ആദ്യം മക്കളെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമം;പിന്നീട് എയർ ഹോളിലൂടെ കയർ കെട്ടിയിറങ്ങി യുവതിയെ അതിസാഹസികമായി തട്ടിക്കൊണ്ടു പോയി തടയാൻ ശ്രമിച്ച സഹോദരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു;പിണങ്ങിപ്പോയ ഭാര്യയെ തിരികെ എത്തിക്കാന്‍ യുവാവ് ചെയ്ത പരാക്രമങ്ങള്‍ കോന്നിയില്‍ പോലീസിനെ വട്ടം ചുറ്റിപ്പിച്ചു

 ആദ്യം മക്കളെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമിച്ചു.പിന്നീട് എയർ ഹോളിലൂടെ കയർ കെട്ടിയിറങ്ങി യുവതിയെ അതിസാഹസികമായി തട്ടിക്കൊണ്ടു പോയി. തടയാൻ ശ്രമിച്ച  സഹോദരിയെ  വെട്ടിപ്പരിക്കേൽപ്പിച്ചു.പിണങ്ങിപ്പോയ ഭാര്യയെ തിരികെ എത്തിക്കാന്‍ യുവാവ് ചെയ്ത പരാക്രമങ്ങള്‍ കോന്നിയില്‍ പോലീസിനെ വട്ടം ചുറ്റിപ്പിച്ചു. കാട്ടിലേക്ക്  ഭാര്യയുമായി കടന്നുകളഞ്ഞ യുവാവിനെ തേടി ഒമ്പതു മണിക്കൂർ നെട്ടോട്ടമോടിയ പൊലിസ് ഒടുവിൽ മൊബൈൽഫോൺ പിന്തുടർന്ന് ഇരുവരെയും കണ്ടെത്തി.

 കുമ്മണ്ണൂർ വിളയിൽ വീട്ടിൽ വിനോദ് (35) ആണ് ഭാര്യ അനിതയെ(32) തട്ടിക്കൊണ്ടു പോയത്. 12 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്.  രണ്ടു മക്കളുമുണ്ട്. തന്നെയും കുട്ടികളെയും ഉപദ്രവിക്കുന്നത് പതിവായതോടെ അനിത രണ്ടു വർഷം മുൻപ് വിനോദിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയി. സഹോദരി കുമ്മണ്ണൂർ മുളന്തറയിൽ ശ്രീലതയുടെ വീട്ടിലായിരുന്നു താമസം. പലവട്ടം വിനോദ് ഇവിടെ ചെന്ന് അനിതയെ  തിരികെ വിളിച്ചു.അവസാനമായി ഇയാൾ ഇവിടെ എത്തി വീണ്ടും അനിതയോട് തനിക്കൊപ്പം വരാൻ ആവശ്യപ്പെട്ടു. അനിത വഴങ്ങിയില്ല. രണ്ടു മക്കളെയും ചേർത്തു പിടിച്ച് വിനോദ്, അനിത വന്നില്ലെങ്കിൽ അവരെ കൊല്ലുമെന്ന് ഭീഷണി മുഴക്കി. സ്വന്തം മക്കളെ ഒരിക്കലും ഒരു പിതാവ് കൊല്ലുകയില്ലെന്ന് ധാരണ തെറ്റിച്ചു കൊണ്ട് വിനോദ് മക്കളുടെ രണ്ടുപേരുടെയും കഴുത്ത് കൈവശം ഒളിപ്പിച്ചിരുന്ന ബ്ലേഡ് കൊണ്ട് അറുത്തു. ഗുരുതരമായി പരുക്കേറ്റ കുട്ടികൾ കഷ്ടിച്ചാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇതിന് ശേഷം ഒളിവിൽ പോയ വിനോദിനെ പൊലീസ് പിന്നീട് പിടികൂടി. ഏറെക്കാലം ജയിലിൽ കിടക്കേണ്ടിയും വന്നു. ഇയാൾ നാട്ടിൽ തിരിച്ചെത്തിയതോടെ അനിത കുട്ടികളെയും കൂട്ടി വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് സഹോദരിയുടെ വീട്ടിൽ അനിത വന്നിട്ടുണ്ടെന്ന് മനസിലാക്കിയ വിനോദ് ഇന്ന് പുലർച്ചെ രണ്ടരയോടെ കയർ, വെട്ടുകത്തി തുടങ്ങിയ സാധനങ്ങളുമായി അവിടെ എത്തി. കോൺക്രീറ്റ് ചെയ്ത വീടിന്റെ എയർഹോൾ അൽപ്പം വലുതായിരുന്നു. ഇതിന്റെ വിടവിലൂടെ കയർ കെട്ടി മുറിയിലിറങ്ങിയ ഇയാൾ അനിതയെ കടന്നു പിടിച്ചു. നിലവിളിക്കാൻ ശ്രമിച്ചപ്പോൾ അനിതയുടെ വായ പൊത്തിപ്പിടിച്ചു. ശബ്ദം കേട്ടുണർന്ന സഹോദരി  ഒച്ച വയ്ക്കുകയും അനിതയെ രക്ഷിക്കാന്‍  ശ്രമിക്കുകയും ചെയ്തു.
വിനോദ് വെട്ടുകത്തി  കൊണ്ട് സഹോദരിയുടെ തലയ്ക്ക്  വെട്ടി.

തുടർന്ന് ഇയാള്‍ അനിതയെയും വലിച്ചിഴച്ച് കുമ്മണ്ണൂർ ചുട്ടിപ്പാറയിലെ കൊടുംവനത്തിലേക്ക് കയറിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് മൂന്നുമണിയോടെ സ്ഥലത്ത് എത്തിയ കോന്നി സിഐ പരിക്കേറ്റ യുവതിയെ  മെഡിക്കൽ കോളജിലേക്ക് മാറ്റി.പിന്നീട് പൊലീസിനെ പല സംഘങ്ങളായി തിരിച്ച് വനത്തിൽ തെരച്ചിൽ നടത്താൻ തീരുമാനിച്ചു.

വിനോദ് കൊണ്ടു വന്ന കൈലി വീട്ടിനുള്ളില്‍ നിന്നും പോലീസിന് ലഭിച്ചു. ഇത് പൊലീസ് നായയെ കൊണ്ട് മണപ്പിച്ച് ഇവർ പോയ വഴി പിന്തുടരാനാണ് ആദ്യം ശ്രമിച്ചത്. അപ്പോഴാണ് വിനോദ് പ്രശ്നം ഉണ്ടാക്കുന്നതിനിടെ ആണിത് തന്റെ മൊബൈല്‍ ഫോണ്‍ കായയ്ക്കുള്ളില്‍ സൂക്ഷിചിരുന്നെന്നു പോലീസ് അരിഞ്ഞത്. സൈബർ സെൽ വഴി ടവർ ലൊക്കേറ്റ് ചെയ്തപ്പോൾ ചുട്ടിപ്പാറ വനമേഖലയാണ് കാണിച്ചത്. ആറു കിലോമീറ്റർ ഉള്ളിലേക്ക് വിനോദ് ഭാര്യയുമായി കടന്നു ചെന്നിരുന്നു. ഈ വഴിയിലൂടെ തന്നെ പൊലീസ് ഇവർ ഉണ്ടായിരുന്ന സ്ഥലം കണ്ടെത്തി. അവിടെ ചെല്ലുമ്പോൾ അനിതയെ കൊന്ന് സ്വയം ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നു വിനോദ്.

ആദ്യമൊക്കെ ഇയാൾ അനിതയോട് തനിക്കൊപ്പം താമസിക്കണമെന്ന് ആവശ്യപ്പെട്ടു. വഴങ്ങാതായപ്പോൾ ഇവരുടെ കൈയും കാലുമെല്ലാം ബന്ധിച്ചു. ഒന്നിച്ചു ജീവിക്കുന്നില്ലെങ്കിൽ ഒരുമിച്ച് മരിക്കാമെന്നായി പിന്നെ വിനോദിന്റെ നിലപാട്. ഇതിനായി അനിതയെ നിർബന്ധിച്ചു കൊണ്ടിരിക്കുമ്പോഴാണ് പൊലീസ് എത്തിയത്. ഇതോടെ ഇയാൾ വീണ്ടും അക്രമാസക്തനായി. പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാമെന്ന് പറഞ്ഞ് പൊലീസ് അനുനയിപ്പിച്ചതോടെ വിനോദ് ശാന്തനായി. തുടർന്ന് ഇരുവരെയും കോന്നി സ്റ്റേഷനിലേക്ക് മാറ്റി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം