സമുദായ പരിപാടിയില്‍ പങ്കെടുത്തില്ല ; തഹസീല്‍ദാര്‍ വീട്ടമ്മയുടെ ജാതി സര്‍ട്ടിഫികേറ്റ് റദ്ദാക്കി

ഇടുക്കി: ഇടുക്കി തങ്കമണിയില്‍  സമുദായം നടത്തിയ പരിപാടിയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മയുടെ ജാതി തെളിയിക്കല്‍ സര്‍ട്ടിഫികേറ്റ് തഹസീല്‍ദാര്‍ റദ്ദാക്കി.  ചേരമര്‍ സമുദായത്തില്‍പ്പെട്ട തങ്കമണി വില്ലേജിലെ  നാരുപാറ തണ്ണിപ്പാറയില്‍ രമ്യയുടെ ജാതി സര്‍ട്ടിഫിക്കറ്റാണ് റദ്ദ് ചെയ്തത്.   സമുദായത്തിലെ വനിതാ നേതാവ് നല്‍കിയ പരാതിയിലാണ്   പട്ടിക ജാതിക്കാരിയായ വീട്ടമ്മയുടെ ജാതി സര്‍ട്ടിഫികേറ്റ് തഹസില്‍ദാര്‍ റദ്ദാക്കിയത്.

 

തുടര്‍ന്ന് വീട്ടമ്മ ഇടുക്കി ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കി  ഇവരുടെ കൈവശമുണ്ടായിരുന്ന ജാതി സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസര്‍ തിരികെ വാങ്ങുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.  സംഭവത്തില്‍  കളക്ടര്‍ തഹസീല്‍ദാറോട് വിശദീകരണം തേടി.

 

പട്ടികജാതിക്കാര്‍ക്കുള്ള ഭവന പദ്ധതി പ്രകാരം വീടുവയ്ക്കാനായി അഞ്ചുസെന്‍റ  സ്ഥലത്തിന് ബ്ലോക്ക് ഓഫീസില്‍ അപേക്ഷ നല്‍കാനാണ് രമ്യയ്ക്ക് കഴിഞ്ഞമാസം ഒമ്പതിന് തഹസീല്‍ദാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍ രമ്യ പട്ടികജാതിയില്‍പ്പെട്ട ആളല്ലെന്നു കാട്ടി വനിതാ നേതാവ് തഹസീല്‍ദാര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

ഇതേ തുടര്‍ന്ന് ഓഗസ്റ്റ് 29ന് തഹസീല്‍ദാര്‍ രമ്യയുടെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയായിരുന്നു. താന്‍ സമുദായ പരിപാടികളില്‍ പങ്കെടുത്തില്ലെന്നും  അത്തരമൊരാള്‍ സമുദായത്തിന്‍റെ  പേരിലുള്ള ആനുകൂല്യങ്ങള്‍ വാങ്ങാന്‍ അനുവദിക്കില്ലെന്നും സമുദായ നേതാവ് വെല്ലുവിളിച്ചതായി രമ്യ കളക്ടര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

അഞ്ചു പതിറ്റാണ്ടിലേറെയായി ഇടുക്കിയിലാണ് രമ്യയുടെ കുടുംബം താമസിക്കുന്നത്. അച്ഛന്‍ ചേരമര്‍ ഹിന്ദു വിഭാ​ഗത്തില്‍പ്പെട്ടയാളാണ്. രമ്യയുടേയും സഹോദരങ്ങളുടേയും സ്കൂള്‍ സര്‍ട്ടിഫിക്കറ്റിലും ജാതി രേഖപ്പെടുത്തിയിരിക്കുന്നത് ചേരമര്‍ ഹിന്ദു എന്നാണ്. തങ്ങള്‍ക്ക് നേരത്തെയും പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നതായി രമ്യ വ്യക്തമാക്കി.

 

ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം രമ്യ വാടക വീട്ടിലാണ് താമസിക്കുന്നത്. കൂലിപ്പണിക്ക് പോയി ജീവിതം മുന്നോട്ടുകൊണ്ടുപോവുന്ന രമ്യക്ക് സമുദായ പരിപാടികളില്‍ പങ്കെടുക്കാനായില്ല .  ഇതില്‍ കലിതുള്ളിയാണ്  വനിതാനേതാവ് തനിക്കെതിരെ പരാതി ഉന്നയിച്ചതെന്നാണ് രമ്യ പറയുന്നത്.

 

ജാതി സംബന്ധിച്ചു  പരാതിയുള്ളതിനാല്‍ പ്രശ്നം ഉന്നതോധ്യഘസ്ഥരുടെ അറിവില്‍ എത്തിച്ചിട്ടുണ്ടെന്നും അവരുടെ തീരുമാനത്തില്‍ പരിഹാരം കാണാമെന്നും    താലൂക്ക് ഓഫീസ് അധികൃതര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം