കോളജിൽ നിന്ന് അവൾ ഓടും മീൻ വിൽക്കാൻ…ഇങ്ങനെയും ഉണ്ട് ചില ജീവിതങ്ങള്‍ ഇത് ഹിനനാന്റെ കഥ

news web

കൊച്ചി: വൈകുന്നേരങ്ങളിൽ പാലാരിവട്ടം തമ്മനം ജംഗ്ഷനിൽ പോയാൽ യൂണിഫോമിൽ മീൻവിൽക്കുന്ന ഈ മിടുക്കിയെ കാണാം. നിസാര പ്രശ്നങ്ങളുടെ പേരിൽ തകർന്നുപോകുന്നവർക്കുള്ള പാഠപുസ്തകമാണ് ഈ തൃശൂർ സ്വദേശിനിയായ ഹനാൻ. ജീവിത കഥ ഒരു പത്രത്തിൽ വന്നതോടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഹനാനും മീൻവിൽപനയും.

മാടവനയിൽ വാടകവീട്ടിലാണ് ഹനാന്റെ താമസം. പുലർച്ചെ മൂന്നിന് എഴുന്നേൽക്കും. ഒരു മണിക്കൂർ നേരത്തെ പഠനത്തിന്ശേഷം ചമ്പക്കര മീൻ മാർക്കറ്റിലേക്ക് പോകും. കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടിയാണ് മാർക്കറ്റിലെത്തുന്നത്. അവിടെ നിന്ന് മീനും സൈക്കിളുമായി തമ്മനത്തേക്ക് പോകും,

മീൻവാങ്ങി മടങ്ങി വീട്ടിലെത്തിയാൽ കുളിച്ചൊരുങ്ങി ഏഴേകാലോടെ 60 കിലോമീറ്റർ അകലെയുള്ള തൊടുപുഴയിലെ അൽ അസർ കോളജിലേക്ക്. അവിടെ മൂന്നാംവർഷ കെമിസ്ട്രി വിദ്യാർ‌ത്ഥിയാണ്.

മൂന്നരക്ക് കോളജ് വിട്ടാൽ പിന്നെ നിന്ന് തിരിയാതെ തമ്മനത്തേക്ക് വച്ചുവിടും. രാവിലെ എടുത്തുവച്ച മീൻപെട്ടിയെടുത്ത് കച്ചവടം തുടങ്ങും. പെട്ടി ഒഴിയാൻ അധികനേരമെടുക്കില്ല. അര മണിക്കൂർ കൊണ്ടുതന്നെ മീൻ മുഴുവൻ വിറ്റു തീരും. മീൻവിൽപ്പനയ്ക്ക് രണ്ടുപേർ സഹായികളായുണ്ടായിരുന്നു. സഹോദരനെപ്പോലെ കണ്ട ഒരാളുടെ പെരുമാറ്റം തളർത്തിയപ്പോൾ കച്ചവടം ഒറ്റയ്ക്കേറ്റെടുത്തു.

ഡോക്ടറാകണമെന്നായിരുന്നു ഹനാന്റെ സ്വപ്നം. എന്നാൽ ജീവിതപ്രതിസന്ധികൾക്കിടയിൽ പ്ലസ്ടു പഠനം തന്നെ മുടങ്ങി. പക്ഷെ അവിടെ തളർന്നിരുന്നില്ല. എറണാകുളത്തെത്തി കോൾ സെന്ററിലും ഓഫീസിലും ഒരു വർഷം ജോലിചെയ്ത് കോളജ് പഠനത്തിന് പണം കണ്ടെത്തി. ചെവിക്ക്‌ ശസ്ത്രക്രിയ വേണ്ടിവന്നു.

പത്താംക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കാലം വീടുകൾതോറും കയറിയിറങ്ങി ട്യൂഷൻ എടുത്തും മുത്തുമാല കോർത്തു വിറ്റുമാണ് ഹനാൻ പഠനത്തിന് പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്. ഇതിനിടെ അച്ഛനും അമ്മയും വേർപിരിഞ്ഞു. അമ്മ മാനസികമായി തകർന്നു. സഹോദരൻ പ്ലസ് ടുവിന്‌ പഠിക്കുകയാണ്.

കോളജ് ഫീസിനും വീട്ടുവാടകയ്ക്കും പുറമെ തൃശൂരിൽ കഴിയുന്ന അമ്മയുടെ ആവശ്യങ്ങൾക്കുള്ള ചെലവിനുള്ള തുക കൂടി മാസാമാസം കണ്ടെത്തണം. അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റും കവയിത്രിയും കൂടിയാണ് ഹനാൻ. കളരിയിലും പ്രാവീണ്യമുണ്ട്. പഠിക്കാൻ സമയം കിട്ടാറില്ലെന്ന് പരാതി പറയുന്ന പുതുതലമുറ, ഹനാനെ കണ്ടുപഠിക്കേണ്ടതാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം