ഇറാഖികള്‍ക്ക് ആശ്വാസമായി ഫയര്‍ ചാറ്റ്

fire chat

ബാഗ്ദാദ്: ആഭ്യന്തര കലാപം  മുറുകിയ ഇറാഖില്‍ ആശയ വിനിമയ സംവിധാനങ്ങളെല്ലാം ലഭിക്കാതാവുമ്പോള്‍ ആശ്വാസമേകി  ഒരു മൊബൈല്‍ ആപ്പ് . ഇന്റര്‍നെറ്റോ സെല്ലുലാര്‍ കണക്ഷനോ ഇല്ലാത്തപ്പോള്‍ പോലും ഫോണില്‍ ചാറ്റ് ചെയ്യാനും സന്ദേശങ്ങളയയ്ക്കാനും സഹായിക്കുന്ന ‘ഫയര്‍ചാറ്റ്’ ആപ്പാണ് ആയിരക്കണക്കിന് ഇറാഖികള്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്.

സുന്നി വിമതര്‍ തന്ത്രപ്രധാന നഗരങ്ങളും എണ്ണപ്പാടങ്ങളും കൈയടക്കി മുന്നേറുന്നതിനാല്‍, രാജ്യത്തിന്റെ പല ഭാഗത്തും ഇന്റര്‍നെറ്റോ സെല്ലുലാല്‍ കണക്ടിവിറ്റിയോ ഇല്ല. ഫയര്‍ചാറ്റിനെ ഇറാഖികള്‍ ആവേശത്തോടെ സ്വീകരിക്കാന്‍ കാരണമിതാണ്.
മൊബൈല്‍ കണക്ഷനില്ലാതെ ഒറ്റപ്പെട്ട സന്ദേശങ്ങള്‍ കൈമാറാന്‍ മാത്രമല്ല, ഗ്രൂപ്പ് ചാറ്റുകള്‍ നടത്താനും ഫയര്‍ചാറ്റ് ഉപയോഗിച്ച് കഴിയും. കഴിഞ്ഞ മാര്‍ച്ച് അവസനാമായിരുന്നു ഫയര്‍ ചാറ്റ് ആരംഭിച്ചത്.
‘വയര്‍ലെസ്സ് മെഷ് നെറ്റ്‌വര്‍ക്കിങ്’  ഉപയോഗിച്ചാണ് ഫയര്‍ചാറ്റ് പ്രവര്‍ത്തിക്കുന്നത്. ബില്‍റ്റിന്‍ റേഡിയോ ഉള്ള ഉപകരണങ്ങള്‍ക്ക് കണക്ടിവിറ്റിയില്ലാതെ പരസ്പരം സന്ദേശം കൈമാറാന്‍ അവസരമൊരുക്കുന്ന സാങ്കേതികവിദ്യയാണിത്.

ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മൊബൈല്‍ ഫോണിന്, അതേപോലെ ആപ്പ് ഉള്ള സമീപത്തെ മൊബൈലുമായി ആശയവിനിമയം നടത്താന്‍ സെല്ലുലാര്‍ നെറ്റ്‌വര്‍ക്കിന്റെ ആവശ്യമില്ല. അടുത്തടുത്തുള്ള ഉപകരണങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് ശൃംഖല പോലെ പ്രവര്‍ത്തിച്ച് വളരെ ദൂരെ വരെ ആശയവിനിമയം സാധ്യമാക്കാന്‍ കഴിയും.

ഫെയ്‌സ്ബുക്കും ട്വിറ്ററും പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഇപ്പോള്‍ തന്നെ ഇറാഖില്‍ കടുത്ത നിയന്ത്രണം നേരിടുകയാണ്. ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയ സൈറ്റില്‍ പ്രവേശിക്കാന്‍ ഇറാഖില്‍നിന്ന് ശ്രമിക്കുമ്പോള്‍, കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അത് വിലക്കിയിരിക്കുന്നു എന്ന സന്ദേശമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്.

ചില പ്രവിശ്യകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ പൂര്‍ണമായും നിര്‍ത്തിവെയ്ക്കാന്‍ ഇറാഖി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. സുന്നി തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള മേഖലകളിലാണ് ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം