മണിയറയില്‍ എരിഞ്ഞമര്‍ന്ന ആ രാത്രി ; ഇതുപോലൊരു ആദ്യരാത്രി ഒരു പെണ്ണിനും ഉണ്ടാവാതിരിക്കട്ടെ

പതിവു രാത്രിപോലെ ഈ രാത്രിയും കടന്നു പോവോ ?  ഇല്ല എന്നതാണ് സത്യം .  വിവാഹം കഴിഞ്ഞ ആദ്യ രാത്രി പോലെ ഒരു ദിവസം ജീവിതത്തിൽ അനുഭവിച്ചിട്ടില്ല. സത്യം പറഞ്ഞാൽ പിന്നീടുള്ള രാത്രികളൊക്കെയും ആദ്യത്തേതിന്റെ ആവർത്തനങ്ങൾ മാത്രമായിരുന്നു.ഏതൊരാള്‍ക്കും മറക്കാനാവാത്ത ദിവസമാവും ആ രാത്രി .

സിനിമയിലൊക്കെ കാണുന്നത് പോലെ നാത്തൂൻ കയ്യിൽ ചൂട് പാലിന്‍റെ ഗ്ലാസ് തരുമ്പോൾ അവരുടെ ചുണ്ടിൽ തുമ്പിൽ ഒരു ചെറു ചിരിയുണ്ടായിരുന്നത് അവൾ കണ്ടിട്ടും കാണാതെ വിട്ടു കളഞ്ഞു. പരിഭ്രമം കൊണ്ട് കണ്ണ് കാണാൻ വയ്യാതെ നെഞ്ചിടിപ്പ് കൂടുതലായിരുന്നു.അറിയാതെ ആ ചുണ്ടുകള്‍ വിറ കൊളുന്നുണ്ടായിരുന്നു  .

ഇളം മഞ്ഞ നിറത്തിലുള്ള സാരി പുതിയതാണ്. വിവാഹം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ എത്തുമ്പോള്‍  ഉടുക്കാനായി സ്നേഹത്തോടെ  അമ്മായിയമ്മ വാങ്ങി വച്ചിരുന്ന സമ്മാനം. പക്ഷെ ഈ നെഞ്ചിടിപ്പ് തന്നെയും കൊണ്ടേ പോകൂവെന്ന തോന്നുന്നേ. അദ്ദേഹത്തിന്റെ മുറിയിലേയ്ക്ക് കാലെടുത്തു വച്ചപ്പോൾ വിറയൽ കാരണം കയ്യിലിരുന്ന പാല് തുളുമ്പി. അടിവയറ്റില്‍ നിന്നൊരു പാളിച്ച അറിയില്ല എന്തു  ചെയ്യണമെന്ന് ?.

ആദ്യം പതിയെ കതക് ചാരി എന്നാല്‍  നന്നായി അടച്ചു കുറ്റിയിടാൻ ഉത്തരവ്.

അപരിചിതനല്ല. നാലു മാസത്തോളം ഫോണും വാട്സാപ്പും ഒഴിവാക്കിയ അപരിചിതത്വമാണെങ്കിലും ആദ്യരാത്രിയുടെ പേടികൾ വല്ലാതെയുണ്ട്.

കയ്യിലെ ഗ്ലാസ് വാങ്ങിയില്ല ,” അവിടെ വച്ചേക്കൂ” എന്ന വാചകം.

ഇന്ന് മുഴുവൻ നമുക്ക് സംസാരിച്ചിരുന്നാലോ?-

ഏതോ സിനിമയിൽ നായിക നായകനോട് പറഞ്ഞ വാക്കുകൾ ഓർമ്മയിലെത്തി. പറഞ്ഞാലോ…

പക്ഷെ ആ വാക്കുകൾ പറയുന്നതിന് മുൻപ് ഭിത്തിയോട് ചേർന്ന സി എഫ് എൽ കെടുത്തി ചെറിയ വാൾട്ടിന്റെ ബൾബിട്ടപ്പോൾ ഒരു തണുപ്പ് തോന്നി.

ആള് റൊമാന്റിക്കാണ്. അത് കുറച്ചു കൂടുതലാണോന്നൊരു സംശയം .

പക്ഷെ പിന്നെ പറഞ്ഞ വാചകങ്ങൾ ഓർക്കാൻ കൂടി വയ്യ..

നാണം കൊണ്ട് വിവശയായി നിൽക്കുന്നവളുടെ മുന്നിൽ വന്നു മുഖത്ത് പോലും നോക്കാതെ അയാൾ അനന്തരം ഉത്തരവിട്ടു…

“നിന്റെയീ വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റ്…”

അറിയാതൊന്നു ഞെട്ടി .എന്താണ് പറഞ്ഞതെന്നു ഉദ്വേഗത്തോടെ പതിഞ്ഞ വെളിച്ചത്തിൽ മുഖത്തേയ്ക്കു നോക്കുമ്പോൾ ആവേശം കൊണ്ട്  തിളങ്ങുന്ന കണ്ണുകൾക്ക് മുന്നിൽ ഭയം തേരട്ടയെ പോലെ ഇഴഞ്ഞെത്തി.

“വസ്ത്രമഴിക്കാനാണ് നിന്നോട് പറഞ്ഞത്, അതോ ഞാൻ വലിച്ചഴിക്കണോ?”

വേണ്ട…. ബഹളം വേണ്ട, ചിലപ്പോൾ ചില പുരുഷന്മാർ ഇങ്ങനെയും ആയിരിക്കാം..

മുല്ലപ്പൂ സെന്റടിച്ച മഞ്ഞ സാരി നിലത്തേക്ക് ഊർന്നു പോകുമ്പോൾ അയാളുടെ കൈകൾ പെട്ടെന്ന് ശരീരത്തിലേയ്ക്ക് വന്നടിച്ചതും വലിച്ചു കൊണ്ട് പോയതും മാത്രമേ ഓർമ്മയുള്ളൂ. പിന്നെടുള്ളവ ഒന്നും ഓര്‍മയിലില്ല .

തകർന്നു വീണുടഞ്ഞ സ്വപ്നങ്ങൾക്ക് മേൽ ചതഞ്ഞ മുല്ലപ്പൂക്കൾ അവിടെയും ഇവിടെയും കൊഴിഞ്ഞു കിടക്കുമ്പോൾ അവൾക്ക് മനസ്സിലായി പെണ്ണത്തവും ഈ മുല്ലപ്പൂക്കൾ പോലെ ചിതറിപ്പോയിരിക്കുന്നുവെന്ന്…

വെറും കഥയല്ല ഈ പെൺകുട്ടിയും അവളുടെ സ്വപ്നങ്ങളും. എണ്ണിയാലൊടുങ്ങാത്ത എത്രയോ പെൺകുട്ടികളുടെ പ്രതീകം മാത്രമാണ് ഈ കഥയിലെ “അവൾ”. വിവാഹിതരായ പെൺകുട്ടികൾ പലപ്പോഴും പുതിയ ജീവിതത്തിലേയ്ക്ക് ചെന്ന് കയറുമ്പോൾ ഒരായിരം സ്വപ്നങ്ങളുണ്ടാകും ഒപ്പം. അമിതമായ സ്വപ്‌നങ്ങൾ കൊണ്ട് പലപ്പോഴും അവൾ വീർപ്പു മുട്ടിയേക്കാം പക്ഷെ ഒപ്പം നിൽക്കുന്ന ഭർത്താവ് അവള്‍ക്ക്   ധൈര്യമാണ് സമാധാനമാണ് .

സുപ്രീം കോടതിയുടെ സ്വകാര്യതാ നിയമം ആവിഷ്കരിക്കപ്പെടുമ്പോൾ ഇനിയൊരു പക്ഷേ ഇത്തരം കഥകൾ ഒരു ആവർത്തനമെങ്കിലുമാകാതെ ഇരിക്കാൻ നാളെകളിൽ കഴിഞ്ഞേക്കാം. സുപ്രീം കോടതിയുടെ ഒൻപതംഗ ബഞ്ച് വിധി പറഞ്ഞ സ്വകാര്യതാ നിയമത്തിലെ സ്ത്രീകളുടെ ഭാഗത്തിൽ അടിവരയിട്ട് പറഞ്ഞിരിക്കുന്ന ഭാഗം സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യത്തെ കുറിച്ചാണ്. സ്ത്രീകൾക്കെതിരെ ഒരു ആക്രമണം നടക്കുമ്പോൾ അവളെ കൂടുതൽ സംരക്ഷിക്കുക എന്നതിനേക്കാൾ അവളെ കൂടുതൽ ശക്തിശാലിയാക്കുകയാണ് വേണ്ടതെന്ന് കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ യു എൻ പുറത്തിറക്കിയ സ്ത്രീ ലൈംഗികതയുമായി ബന്ധപ്പെട്ട ഉത്തരവുകളിൽ പറയുന്നുണ്ട്. പതിനൊന്ന് ലൈംഗിക അവകാശങ്ങളാണ് നിയമ പ്രകാരം സ്ത്രീകൾക്കുള്ളത്,

 

അവ പലപ്പോഴും ഈ നിയമം നിലവിൽ ഉള്ളപ്പോൾ പോലും എത്രയോ സ്ത്രീകൾ സ്വന്തം വീടിനുള്ളിൽ പോലും സ്വാതന്ത്ര്യമില്ലായ്മ എല്ലാ വിഷയങ്ങളിലും അനുഭവിക്കുന്നു! പക്ഷെ ഇപ്പോൾ സുപ്രീം കോടതി ഈ നിയമം ഒന്നുകൂടി തേച്ച് മിനുക്കി ഉപയോഗിക്കുമ്പോൾ ഇനി കളി മാറും. സ്ത്രീകൾ പ്രതികരണ ശേഷി കൂടി ഉള്ളവരാകുമ്പോൾ അവൾ വെറും ശരീരവും ഉപഭോഗവസ്തുവുമാണെന്നുള്ള ധാരണയിൽ നിന്നും പുരുഷന്മാർ പിന്മാറേണ്ടി വരും.

മാനഭംഗം ചെയ്യപ്പെടുന്ന സ്ത്രീകളെക്കുറിച്ച് എല്ലായ്പ്പോഴും സമൂഹം ഉറക്കെ സംസാരിക്കാറുണ്ട്.  പക്ഷെ അതൊക്കെ വെറും വാക്കുകളില്‍ മാത്രം മുത്രാവാഖ്യത്തില്‍ മാത്രം ഒതുങ്ങും .അവരുടെ അവകാശങ്ങളെക്കുറിച്ചും പേരു പോലും പരസ്യപ്പെടുത്താതെ അവരെ “ഇര”യാക്കി മാത്രം വച്ച് കൊണ്ടും നാമവരുടെ ഒപ്പം നിൽക്കുന്നതായി അഭിനയിക്കാറുമുണ്ട്. പക്ഷെ വീടിനുള്ളിൽ ശരീരം മാത്രമാക്കപ്പെടുന്ന സ്ത്രീകളുടെ കഥകൾ എന്തുകൊണ്ടോ ഒരിക്കലും പുറത്ത് വരാറില്ല. എന്തുകൊണ്ടോ നമ്മൾ നമ്മുടെ ആൺകുട്ടികളെ പോലും എപ്പോഴും പഠിപ്പിക്കുന്നത് കുടുംബത്തിലെ സ്ഥാനം പുരുഷന് മാത്രമാണെന്നും വീട്ടുജോലിചെയ്യേണ്ടത് സ്ത്രീമാത്രമാണെന്നുമാണ്. കാലം മാറി വരുമ്പോൾ മാറ്റങ്ങൾ ഉണ്ടായി വരുന്നുണ്ടാകാം, പക്ഷെ ഇപ്പോഴും മാറാൻ കഴിയാത്ത ഒരു തലമുറ വളർന്നു വരുന്നുണ്ട് എന്നത് അത്ര ആശ്വാസമല്ല നൽകുന്നത്.

ഒരു നിയമം ഭേദഗതി വരുത്തിയതു കൊണ്ടോ അത് ആവർത്തിച്ചു പറഞ്ഞതുകൊണ്ടോ ഒരിക്കലും സ്ത്രീകളുടെ അടിമത്ത സമ്പ്രദായം മാറാൻ പോകുന്നില്ല. ഒരുപക്ഷെ ഈ നിയമങ്ങളൊന്നും ചർച്ച ചെയ്യപ്പെടുക പോലുമില്ല. സ്വകാര്യതാ നിയമം ചർച്ച വന്നപ്പോൾ പോലും അതിലെ ഏറ്റവും പ്രാധാന്യമുള്ള വിഷയമായി ആധാറും വ്യക്തിത്വ അടയാളപ്പെടുത്തൽ കാർഡുകളും മാറി. പക്ഷെ കുടുംബങ്ങളിൽ പോലും സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട സ്ത്രീകൾ ചർച്ച ചെയ്യപ്പെട്ടതേയില്ല. വിധിന്യായത്തിൽ ഒട്ടും മോശമല്ലാത്തൊരു ഭാഗമാണ് സ്ത്രീ സ്വകാര്യതയ്ക്ക് വേണ്ടി ഒൻപതംഗ ബഞ്ച് നീക്കി വച്ചത്, അതുകൊണ്ടു തന്നെ അവ കൃത്യമായി അറിയുകയും ചർച്ച ചെയ്യപ്പെടുകയും വേണം.

ബോധവത്കരണം നൽകേണ്ടത് വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൂടി തന്നെയാകണം. പക്ഷെ സ്‌കൂളിന് പുറത്തുള്ള സിലബസും സമ്പ്രദായങ്ങളും തീരെ അവഗണിക്കാനും വയ്യ.. കാരണം അറിവാകുന്ന പ്രായം വരെ കുട്ടി വളരുന്ന വീടിന്റെ സാഹചര്യം വളരെ പ്രധാനമാണ്. ലിംഗഭേദമില്ലാതെ മനുഷ്യരെ മനുഷ്യനായി കാണാനും , ലിംഗവ്യത്യാസം വരുത്തുന്ന മാറ്റങ്ങൾ സ്വാഭാവികമാണെന്നും അത് അവളെ അകറ്റി നിർത്താനുള്ളതല്ലെന്നും കുഞ്ഞു മനസ്സിലാക്കി വളരട്ടെ. ആദ്യത്തെ പാരഗ്രാഫിൽ പറഞ്ഞത് പോലെയുള്ള അനുഭവങ്ങൾ ഇനിയെങ്കിലും ഒരു പെൺകുട്ടിയ്ക്കും ഉണ്ടാകാതെയും ഇരിക്കട്ടെ. നിയമങ്ങൾ ആവിഷ്കരിക്കുകയും അത് മനുഷ്യന്റെ മനസ്സുകളിലേക്ക് ഏറ്റവും പോസിറ്റീവ് ആയി എത്തുകയും ചെയ്യട്ടെ. ഓരോ സ്ത്രിയും അവരുടെ സ്വപ്നങ്ങളും കാമകണ്ണിനാല്‍ച്ചുട്ടെരിയാതിരിക്കട്ടെ  .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം