കുഞ്ഞാലിക്കുട്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ എഫ്ഐആര്‍

adoor rakash and kunhalikkuttyമൂവാറ്റുപുഴ: വിവാദ സ്വാമി സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ മുന്‍ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും അടൂര്‍ പ്രകാശുമുള്‍പ്പെടെ നാലുപേര്‍ക്കെതിരെ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റര്‍ ചെയ്തു. തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് യൂണിറ്റാണ് എഫ്.ഐ.ആര്‍ രജിസ്റര്‍ ചെയ്തത്. സന്തോഷ് മാധവന്റെ ബിനാമി സ്ഥാപനത്തിനു ഭൂപരിഷ്കരണ നിയമത്തില്‍ ഇളവു നല്‍കി സര്‍ക്കാര്‍ മിച്ചഭൂമിയില്‍ ഹൈടെക് ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ അനുമതി നല്‍കിയതില്‍ മുന്‍ മന്ത്രിമാരടക്കം നാലു പേര്‍ക്കെതിരേ കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കഴിഞ്ഞാഴ്ച വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. മന്ത്രിമാര്‍ക്കൊപ്പം സന്തോഷ് മാധവന്‍, ആര്‍എംഇസഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, കമ്പനി എംഡി ബി.എം. ജയശങ്കര്‍ എന്നിവര്‍ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം ക്രിമിനല്‍ ഗൂഢാലോചന, പദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനു കോടതി നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ചാണ് എഫ്ഐആര്‍ രജിസ്റര്‍ ചെയ്തത്. ഭൂപരിഷ്കരണ നിയമത്തില്‍ ഇളവു നല്‍കി സന്തോഷ് മാധവന്റെ ബിനാമി സ്ഥാപനത്തിനു സര്‍ക്കാര്‍ മിച്ചഭൂമിയില്‍ ഹൈടെക് ഐടി പാര്‍ക്ക് സ്ഥാപിക്കാനായി ഭൂമി തികത്താന്‍ അനുമതി നല്‍കിയത് വന്‍ വിവാദമായിരുന്നു. ഈ ഭൂമി ഇടപാടില്‍ അഴിമതി നടന്നിട്ടുള്ളതിനാലാണു വിവാദ ഉത്തരവ് പിന്‍വലിച്ചു സര്‍ക്കാര്‍ പിന്നീട് ഉത്തരവിറക്കിയതെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു ഗിരീഷ് ബാബു വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് ഇന്‍വെസ്റിഗേഷന്‍ എസ്പിക്കു നിര്‍ദേശം നല്‍കിയത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം