണ്. കലര്‍പ്പില്ലാത്ത മതേതരത്വം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഏതെങ്കിലും സമുദായത്തെ പ്രത്യേകമായി പ്രീണിപ്പിക്കുകയോ പ്രീതിപ്പെടുത്തുകയോ ചെയ്യാതെ എല്ലാവരും അഭിവൃദ്ധിപ്പെടണമെന്ന ആഗ്രഹത്തോടെ നടത്തുന്ന മതേതരപ്രവര്‍ത്തനങ്ങളാണ്. ന്യായമായ വിഹിതം ഓരോ സമുദായത്തിനും കിട്ടേണ്ടതുണ്ട്.
ഞങ്ങളുടെ അടിസ്ഥാനലക്ഷ്യം ജനാധിപത്യപരമായ സമൂല പരിഷ്കരണമാണ്. വികേന്ദ്രീകൃതവും നേരിട്ടുള്ളതുമായ ജനാധിപത്യം ഞങ്ങള്‍ ലക്ഷ്യംവെക്കുന്നു. ജനങ്ങള്‍ക്ക് അഞ്ചുകൊല്ലം കൂടുമ്പോള്‍ വോട്ടുചെയ്യുക എന്നതിലപ്പുറം പങ്കുവഹിക്കാനുള്ള ഒരു വ്യവസ്ഥ. നിയമനിര്‍മാണം, പദ്ധതി നിര്‍വഹണങ്ങള്‍ തുടങ്ങി ഭരണത്തിന്‍െറ ദൈനംദിന മണ്ഡലങ്ങളില്‍ ജനങ്ങള്‍ക്ക് പങ്കുവഹിക്കാന്‍ കഴിയണം. അത്, ഗ്രാമസഭപോലുള്ള സംവിധാനങ്ങളിലൂടെയോ റഫറണ്ടങ്ങളിലൂടെയോ നവീനമാര്‍ഗങ്ങളിലൂടെയോ ആകാം. ഇന്ത്യയില്‍ സാധ്യമാകുന്ന ഏറ്റവും താഴ്ന്ന പടിയിലേക്ക് അധികാരത്തെ വികേന്ദ്രീകരിക്കേണ്ടതുണ്ട്. പണമൊഴുക്ക് നിയന്ത്രിക്കപ്പെടണം. അധികാരം ജനങ്ങള്‍ക്കാണെന്ന് അവര്‍ക്ക് അനുഭവവേദ്യമാകണം. അക്കൗണ്ടബിലിറ്റിയുടെ വ്യാപ്തി വിപുലമാകണം.
അടിസ്ഥാനപരമായ ഘടനാമാറ്റങ്ങള്‍ (structural reforms) ഇന്ത്യയില്‍ അത്യന്താപേക്ഷിതമാണ്. പൊലീസ്, കോടതി, സിവില്‍സര്‍വിസ് തുടങ്ങി നിരവധി മണ്ഡലങ്ങളെ ഘടനാപരമായ മാറ്റത്തിനു വിധേയമാക്കണം. ബ്രിട്ടീഷ് ഭരണകൂടമാണ് ഈ ഘടനകളോരോന്നും നിശ്ചയിച്ചത്. ജനങ്ങളെ നിയന്ത്രിക്കാനുള്ള ഉപകരണങ്ങളായിട്ടാണ് അവയത്രയും കൊണ്ടുവന്നത്, ജനസേവനം എന്ന ഉദ്ദേശ്യത്തോടെയേ അല്ല. ഇതാണ് ആം ആദ്മി പാര്‍ട്ടിയുടെ അടിസ്ഥാന കാഴ്ചപ്പാട്. നയരൂപവത്കരണം പൂര്‍ത്തിയാകുന്നതോടെ കാര്യങ്ങള്‍ വ്യക്തമാകും.

വോട്ടുരാഷ്ട്രീയത്തില്‍ പ്രായോഗികമായി ഇറങ്ങാനുദ്ദേശിക്കുന്നത് ഏതു തെരഞ്ഞെടുപ്പിലാണ്?

ഈ വര്‍ഷം ദല്‍ഹിയില്‍ നടക്കുന്ന അസംബ്ളി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുന്നുണ്ട്. അതായിരിക്കും ഞങ്ങളുടെ ആദ്യത്തെ അങ്കം. ദല്‍ഹിയില്‍ നന്നായി മത്സരിക്കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. തുടര്‍ന്ന്, 2014 മേയില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ സാധ്യമാകുന്നത്ര സീറ്റുകളില്‍ ഞങ്ങള്‍ മത്സരിക്കും.

ഇന്ത്യ പല സ്വത്വങ്ങളും ജാതികളും മതങ്ങളുമുള്ള നാടാണ്. അവയൊക്കെ പലപ്പോഴും രാഷ്ട്രീയശക്തികളായി മാറാറുണ്ട്. പലേടങ്ങളിലും പല നവരാഷ്ട്രീയ സഖ്യങ്ങളും രൂപപ്പെട്ടുവരുന്നുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ നയമെന്താകും?

ആരോടെങ്കിലും വിഭാഗീയമായ സഖ്യങ്ങളുണ്ടാക്കുന്ന പരിപാടിയില്‍ ഞങ്ങള്‍ക്കു താല്‍പര്യമില്ല. സാധാരണക്കാരായ പൊതുജനത്തെയാണ് ഞങ്ങള്‍ അഭിസംബോധനചെയ്യുന്നത്. അവര്‍ എല്ലാ ജാതികളിലും മതങ്ങളിലും പെട്ടവരാണ്. ഒരു വിഭാഗത്തിന്‍െറ താല്‍പര്യം മറ്റൊരു വിഭാഗത്തോട് ഏറ്റുമുട്ടുന്ന ഒരു കളിയല്ല ഇതെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കും. നമ്മുടെ താല്‍പര്യങ്ങള്‍ക്കെതിരാണ് മറ്റൊരു സമുദായത്തിന്‍െറ താല്‍പര്യങ്ങള്‍ എന്നു വിചാരിക്കുന്നതുകൊണ്ടാണ് സാമുദായിക എതിര്‍പ്പുണ്ടാകുന്നത്. പൊതുവായ ജനതാല്‍പര്യമാണ് പരിഗണനീയം. നിര്‍ഭാഗ്യവശാല്‍, ജാതിയുടെയും മതത്തിന്‍െറയും പേരില്‍ സഖ്യങ്ങളുണ്ടാക്കാനാണ് മുഖ്യധാരാ പാര്‍ട്ടികള്‍ക്കു താല്‍പര്യം. മറ്റു സമുദായങ്ങളുടെ താല്‍പര്യങ്ങള്‍ നമ്മുടെ സമുദായത്തിന്‍െറ താല്‍പര്യങ്ങളുമായി നിരന്തരം സംഘര്‍ഷത്തിലാണ് എന്നവര്‍ പ്രചരിപ്പിക്കുന്നു. ഇതിന്‍െറ പ്രതിഫലനം സംവരണ രാഷ്ട്രീയത്തില്‍ കാണാം.

സംവരണ രാഷ്ട്രീയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടെന്താണ്?

സംവരണം ഒരു പ്രതീകമാണ്. ജനതയിലൊരു വിഭാഗത്തിന് തങ്ങള്‍ വെല്ലുവിളിക്കപ്പെടുന്നതായി തോന്നുന്ന മട്ടിലാണ് നമ്മുടെ രാഷ്ട്രീയക്കാര്‍ അതിനെ ഉപയോഗിക്കുന്നത്. ഒരു ശതമാനം ജനങ്ങള്‍ക്കുമാത്രമാണ് സര്‍ക്കാര്‍ജോലി കിട്ടുന്നത്. അതിനുവേണ്ടി വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഭീമമായ തമ്മിലടിയാണ് നടക്കുന്നത്. എല്ലാ സമുദായങ്ങള്‍ക്കും വിദ്യാഭ്യാസത്തിന് അവസരം കൊടുക്കുകയാണ് വേണ്ടത്. ആവശ്യമുള്ളത്ര പണം ആ മേഖലയില്‍ ചെലവഴിക്കപ്പെടണം. സര്‍ക്കാര്‍ ജോലി എന്നതാവരുത് നയനിലപാടുകളുടെ ഒരൊറ്റ കേന്ദ്രബിന്ദു. ഞാന്‍ സംവരണത്തിന് എതിരല്ല. പക്ഷേ, നമ്മുടെ എല്ലാ ചര്‍ച്ചകളും രാഷ്ട്രീയവും അതിനുചുറ്റും കിടന്ന് കറങ്ങരുത്.

നമ്മുടെ ജനാധിപത്യത്തിന്‍െറ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ മാധ്യമങ്ങള്‍ പ്രധാനപ്പെട്ടതാണ്. പെയ്ഡ്ന്യൂസില്‍ ഉള്‍പ്പെട്ട നേതാക്കളെ അയോഗ്യരാക്കണമെന്ന് താങ്കള്‍ ഈയിടെ ആവശ്യപ്പെടുകയുണ്ടായി. നമ്മുടെ ജനാധിപത്യത്തെ മാധ്യമങ്ങള്‍ താങ്ങിനിര്‍ത്തുകയാണോ തകര്‍ക്കുകയാണോ?

പെയ്ഡ്ന്യൂസ് അഥവാ കാശുവാങ്ങി വാര്‍ത്തകൊടുക്കല്‍ വളരെ സര്‍വസാധാരണമാണിന്ന്. പരസ്യങ്ങളെ വാര്‍ത്തകളെന്ന വ്യാജേന അവതരിപ്പിക്കുന്ന പ്രവണത ശക്തമായി നിലവിലുണ്ട്. അതിനു പുറമെയാണ് ജനതാല്‍പര്യങ്ങള്‍ പരിഗണിക്കാതെ കാശുവാങ്ങി വാര്‍ത്തയെഴുതുന്നത്. പ്രസ് കൗണ്‍സിലിനെ മീഡിയ കൗണ്‍സിലാക്കി പുന$ക്രമീകരിക്കുകയും കൂടുതല്‍ ജനാധിപത്യപരമായ രീതിയില്‍ അതിലെ അംഗങ്ങളെ നിശ്ചയിക്കുകയും മാധ്യമങ്ങളെ അച്ചടക്കവത്കരിക്കാന്‍ കെല്‍പുള്ള ശിക്ഷാധികാരം കൗണ്‍സിലിനു നല്‍കുകയും വേണം. കൂടുതല്‍ ശാക്തീകരിക്കപ്പെട്ട മീഡിയാ കൗണ്‍സില്‍ ഇല്ലാതെ പെയ്ഡ്ന്യൂസിന്‍െറ പ്രശ്നം പരിഹരിക്കാനാവില്ല.
മുഖ്യമായും രണ്ടുതരം പ്രശ്നങ്ങളാണ് നമ്മുടെ കോര്‍പറേറ്റ് മാധ്യമങ്ങളിലുള്ളത്. ഒന്നാമത്, മാധ്യമങ്ങളുടെ ഉടമസ്ഥത (ownership) ആരുടേതാണ് എന്നത് പലപ്പോഴും നിഗൂഢവും അറിയപ്പെടാത്തതുമാണ്. വലിയ കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലാണവയുള്ളത്. ഒരിക്കലും വെളിപ്പെടുത്താത്ത നിക്ഷിപ്ത താല്‍പര്യങ്ങളുടെ സംരക്ഷകരാണവര്‍.
മറ്റൊരു പ്രശ്നം, പരസ്യങ്ങളിലൂടെയുള്ള വരുമാനംതന്നെ. പരസ്യവരുമാനം കൂടുതല്‍ കിട്ടാന്‍വേണ്ടി ചാനല്‍ റേറ്റിങ്ങും സര്‍ക്കുലേഷനും കൂട്ടാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. മാധ്യമങ്ങളുടെ ഉള്ളടക്കം അതോടെ കൂടുതല്‍ പൈങ്കിളിവത്കരിക്കപ്പെടുകയും നിസ്സാരവത്കരിക്കപ്പെടുകയും സെന്‍സേഷനല്‍വത്കരിക്കപ്പെടുകയും ചെയ്യുന്നു.
വളരെ ഗൗരവത്തോടെയും ശ്രദ്ധയോടെയും ആലോചിക്കേണ്ട വിഷയമാണിത്. പരസ്യങ്ങളെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ടിവരും. ഇന്നത്തെ നിലയില്‍, മാധ്യമങ്ങളെ കൂടുതല്‍ ജനാധിപത്യവത്കരിക്കാനുള്ള സജീവശ്രമങ്ങള്‍ ഇന്‍റര്‍നെറ്റുവഴിയാണ് നടക്കുന്നത്. വലിയ ചെലവോ ഭാരമോ ലാഭമോഹമോ താല്‍പര്യങ്ങളോ ഇല്ലാതെ സ്വതന്ത്രമാധ്യമപ്രവര്‍ത്തനം നടത്താനുള്ള അവസരം ഇന്ന് ഇന്‍റര്‍നെറ്റിലുണ്ട്.

ജനഹിതപരിശോധന കശ്മീരികള്‍ക്ക് ഇന്ത്യന്‍ യൂനിയന്‍ നല്‍കിയ ചരിത്രപരമായ ഒരു വാഗ്ദാനമായിരുന്നു. അതിനെ അനുകൂലിച്ചതിന്‍െറ പേരില്‍ താങ്കള്‍ ശാരീരികമായി ആക്രമിക്കപ്പെട്ടു. ഇവിടെ രാഷ്ട്രീയസത്യസന്ധതക്കുള്ള ഇടം എത്രയാണ്?

ആദ്യമേ പറയാനുള്ളത്, കശ്മീരിന്‍െറ കാര്യത്തിലുള്ള എന്‍െറ വ്യക്തിപരമായ അഭിപ്രായമാണിത്, പാര്‍ട്ടിയുടെ ഔദ്യാഗികനിലപാടല്ല. അത് തീരുമാനിക്കപ്പെടുകയും പിന്നീട് ജനങ്ങളെ അറിയിക്കുകയും ചെയ്യും. ഇന്ത്യയുമായി ഗുരുതരമായ അന്യവത്കരണം അനുഭവിക്കുന്ന ജനതയാണ് കശ്മീരികള്‍. അതിന് വ്യത്യസ്തങ്ങളായ ചരിത്രകാരണങ്ങളുണ്ട്. അവിടെയുള്ള ജനങ്ങളുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കേണ്ട അടിയന്തരാവശ്യം നിലവിലുണ്ട്. അതിന് അവരുടെ ഇംഗിതങ്ങള്‍ പരിഗണിക്കപ്പെടുകയും ആദരിക്കപ്പെടുകയും വേണം. ആമ്ഡ് ഫോഴ്സ് സ്പെഷല്‍ പ്രൊട്ടക്ഷന്‍ ആക്ട് പിന്‍വലിക്കുകയും സേനയുടെ സാന്നിധ്യത്തില്‍ കുറവുവരുത്തുകയുംവേണം. കാരണം, ഈ തോതിലുള്ള അന്യവത്കരണം തുടരുകയും അത് അധികരിക്കുകയും ചെയ്യുകയാണെങ്കില്‍ ആത്മഹത്യാപരവും ആത്മവിനാശകരവുമായ ഭീകരവാദം താഴ്വരയെ മുഴുവന്‍ ഗ്രസിക്കും. അന്യവത്കരിക്കപ്പെട്ടുകഴിഞ്ഞ ഒരു ജനതയെ നിയന്ത്രണവിധേയമാക്കാന്‍ ഒരു തരത്തിലുള്ള സൈനികബലംകൊണ്ടും കഴിയില്ല. ഇറാഖിലും അഫ്ഗാനിസ്താനിലും അമേരിക്കന്‍ സേനവരെ അതനുഭവിച്ചതാണ്. ഒരു ജനതയുടെ വിശ്വാസമാര്‍ജിക്കാന്‍ സൈനികശക്തിക്കല്ല കഴിയുക. ആത്മവഞ്ചനാപരമായ സമീപനമാണത്. ജനഹിതപരിശോധനയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഈയൊരു പശ്ചാത്തലത്തിലാണ് ഞാന്‍ നടത്തിയത്. തീര്‍ച്ചയായും, ഏതു സംസ്ഥാനത്തിനും ഇന്ത്യയില്‍നിന്ന് വേറിട്ടുപോകാനുള്ള അവകാശമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നുണ്ട് എന്നല്ല അതിനര്‍ഥം.

മനുഷ്യാവകാശമേഖലയിലും വര്‍ഷങ്ങളോളം നിയമയുദ്ധങ്ങള്‍ നടത്തിയ പ്രവര്‍ത്തനപരിചയം താങ്കള്‍ക്കുണ്ട്. ഇന്ത്യയില്‍ ഇന്ന് നമ്മള്‍ കാണുന്നത് ഭരണകൂടം നേരിട്ട് നേതൃത്വം നല്‍കുന്ന നിരവധി മനുഷ്യാവകാശലംഘനങ്ങളാണ്?

നമ്മുടെ രാജ്യത്ത് ഏറ്റവും വലിയ മനുഷ്യാവകാശലംഘകരായി ഭരണകൂടം മാറിയിരിക്കയാണ്. പൊലീസ് ഒരു ക്രിമിനല്‍ ശക്തിയായി വളര്‍ന്നിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സംഘടിത കുറ്റവാളിസംഘമാണ് പൊലീസെന്ന് ജസ്റ്റിസ് ആനന്ദ് നാരായണന്‍ മുല്ല 1950കളിലെ ഒരു വിധിപ്രസ്താവത്തില്‍ പറഞ്ഞത് കൂടുതല്‍ വഷളായിട്ടെ ഉള്ളൂ. സമാധാനപരമായി സമരമോ പ്രതിഷേധമോ നടത്തുന്ന ജനങ്ങള്‍ക്കുമീതെ പലതരം ഭരണകൂടഹിംസയുടെ പ്രയോഗങ്ങള്‍ വ്യാപകമാണിന്ന്. സെക്ഷന്‍ 144 പാസാക്കുക, സമാധാനസമരത്തിലേര്‍പ്പെട്ടവരെ മര്‍ദിക്കുക, രാജ്യദ്രോഹമുള്‍പ്പെടെയുള്ള കേസുകള്‍ കൂട്ടമായി ചാര്‍ജ് ചെയ്യുക, അവരെ കാലാകാലത്തേക്ക് കോടതിനടപടികള്‍ക്ക് എറിഞ്ഞുകൊടുക്കുക, കസ്റ്റഡി പീഡനങ്ങള്‍ക്കിരയാക്കുക എന്നുതുടങ്ങി പോകുന്നു രീതികള്‍. സ്വകാര്യ താല്‍പര്യങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ നടപ്പില്‍വരുത്തുന്ന വന്‍കിടപദ്ധതികളെ എതിര്‍ക്കുന്ന സമരപ്രവര്‍ത്തകരെ ഇങ്ങനെ വേട്ടയാടുന്നത് കാണാം. പോസ്കോയും നിയംഗിരിയും ഉദാഹരണങ്ങള്‍. അത് നമ്മുടെ ഭരണകൂടത്തിന്‍െറ സ്വഭാവത്തിന്‍െറയും ഘടനയുടെയും പ്രശ്നമാണ്. അവര്‍ കോര്‍പറേറ്റുകളുടെ ഏജന്‍റുമാരാണ്. സമൂലമായ പരിഷ്കരണം കൊണ്ടുവരണം.

രാഷ്ട്രീയാഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോള്‍ കൈയേറ്റം ചെയ്യപ്പെടുന്ന അവസ്ഥയില്‍ ചോദിക്കട്ടെ, നമ്മള്‍ യഥാര്‍ഥത്തില്‍ ജനാധിപത്യമുള്ളവരാണോ?

നിര്‍ഭാഗ്യവശാല്‍, അസഹിഷ്ണുതയുടെ ഒരു സംസ്കാരം നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും, വളരെ ഉയര്‍ന്നതോതില്‍ വര്‍ഗീയവികാരങ്ങളുള്ള സംഘ്പരിവാര്‍ സംഘടനകളിലും ചില മുസ്ലിം വര്‍ഗീയ സംഘടനകളിലും ഇത് രൂക്ഷമാണ്. തങ്ങളോട് എതിരഭിപ്രായമുള്ളവരെ ശക്തി ഉപയോഗിച്ച് നേരിടുന്ന അസഹിഷ്ണുതയുടെയും ഹിംസയുടെയും സംസ്കാരം ശരിയായവിധത്തില്‍ കൈകാര്യംചെയ്യപ്പെടേണ്ടതാണ്. കാരണം, അതൊരു ഫാഷിസ്റ്റ് മനോഭാവമാണ്. നിര്‍ഭാഗ്യവശാല്‍, നമ്മുടെ മിക്കവാറും രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരം പ്രവണതകളെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണക്കുന്നവരാണ്. വര്‍ഗീയവികാരം ഉണര്‍ന്നുനില്‍ക്കേണ്ടത് പല രാഷ്ട്രീയനേതാക്കന്മാരുടെയും ആവശ്യമാണ്. സാമുദായിക രാഷ്ട്രീയം നിലനില്‍ക്കുന്നത് ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഇഷ്ടമാണ്. അവര്‍ക്കതാണ് വേണ്ടത്. കാതലായ പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തെറ്റിക്കാന്‍ അവര്‍ക്കങ്ങനെ നിഷ്പ്രയാസം കഴിയുന്നു.

Loading...