ഹര്‍ത്താല്‍ നിയന്ത്രണ നിയമം വരുന്നു

indexതിരുവനന്തപുരം: ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിനു മുന്നോടിയായി പൊതുജനങ്ങളുടെയും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെയും അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഫേയ്സ്ബുക്ക് പോസ്റിലൂടെയാണു ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. ഹര്‍ത്താല്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു നിരവധി പരാതികളും നിവേദനങ്ങളും സര്‍ക്കാരിനു ലഭിച്ചിരുന്നു. മാത്രമല്ല, ഹര്‍ത്താല്‍ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ഹൈക്കോടതിയും അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണു ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ തയാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ഫേയ്സ്ബുക്ക് പോസ്റില്‍ പറയുന്നു. പുതിയ ബില്‍ നിയമമാകുന്നതോടെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിനു മൂന്നു ദിവസം മുമ്പു മാധ്യമങ്ങള്‍ വഴി അറിയിച്ചിരിക്കണം. അക്രമസാധ്യതയുണ്ടാകുമെന്നു സര്‍ക്കാരിനു ബോധ്യപ്പെട്ടാല്‍ ഹര്‍ത്താല്‍ തടയാനുള്ള വ്യവസ്ഥയും ഇതിലുള്‍പ്പെടുന്നു. ബലം പ്രയോഗിച്ചു സ്ഥാപനങ്ങള്‍ അടയ്ക്കുന്നതും, പൌരന്മാരെ ഭീഷണിപ്പെടുത്തുന്നതും ഈ നിയമപ്രകാരം കുറ്റകരമായിരിക്കും. ഇതിന് ആറു മാസം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതികളായവര്‍ അനുഭവിക്കേണ്ടി വരും. ഹര്‍ത്താലുമായി ബന്ധപ്പെട്ടു പൌരന്‍മാര്‍ക്കു സഞ്ചാരസ്വാതന്ത്യ്രമുള്‍പ്പെടെ ലഭ്യമാക്കുന്നതിന്റെ ഉത്തരവാദിത്വവും പോലീസിനായിരിക്കും. ഇതില്‍ വീഴ്ചവരുത്തിയാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതുള്‍പ്പെടെ സുപ്രധാന നിര്‍ദേശങ്ങളടങ്ങിയതാണു കരടു ബില്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം