ഹോണ്ട അക്കൊഡ് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്നു

honda accordപ്രീമിയം ആഡംബര സെഡാനായ ‘അക്കോഡ്’ അടുത്ത വർഷത്തോടെ ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട. തുടക്കത്തിൽ 2.4 ലീറ്റർ പെട്രോൾ എൻജിനോടെ വിൽപ്പനയ്ക്കെത്തുന്ന ‘അക്കോഡി’ന്റെ സങ്കര ഇന്ധന വകഭേദവും പിന്നാലെ ഇന്ത്യയിലെത്തുമെന്നാണു സൂചന.

‘അക്കോഡി’ന്റെ മടങ്ങി വരവ് അടുത്ത വർഷമുണ്ടാവുമെന്നു പ്രഖ്യാപിച്ച ഹോണ്ട കാഴ്സ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കട്സുഷി ഇനുവാണു കാറിന്റെ സങ്കര ഇന്ധന വകഭേദത്തിന്റെ ഇന്ത്യൻ അരങ്ങേറ്റത്തെക്കുറിച്ചും സൂചിപ്പിച്ചത്.

വിൽപ്പന കുത്തനെ ഇടിഞ്ഞതോടെ 2013 ഡിസംബറിലാണു ഹോണ്ട കാഴ്സ് ‘അക്കോഡി’നെ ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചത്. കാര്യമായ സാധ്യതയില്ലാത്ത ‘അക്കോഡി’നായി സമയം പാഴാക്കുന്നതിന പകരം കോംപാക്ട് ഹാച്ച്ബാക്കായ ‘ബ്രിയോ’യിലും എൻട്രിലവൽ സെഡാനായ ‘അമെയ്സി’ലും ഇടത്തരം സെഡാനായ ‘സിറ്റി’യിലും വിവിധോദ്ദേശ്യവാഹനമായ ‘മൊബിലിയൊ’യിലും ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഹോണ്ടയുടെ തീരുമാനം. അതുകൊണ്ടുതന്നെ 2013ൽ ആഗോളവിപണികളിൽ വിൽപ്പനയ്ക്കെത്തിയ ഒൻപതാം തലമുറ ‘അക്കോഡി’നെ ഹോണ്ട ഇന്ത്യയിൽ അവതരിപ്പിച്ചുമില്ല.

എന്നാൽ ജൂലൈയോടെ പ്രീമിയം ഹാച്ച്ബാക്കായ ‘ജാസ്’ കൂടിയെത്തുമ്പോൾ ഇന്ത്യയിൽ ഹോണ്ടയുടെ വിൽപ്പന സാധ്യതയേറിയ മോഡലുകളുടെ ശ്രേണി പൂർത്തിയാവുകയാണ്. ഇതുകഴിഞ്ഞാൽ ആഡംബര വിഭാഗത്തിൽപെട്ട ‘അക്കോഡ്’ പുറത്തിറക്കി ബ്രാൻഡ് പ്രതിച്ഛായ മെച്ചപ്പെടുത്താൻ സാവകാശം ലഭിക്കുമെന്ന പ്രതീക്ഷയിലാണു ഹോണ്ട. രണ്ടു വർഷം മുമ്പു പുറത്തിറങ്ങിയ ഒൻപതാം തലമുറ ‘അക്കോഡി’ന്റെ പരിഷ്കരിച്ച പതിപ്പാവും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുകയെന്നാണു സൂചന. കാരണം കാർ അവതരിപ്പിച്ച് രണ്ടു വർഷമായ സാഹചര്യത്തിൽ ആഗോളതലത്തിൽ അടുത്ത വർഷത്തോടെ ‘അക്കോഡി’ന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കാൻ ഹോണ്ട തയാറെടുക്കുകയാണ്.

ചെക്ക് നിർമാതാക്കളായ സ്കോഡ ഓട്ടോ പുത്തൻ ‘സുപർബും’ ഫോക്സ്വാഗൻ ‘പസ്റ്റും’ അവതരിപ്പിക്കുന്ന വേളയിലാണ് ‘അക്കോഡു’മായി ഹോണ്ടയും പ്രീമിയം സെഡാൻ വിഭാഗത്തിൽ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്. പുതിയ ‘അക്കോഡി’ന്റെ വില സംബന്ധിച്ച സൂചനയൊന്നും ഹോണ്ട നൽകിയിട്ടില്ല. എന്നാൽ മത്സരക്ഷമമായ വിലകളിൽ ലഭ്യമാക്കിയാൽ പ്രീമിയം സെഡാൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പുതിയ ‘അക്കോഡി’നു കഴിയുമെന്നാണു വിദഗ്ധരുടെ നിഗമനം. പരമ്പരാഗതമായി പ്രധാന എതിരാളിയായ ടൊയോട്ട ‘കാംറി’യെ അപേക്ഷിച്ചു കുറഞ്ഞ വിലയ്ക്കാണു ഹോണ്ട ‘അക്കോഡ്’ വിൽക്കാറുള്ളത്. നിലവിൽ 28.80 ലക്ഷം രൂപയാണു ‘കാംറി’ക്കു ഡൽഹി ഷോറൂമിൽ വില.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം