രാസ പരിശോധനാ ഫലം പുറത്ത്; മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി

mani_0603കൊച്ചി: കലാഭവന്‍ മണിയുടെ രാസപരിശോധനാ ഫലത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌. കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്ന ക്ലോര്‍ പിരിഫോസ് എന്ന കീടനാശിനിയുടെ അംശമാണ് കണ്ടെത്തിയത്. മെഥനോള്‍, എഥനോള്‍ എന്നിവയുടെ അംശവും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല് മെഥനോളിന്റെ അംശം കുറവായിരുന്നു. കാക്കനാട്ടെ റീജിയണല്‍ അനലെറ്റിക്കല്‍ ലാബിലാണ് പരിശോധന നടന്നത്. രാസപരിശോധനാ ഫലം ഉടന്‍ പൊലീസിന് കൈമാറും.

കരള്‍ രോഗത്തിന് മരുന്ന് കഴിക്കുന്നതിനാല്‍ മദ്യം കഴിച്ചപ്പോള്‍ മരുന്ന് കലര്‍ന്ന് രാസപ്രവര്‍ത്തനം വഴി വിഷാംശം ഉണ്ടായതാണെന്ന സംശയവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് മണിയുടെ ഭാര്യ നിമ്മി പ്രതികരിച്ചു. മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കരള്‍ രോഗമുണ്ടായിരുന്നുവെന്ന് മണി തന്നെ അറിയിച്ചിരുന്നില്ലെന്നും നിമ്മി പറഞ്ഞു. ചാലക്കുടിയിലെ പാഡിയിലെത്തി മണി മദ്യപിക്കാറുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ വിലക്കിയിട്ടും സുഹൃത്തുക്കള്‍ മണിക്ക് മദ്യം നല്‍കാറുണ്ടായിരുന്നുവെന്ന് നിമ്മി മാധ്യമങ്ങളോട് പറഞ്ഞു. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും മണിക്ക് ശത്രുക്കള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്നും നിമ്മി പറഞ്ഞു. അതേസമയം, മണിയുടെ മരണം സംബന്ധിച്ച് വീട്ടുകാരുടെ സംശയത്തില്‍ ന്യായമുണ്ടെന്ന് ഡ്രൈവര്‍ പീറ്റര്‍ പറഞ്ഞു. മണിയെ അവശനിലയിലായതിന് ശേഷം ആശുപത്രിയില്‍ കൊണ്ട് പോയ വിവരം തന്നെ അറിയിച്ചിരുന്നില്ല. പെട്ടന്ന് തന്നെ വിശ്രമ കേന്ദ്രം വൃത്തിയാക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. വിശ്രമ കേന്ദ്രത്തില്‍ മദ്യപാന സദസ്സുകള്‍ നടക്കാറുണ്ടെന്നും എന്നാല്‍ ചാരായം കൊണ്ട് വരുന്നതിനെ സംബന്ധിച്ച് തനിക്ക് അറിവില്ലന്നും പീറ്റര്‍ പറഞ്ഞു.

മണിയുടെ മരണത്തില്‍ പരാതി നല്‍കുമെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. മണിയെ ഡയാലിസിസ് ചെയ്യുന്നതിന് മുമ്പുള്ള പരിശോധനയിലാണ് മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് കണ്ടെത്തിയെന്ന് ഡോക്ടര്മാര് പറഞ്ഞുവെന്ന് രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം