മദ്യനയത്തിന് ഹൈക്കോടതിയുടെ ഭാഗിക അംഗീകാരം; ഫോര്‍ സ്റ്റാര്‍ ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാം

bar

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് ഹൈക്കോടതിയുടെ ഭാഗിക അംഗീകാരം. അടുത്ത മാര്‍ച്ച് 31 ന് അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷത്തേക്ക് ഫോര്‍ സ്റാര്‍ നിലവാരമുള്ള ബാറുകള്‍ക്കു കൂടി തുറന്നുപ്രവര്‍ത്തിക്കാവുന്നതാണെന്നു ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനസര്‍ക്കാരിന്റെ പുതിയ മദ്യനയം ചോദ്യംചെയ്തു ബാര്‍ ഉടമകള്‍ നല്‍കിയതടക്കം 83 ഹര്‍ജികളിലാണ് ജസ്റീസ് സുരേന്ദ്രമോഹന്റെ ബഞ്ച് കേസ് പരിഗണിച്ച് വിധിപറഞ്ഞത്. സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യനിരോധനം ഏര്‍പ്പെടുത്താനും ഇതിന്റെ അടിസ്ഥാനത്തില്‍ ഫൈവ് സ്റാര്‍ ബാറുകള്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടാനും ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ ഘട്ടംഘട്ടമായി കുറയ്ക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്താണ് ബാര്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ വാദം കേട്ടാണ് ഹൈക്കോടതി, ഫോര്‍ സ്റാര്‍ ബാറുകള്‍ക്കുകൂടി പ്രവര്‍ത്താനാനുമതി നല്‍കിയത്. ഇതോടെ ഫോര്‍ സ്റാര്‍ നിലവാരമുള്ള നൂറോളം ബാറുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. ഹൈക്കോടതി വിധി വന്നതോടെ സംസ്ഥാനത്തെ ഫൈവ് സ്റാര്‍, ഫോര്‍ സ്റാര്‍ ഒഴികെയുള്ള ഇരുന്നോറോളം ബാറുകളുടെ പ്രവര്‍ത്തനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. ബാറുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്തു സമര്‍പ്പിച്ച ഹര്‍ജികളില്‍ ഇടക്കാല ഉത്തരവ് നല്‍കണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍, ഡിവിഷന്‍ ബെഞ്ചുകള്‍ തള്ളിയിരുന്നു. ഇതേതുടര്‍ന്നു ബാറുടമകള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. തുടര്‍ന്നു ഹര്‍ജികള്‍ പരിഗണിച്ചു തീര്‍പ്പാക്കാന്‍ സുപ്രീംകോടതി സിംഗിള്‍ ബെഞ്ചിനു നിര്‍ദേശം നല്‍കുകയായിരുന്നു. അതുവരെ ബാറുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ സാവകാശവും അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരുമാസം മുന്‍പ് വാദം കേട്ട ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധിപുറപ്പെടുവിച്ചത്. നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ് ഒടുവില്‍ ഫൈവ് സ്റാര്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടാനും ബിവറേജസ് ഔട്ട്ലെറ്റുകള്‍ ഘട്ടംഘട്ടമായി പൂട്ടാനുമുള്ള പുതിയ മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ എത്തിച്ചത്. റദ്ദുചെയ്ത ബാര്‍ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്റെ നിര്‍ദേശം സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. ബാറുകള്‍ പരിശോധിച്ച് നിലവാരം വിലയിരുത്തി ലൈസന്‍സ് നല്‍കുമെന്നായിരുന്നു ഈ ഘട്ടത്തില്‍ പൂട്ടിയ ബാര്‍ ഉടമകള്‍ നല്‍കിയ ഘട്ടത്തില്‍ സര്‍ക്കാര്‍ അറിയിച്ചത്. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം ബാറുകളുടെ നിലവാരം പരിശോധിക്കാന്‍ ഏക്സൈസ് വകുപ്പ് സമിതിയെ നിയോഗിച്ച് പരിശോധന തുടങ്ങിയിരുന്നു. എന്നാല്‍ ബാറുള്‍ വീണ്ടും തുറക്കുന്ന വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ ഒന്നിലധികം തവണ കെപിസിസി യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു. ഇതിനിടെ സര്‍ക്കാരിലെ പ്രധാനസഖ്യകക്ഷികളും ബാര്‍ വിഷയത്തില്‍ കെപിസിസി നിലപാടിനെ പിന്തുണച്ച് രംഗത്തുവരുകയായിരുന്നു. അഭിപ്രായ ഭിന്നത രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിന് യുഡിഎഫ് – സര്‍ക്കാര്‍ ഏകോപന സമിതി യോഗം വിളിച്ചുകൂട്ടിയിരുന്നു. ഈ യോഗത്തിലാണ് മുഖ്യമന്ത്രി ഫൈവ് സ്റാര്‍ ഒഴികെയുള്ള ബാറുകള്‍ പൂട്ടാനും ബിവറേജസ് ഔട്ട്ലെറ്റുകള്‍ ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരാനുമുള്ള തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ന്ന് മന്ത്രിസഭായോഗം ചേര്‍ന്ന് ഇതിന് അംഗീകാരം നല്‍കി പുതിയ മദ്യനയം പ്രഖ്യാപിക്കുകയായിരുന്നു. പുതിയ മദ്യനയം പ്രഖ്യാപിച്ചതോടെയാണ് ഫൈവ്സ്റാര്‍ ഒഴികെയുള്ള ബാര്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചുകൊണ്ട് ഇടക്കാല വിധിപുറപ്പെടുവിക്കാന്‍ ഹൈക്കോടതി വിസമ്മിച്ചത്. ഇതേതുടര്‍ന്നാണ് ബാര്‍ ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയാണ് ബാര്‍ ഉടമകളുടേത് അടക്കമുള്ള 83 ഹര്‍ജികള്‍ പരിശോധിച്ച് വിധിപറയുന്നതിന് ഹൈക്കോടതിയോട് സമയപരിധി നിര്‍ദേശിച്ചത്. ഹൈക്കോടതി വിധി വരുന്നതുവരെ പ്രവര്‍ത്തിക്കാന്‍ ബാറുകള്‍ക്ക് സുപ്രീംകോടതി അനുമതിയും നല്‍കിയിരുന്നു. ജനങ്ങള്‍ക്കു വേണ്ടിയാണു പുതിയ മദ്യനയം നടപ്പാക്കുന്നതെന്നും നടപടികള്‍ക്കു നിയമപ്രാബല്യമുണ്െടന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. മദ്യനയത്തിന്റെ കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ടെന്നും ലഹരിവസ്തുവായി കണക്കാക്കപ്പെട്ടിരിക്കുന്ന മദ്യം വില്‍ക്കുന്നത് മൌലീക അവകാശമായി കണക്കാക്കാനാകില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. എന്നാല്‍ ഫൈവ്സ്റാര്‍ ലോബിക്കുവേണ്ടിയാണ് സര്‍ക്കാരിന്റെ നീക്കമെന്നും മദ്യവില്‍പന അവകാശം കുത്തകയാക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബാറുകള്‍ക്കുവേണ്ടി വാദിച്ച അഭിഭാഷകന്‍ പറഞ്ഞു. സര്‍ക്കാര്‍ ചില വിഭാഗങ്ങളെ മാത്രം ഒഴിവാക്കി വിവേചനം കാട്ടുകയാണെന്നു ബാറുടമകള്‍ക്കു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍ ടി.എ. സുന്ദരം വാദിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം