തിരുവനന്തപുരം: കേരളത്തിലെ ഒരു വിഭാഗം ഡോക്ടര്‍മാരുടെ ധാര്‍ഷ്ട്യവും അപക്വതയും മൂലം പൊതുജനങ്ങള്‍ക്ക് ആകെ ഉപകാരപ്രദമായി മാറുന്ന ഒരു ജനകീയ പദ്ധതിയാണ് തകര്‍ക്കപ്പെടുന്നത്. ആര്‍ദ്രം മിഷന്റെ ഭാഗമായി പഞ്ചായത്തുകളില്‍ കുടുംബ ഡോക്ടര്‍ സംവിധാനം നിലവില്‍ വന്നുകൊണ്ടിരിക്കുകയാണ്.
ഓരോ വ്യക്തിക്കും പ്രത്യേക ശ്രദ്ധയോടെയുള്ള ആരോഗ്യ പരിചരണം ലഭ്യമാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ചതാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍. കെട്ടിലും മട്ടിലും പ്രവര്‍ത്തന രീതിയിലും ജനകീയ മാറ്റമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയയിടത്തെല്ലാം ലഭ്യമായത്. ഒരു ഡോക്ടര്‍ക്ക് പകരം 3 ഡോക്ടര്‍മാരേയാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമിച്ചത്. മുമ്പ് അപൂര്‍വം കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മൂന്നോ നാലോ ഡോക്ടര്മാരുണ്ടായിരുന്നയിടത്ത് അതേപടി നിലനിര്‍ത്തുകയും ചെയ്തു.
ഇത്രയുംനാള്‍ 100 മുതല്‍ 300/350 വരെയുള്ള ഒ.പി. ഒരു ഡോക്ടര്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്തത് 3 ഡോക്ടര്‍മാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തതോടെ പ്രവൃത്തിഭാരം കൂടുകയാണോ കുറയുകയാണോ ചെയ്യുന്നത്? സ്വാര്‍ത്ഥ താത്പര്യത്തിന്റെ ഭാഗമായി തൊഴില്‍ സമയവും ഡ്യൂട്ടി ഭാരവും കൂടിയെന്ന ഇല്ലാകഥകള്‍ പ്രചരിപ്പിക്കുന്ന കെ.ജി.എം.ഒ.എ.യുടെ ചില നേതാക്കള്‍ ഇക്കാര്യത്തില്‍ മറുപടി പറഞ്ഞേ മതിയാകുകയുള്ളൂ.
നാട്ടിന്‍പുറത്ത് ഉച്ചവരെ ജോലിക്ക് പോയി തിരിച്ചുവരുന്ന രക്ഷിതാക്കള്‍ ഉച്ചയ്ക്ക് ശേഷം തങ്ങളുടെ മക്കളേയും പ്രായം ചെന്ന മാതാപിതാക്കളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാണിക്കണമെന്ന് തോന്നിയാല്‍, അതിനുള്ള അവസരം ഉണ്ടാക്കുക കൂടിയാണ് ഉച്ചയ്ക്ക് ശേഷം ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന്റെ ഉദ്ദേശം.
നിലവിലുള്ള ഒരു ഡോക്ടറിനോട് വൈകുന്നേരം വരെ ജോലി ചെയ്യാനല്ല പറഞ്ഞത്. മറിച്ച് മൂന്ന് ഡോക്ടര്‍മാരെയും അനുബന്ധ സ്റ്റാഫുകളേയും നിയമിച്ചതിന് ശേഷമാണ് വൈകുന്നേരം വരെയുള്ള ഒ.പി. തുടങ്ങിയത്.
കുടുംബാരോഗ്യ കേന്ദ്രത്തിനായി പരിശീലനം കിട്ടിയവരെല്ലാവരും നാടിനുവേണ്ടി സേവനം ചെയ്യാന്‍ സന്നദ്ധരായിരുന്നു. ഒ.പി. സമയവും ഫീല്‍ഡ് വര്‍ക്കും എല്ലാം ചേര്‍ന്ന് ആഴ്ചയില്‍ 36 മണിക്കൂറാണ് ഒരാളുടെ പ്രവൃത്തിസമയം വരിക.
നാട്ടില്‍ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനും മഹാഭൂരിപക്ഷം ഡോക്ടര്‍മാരും സ്വമേധയാ തയ്യാറായിരുന്നു.
എന്നാല്‍ സംഘടനയുടെ പേരില്‍ അധീശത്വം സ്ഥാപിക്കുന്നതിനും പ്രൈവറ്റ് പ്രാക്ടീസ് മുടങ്ങുമോ എന്ന സംശയത്താലും ഈ ജനകീയ പദ്ധതിയെ പൊളിക്കാന്‍ ചിലര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്.
ആര്‍ദ്രം മിഷന് വഴി കേരളത്തിലെ ആരോഗ്യ മേഖലയില്‍ പുത്തനുണര്‍വുണ്ടായത് പരിശ്രമശാലികളായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവരുടേയും സേവന തത്പരരായ ജനങ്ങളുടേയും കക്ഷിരാഷ്ട്രീയത്തിനതിതമായ പരിശ്രമങ്ങളുടെ ഫലമായാണ്.
ഇപ്പോള്‍ ഉണ്ടായിട്ടുള്ള ആശ്വാസപ്രദമായ മുന്നേറ്റം തുടര്‍ന്നാല്‍ പൊതുജനാരോഗ്യ മേഖലയില്‍ വമ്പിച്ച മാറ്റമുണ്ടാക്കാന്‍ കഴിയും. അതിന് വേണ്ടി ഒന്നിച്ച് പരിശ്രമിക്കുന്നതിന് പകരം രോഗികളെ വെല്ലുവിളിച്ചുകൊണ്ട് ആശുപത്രി ബഹിഷ്കരിക്കുകയാണ് ഒരു കൂട്ടം ഡോക്ടര്‍മാര്‍ ചെയ്യുന്നത്.
ആവശ്യ സര്വീസാണെന്ന ബോധ്യമില്ലാതെ, സമരത്തിനുള്ള നോട്ടീസ് പോലും നല്‍കാതെ സംസ്ഥാന വ്യാപകമായി പാതിരാത്രിയില്‍ സമരം പ്രഖ്യാപിക്കാന്തക്കവണ്ണം എന്ത് സംഭവവാണ് ഉണ്ടായതെന്ന് അവര്‍ വ്യക്തമാക്കണം.
കുടുംബാരോഗ്യ കേന്ദ്രത്തില്‍ 4 ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും ഉച്ചയ്ക്ക് ശേഷം ഒ.പി.യില്‍ ഇരിക്കാന്‍ തയ്യാറാകാതെ ധിക്കാരപരമായി ഒ.പി.യില്‍ ഇരിക്കില്ലെന്ന് എഴുതി ഒപ്പിട്ട് മാറി നിന്ന ഡോക്ടറെ സസ്പെന്റ് ചെയ്തതിന്റെ പേരിലാണ് അവരുടെ സമരം.
ഇതേവരെ യാതൊരു മാറ്റവും വരുത്താതിരുന്ന താലൂക്ക്, ജില്ലാ ആശുപത്രികളിലടക്കം ബഹിഷ്കരിക്കാനാണവര് ആഹ്വാനം ചെയ്തത്. ഈ തെറ്റ് ഒരിക്കലും ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല.
ആരോഗ്യ മേഖല ഓരോരുത്തരുടേയും അപക്വതയ്ക്കും നിത്യാഭിമാനത്തിനും വേണ്ടി പന്താടാനുള്ളതല്ല. കൃത്യസമയത്ത് നിശ്ചയിക്കപ്പെട്ട ജോലി ചെയ്യാത്തവര്‍ക്കെതിരെ നടപടി സ്വീകരിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ.
പൊതുജനങ്ങള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് സംഘടനാ നേതാക്കള്‍ മനസിലാക്കിയാല്‍ നന്ന്. ജനങ്ങളോടുള്ള വെല്ലുവിളി അവസാനിപ്പിച്ച് ഡോക്ടര്‍മാര്‍ ജോലിക്ക് ഹാജരാകാന്‍ തയ്യാറാകണം.
പരിഹരിക്കാവുന്ന ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്, കുടുംബാരോഗ്യ സംവിധാനത്തെ തകര്‍ക്കുന്നതൊഴികെ.