മെസിക്ക് മുന്നില്‍ ക്രൊയേഷ്യ;ജയമല്ലാതെ മറ്റൊന്നും അർജന്റീനയെ തുണയ്ക്കില്ല

അപകടമുഖത്താണ് അർജന്റീന. ഗ്രൂപ്പ് ഡിയിൽ ഇന്ന് ലയണൽ മെസിക്കും കൂട്ടർക്കും നിർണായക മത്സരം. എതിരാളികൾ ക്രൊയേഷ്യ. ജയമല്ലാതെ മറ്റൊന്നും അർജന്റീനയെ തുണയ്ക്കില്ല. മെസി ഉണരണം. ശനിയാഴ്ചയാണ് മെസിയുടെ 31‐ാം ജന്മദിനം. പിറന്നാൾ ആഘോഷിക്കണമെങ്കിൽ ഈ യുദ്ധം മെസിക്ക് ജയിക്കണം. ഗ്രൂപ്പിൽ നൈജീരിയയെ തോൽപ്പിച്ച ക്രൊയേഷ്യ ഒന്നാംസ്ഥാനത്തുണ്ട്.

ഐസ്‌ലൻഡുമായുള്ള കളി അർജന്റീനയുടെ ദൗർബല്യങ്ങളെ വ്യക്തമാക്കി. ആശയരഹിതമായ, ഭാവനാശൂന്യമായ മധ്യനിര കളത്തിൽ അർജന്റീനയുടെ നീക്കങ്ങളെ ചങ്ങലയിൽ കെട്ടി. പ്രതിരോധം തുറന്നുകിടന്നു. മെസിക്ക് കിട്ടിയ പെനൽറ്റി പാഴായി. ആദ്യറൗണ്ടിൽ അത്യാഹിതം സംഭവിച്ചാൽ പാഴായ ആ പെനൽറ്റി മെസിയെ ജീവിതകാലം മുഴുവൻ വേട്ടയാടും. തീവ്രദുഃഖത്തിലാണ് മെസി.

ഇനിയൊരു ലോകകപ്പ് പോരാട്ടം ഈ ബാഴ്സലോണ താരം പ്രതീക്ഷിക്കുന്നില്ല. അമിതപ്രതീക്ഷകൾ മെസിയെ അതി സമ്മർദത്തിലാക്കി. മെസിയുടെ സമ്മർദം കുറയണമെങ്കിൽ അർജന്റീനയ്ക്ക് ഒത്തിണക്കം വേണം. മെസിയുടെ ജോലിഭാരം കുറയ്ക്കണം. സ്വതന്ത്രമായി കളിക്കാനുള്ള മനഃസ്ഥിതി ഉണ്ടാക്കണം. കോച്ച് ഹോർജെ സാമ്പവോളി അതിനുള്ള വഴികളാണ് ആലോചിക്കുന്നത്.

യോഗ്യതാ റൗണ്ട് തൊട്ട് അർജന്റീന മോശം പ്രകടനത്തിലാണ്. ഐസ്‌ലൻഡിനെതിരെയും അത് ആവർത്തിച്ചു. ക്രൊയേഷ്യ മികച്ച സംഘമാണ്. ഈ കളിയുമായി ക്രൊയേഷ്യയെ മറികടക്കാനാകില്ല. മധ്യനിരയിൽ നിലവിൽ ലോകത്തെ മികച്ച കൂട്ടുകെട്ടാണ് ക്രൊയേഷ്യക്ക്.

ലൂക്കാ മോഡ്രിച്ച്‐ഇവാൻ റാകിടിച്ച്‐മത്തിയോ കൊവാസിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ മധ്യനിരയെ നിയന്ത്രിക്കുന്നത്. റാകിടിച്ച് ബാഴ്സയിൽ മെസിയുടെ കൂട്ടുകാരനാണ്. മോഡ്രിച്ചും കൊവാസിച്ചും റയൽ മാഡ്രിഡിൽ കളിക്കുന്നവർ. മുന്നേറ്റത്തിൽ ഇവാൻ പെരിസിച്ചും മരിയോ മാൻഡ്സുകിച്ചുമുണ്ട്. പ്രതിരോധത്തിൽ ദെയാൻ ലോവ്റെൻ, വെദ്രാൻ കൊർലൂക്ക എന്നിവരും. അർജന്റീന ആലസ്യം വിട്ടുണർന്നാലേ മതിയാകൂ.

മുന്നേറ്റത്തിൽ പവ്ലോ ഡിബാലയെ കളിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. മെസിക്കൊപ്പം കളിക്കാനുള്ള ആഗ്രഹം ഡിബാല  പ്രകടിപ്പിച്ചു.
മെസിയെയും ഡിബാലയെയും ഒന്നിച്ചിറക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സാമ്പവോളി. പക്ഷേ, ഡിബലായ്ക്ക് മെസിയുടെ ജോലിഭാരം കുറയ്ക്കാനാകുമെന്ന് മുൻ താരങ്ങൾ ഉൾപ്പെടെ പറയുന്നു. ബോക്സിനു പുറത്തുനിന്ന് കരുത്തുറ്റ ഷോട്ടുകൾ കൃത്യതയോടെ പായിക്കാൻ കഴിവുള്ള കളിക്കാരനാണ് ഡിബാല. കൂട്ടിന് സെർജിയോ അഗ്വേറോയുംകൂടിയായാൽ മുന്നേറ്റം ഉശിരുള്ളതാകും.

മധ്യനിരയിൽ ഏഞ്ചൽ ഡി മരിയയുടെ പ്രകടനം ശരാശരിക്കും താഴെയാണ്. ലൂക്കാസ് ബിഗ്ലിയയും എവർ ബനേഗയും ഐസ്ലൻഡിനെതിരെ മധ്യനിരയിൽ ശോഭിച്ചില്ല. യുവകളിക്കാരനായ ജിയോവാനി ലെ സെൽസോയെ സാമ്പവോളി പരീക്ഷിച്ചേക്കും. ക്രിസ്റ്റ്യൻ പാവോൺ, മാക്സിമില്ലാനോ മെസ എന്നിവരും ചേർന്നാൽ മധ്യനിര ചലിക്കുമെന്നാണ് വിശ്വാസം. പ്രതിരോധത്തിനു മുന്നിൽ ഹാവിയർ മഷെറാനോയുടെ സാന്നിധ്യം പ്രധാനമാണ്.

ഐസ്ലൻഡിനെതിരെ കൂടുതൽ അപകടങ്ങളൊഴിവാക്കിയത് മഷെറാനോയുടെ ഇടപെടലുകളാണ്. പ്രതിരോധത്തിൽ ഗബ്രിയേൽ മെക്കാർഡോ, മാർകോസ് അക്യുന എന്നിവർ എത്തിയേക്കും.

സമ്മർദത്തിലാണ് അർജന്റീന, സമ്മർദത്തിലാണ് മെസി. ആശങ്ക വിട്ടൊഴിയാത്ത സാമ്പവോളിയും. ഒരു ജയത്തിന് മാത്രമേ എല്ലാം അകറ്റാൻകഴിയുകയുള്ളൂ. ക്രൊയേഷ്യയുമായുള്ള കളിക്കുശേഷം ആഫ്രിക്കൻസംഘമായ നൈജീരിയയെയാണ് മെസിക്കും കൂട്ടർക്കും നേരിടേണ്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം