പിതാവ് ക്രൂരമായി മര്‍ദ്ദിക്കുന്നു’ഇന്നോ നാളെയോ കൊല്ലപ്പെട്ടേക്കാം – ഹാദിയ പറയുന്നതിന്‍റെ വീഡിയോ പുറത്ത്

വീട്ടു തടങ്കലില്‍ കഴിയുന്ന ഹാദിയയുടെ വീഡിയോ രാഹുല്‍ ഈശ്വര്‍ പുറത്ത് വിട്ടു. ജീവന് ഭീഷണിയുണ്ടെന്നും കൊല്ലപ്പെടുമെന്ന് ഭയമുള്ളതായും ഹാദിയ. അച്ഛന്‍ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹാദിയ പറയുന്നതായും വീഡിയോയിലുണ്ട്. അച്ഛന്‍ തന്നെ തല്ലുന്നതായും ചവിട്ടുന്നതായും ഹാദിയ പറയുന്നു. വീഡിയോയുടെ അല്‍പ ഭാഗം രാഹുല്‍ ഈശ്വര്‍ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്ടലായ സൗത്ത്‌ലൈവിന് കൈമാറി

.https://www.facebook.com/SouthLiveNews/videos/1709189532446189/

 

വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ വീഡിയോയുടെ കുറച്ച് ഭാഗം മാധ്യമങ്ങളെ കാണിച്ചിരുന്നു. വര്‍ഗീയ വിവാദം ഉണ്ടാകുമെന്നതിനാല്‍ ബാക്കി ഭാഗം പുറത്തുവിടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. കേസ് ഒക്ടോബര്‍ മുപ്പതിന് കോടതി പരിഗണിക്കുന്നതിനാലാണ് ഇപ്പോള്‍ വീഡിയോ പുറത്ത് വിടുന്നതെന്നും രാഹുല്‍ അറിയിച്ചു.

ഹാദിയയെ മരുന്നു നല്‍കി മയക്കി കിടത്തുകയാണെന്ന് പ്രമുഖ ഡോക്യുമെന്റെറി സംവിധായകന്‍ ഗോപാല്‍ മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വീട്ടില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയാകുന്നതായി ഹാദിയ പറയുന്ന വീഡിയോ താന്‍ കണ്ടെന്നും ഗോപാല്‍ മേനോന്‍ വ്യക്തമാക്കിയിരുന്നു.

ഹാദിയയെ ഉറക്കിക്കിടത്താന്‍ മരുന്ന് നല്‍കുകയാണെന്നും ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും ഗോപാല്‍ മേനോന്‍ ആവശ്യപ്പെട്ടിരുന്നു. താന്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാകുന്നതായും കൊല്ലപ്പെടാമെന്നും ഹാദിയ വ്യക്തമാക്കുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ കയ്യിലുണ്ട്. ഡോക്യുമെന്ററി നിര്‍മ്മാണത്തിനിടെ രാഹുല്‍ ഈശ്വറിനെ സന്ദര്‍ശിച്ചപ്പോള്‍ താന്‍ വീഡിയോ കണ്ടെന്നുമാണ് ഗോപാല്‍ പറഞ്ഞത്.

മതം മാറാന്‍ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാന്‍ ഹാദിയയുടെ അച്ഛന്‍ അശോകന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കുന്നതായി അമ്മ പൊന്നമ്മ ഹാദിയയോട് പറയുന്ന ഓഡിയോയും ഗോപാല്‍ മേനോന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു. ഹാദിയ വീട്ടു തടങ്കലില്‍ ആകുന്നതിന് മുമ്പ് അമ്മയുമായി നടത്തിയ സംഭാഷണത്തിലാണ് അച്ഛന്‍ അശോകന്‍, മതംമാറാന്‍ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതായുള്ള വിവരങ്ങളുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം