ഒരു പ്രകൃതിദൃശ്യത്തിന്റെ ജലച്ചായചിത്രം പോലെ ഇഞ്ചത്തൊട്ടിയെന്ന ഗ്രാമം

ഒറ്റനോട്ടത്തില്‍ ഒരു പ്രകൃതിദൃശ്യത്തിന്റെ ജലച്ചായചിത്രം പോലെ തോന്നും. പച്ചയുടെ നിറഭേദങ്ങള്‍ പടര്‍ന്ന പുല്‍ത്തകിടികള്‍, നടുവിലൂടെ പുഴ, മെല്ലെ നീങ്ങുന്ന ചെറുവള്ളങ്ങള്‍, പശ്ചാത്തലമായി മലനിരകള്‍, പുഴയ്ക്കു കുറുകെ ഒരു തൂക്കുപാലം. ഇഞ്ചത്തൊട്ടിയെന്ന ഗ്രാമത്തിലേക്ക് ആളുകളെത്തുന്നത് ഈ തൂക്കുപാലം കാണാനാണ്.

കേരളത്തിലെ നീളം കൂടിയ തൂക്കുപാലങ്ങളിലൊന്നാണിത്. എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്താണ് ഇഞ്ചത്തൊട്ടി. ആള്‍ബഹളവും വാഹനത്തിരക്കും തീരെക്കുറഞ്ഞ ഗ്രാമം ഭൂതത്താന്‍ കെട്ടും തട്ടേക്കാടും കാണാനെത്തുന്നവരുടെ ഇടത്താവളമായി മാറിക്കഴിഞ്ഞു. ഒരു ടൂറിസ്റ്റ് സ്പോട്ടിന്റെ കെട്ടും മട്ടുമൊന്നുമില്ലാത്തൊരു നാട്ടിന്‍പുറം.

പാലത്തിലേക്കുള്ള വഴിയില്‍ സഞ്ചാരികളെയും കാത്ത് രണ്ടു ചെറിയ കടകള്‍. ഗ്രാമീണതയുടെ നിഷ്‌കളങ്കതയുള്ള നാട്ടുകാര്‍. ഇളംകാറ്റേറ്റ്, ശുദ്ധവായു ശ്വസിച്ച് പുല്‍ത്തകിടികളില്‍ ഒഴിവുസമയം ചിലവിടാനും പുഴയില്‍ ചൂണ്ടയിടാനുമെല്ലാം പറ്റിയ ഇടം. പ്രകൃതി ഭംഗിയും ശാന്തമായ അന്തരീക്ഷവും ഉള്ളതിനാല്‍ വെഡിങ് ഫോട്ടോഗ്രഫിക്കായും ആളുകള്‍ ഇവിടെയെത്തുന്നുണ്ട്.

കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയില്‍നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള നടപ്പാലമായാണ് 2012-ല്‍ തൂക്കുപാലം നിര്‍മിച്ചത്. മുന്‍പ് പുഴ കടക്കാന്‍ കടത്തുവള്ളം മാത്രമായിരുന്നു നാട്ടുകാര്‍ക്ക് ആശ്രയം. കേരളസര്‍ക്കാര്‍ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ അലൈഡ് ആന്‍ഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡാണ് പാലത്തിന്റെ രൂപകല്പനയും നിര്‍മാണവും.

185 മീറ്റര്‍ നീളവും നാല് അടി വീതിയും ജലാശയത്തില്‍ നിന്ന് 200 മീറ്ററോളം ഉയരവുമുണ്ട് പാലത്തിന്. പാലത്തില്‍നിന്നുള്ള പുഴയുടെയും തീരത്തിന്റെയും കാഴ്ച മനോഹരമാണ്. കോതമംഗലം-തട്ടേക്കാട് വഴിയില്‍ പുന്നേക്കാട് കവലയില്‍നിന്നു വലത്തോട്ടു തിരിഞ്ഞ് നേര്യമംഗലത്തേക്കു പോകുന്ന വ

പാലത്തിലൂടെയുള്ള യാത്ര അല്‍പ്പം സാഹസികമായിത്തന്നെ തോന്നും. പാലത്തിന്റെ ഇരുമ്പുകമ്പികളില്‍ മുറുകെ പിടിച്ചു താഴെക്കൊന്നു നോക്കിയാല്‍ കാണാം ശാന്തസുന്ദരിയായി ഒഴുകുന്ന പുഴയെ.

 

അപകടമാണെന്ന് അറിഞ്ഞിട്ടും തൂക്കുപാലത്തിലൂടെ ഇരുചക്ര വാഹനം കൊണ്ടുപോകുന്ന അതിസാഹസികരും കുറവല്ല. പാലം കടന്ന് ഇഞ്ചത്തൊട്ടിയില്‍ എത്തിയാല്‍ ചെറിയൊരു കടവുണ്ട്. നീണ്ട പടിക്കെട്ടുകളും പഴയ പ്രതാപ കാലത്തിന്റെ ശേഷിപ്പുകളെന്നോണം ചെറിയ കടത്തുവള്ളങ്ങളും കാണാം. പുഴയിലിറങ്ങി കാല്‍നനച്ചാല്‍ കാലില്‍ മുത്തമിടാന്‍ പരല്‍മീന്‍ കൂട്ടങ്ങള്‍ ഓടിയെത്തും.

തട്ടേക്കാട് പക്ഷിസങ്കേതം കണ്ടു മടങ്ങുന്ന സഞ്ചാരികള്‍ക്കു പുന്നേക്കാട്-നേര്യമംഗലം വഴിയിലൂടെയും ഇവിടെ എത്താം. ഭൂതത്താന്‍കെട്ട് അണക്കെട്ടിന് മുന്‍പാണ് തൂക്കുപാലം. വൈകുന്നേമാണ് സന്ദര്‍ശനത്തിനു പറ്റിയ സമയം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം