ആ നിമിഷം മുതല്‍ ലാല്‍ സാറിനായി ജീവിതം മാറ്റിവെക്കുകയായിരുന്നു; മോഹന്‍ലാലിനെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറലാവുന്നു

മോഹന്‍ലാലിനെക്കുറിച്ച് ആരാധകനായ ടി ദേവന്‍ എഴുതിയ കുറിപ്പ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍ ഫാന്‍സിന്റെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലൂടെയാണ് ഈ കുറിപ്പ് ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

28 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഞാന്‍ അന്ന് പഠിച്ചുകൊണ്ടിരിക്കുന്ന സമയം. ‘ഏയ് ഓട്ടോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ലാല്‍ സാര്‍ കോഴിക്കോട് എത്തി. തളി ക്ഷേത്രത്തില്‍ ഷൂട്ട് ഉണ്ടെന്ന് അറിഞ്ഞ് ഞാനും സുഹൃത്തുക്കളും അവിടെ എത്തി .ലാലേട്ടനെ കണ്ടപ്പോള്‍ ഉള്ള അവേശം നിയന്ത്രിക്കാന്‍ ആകാതെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ലാല്‍ സാറിനെ കടന്നു പിടിച്ചു. അപ്രതീക്ഷിതമായി ഒരാള്‍ കടന്നു പിടിച്ചപ്പോള്‍ ലാല്‍ സാര്‍ വഴുതിമാറി. ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ സുഹൃത്തിനെ പിടിച്ച് മാറ്റി .ആ ബഹളത്തിനിടയില്‍ അവന്റെ ഷര്‍ട്ട് കീറി.

ഇതിനിടയില്‍ കാര്യം മനസ്സിലാക്കിയ ലാല്‍ സാര്‍ സുഹൃത്തിനോടൊപ്പം മഹാറാണി ഹോട്ടലില്‍ എത്താന്‍ ആവശ്യപ്പെട്ടു . അവിടെ എന്നെ വരവേറ്റത് മോഹന്‍ലാല്‍ എന്ന പച്ച മനുഷ്യനായിരുന്നു. തിരക്കിനിടയില്‍ അപ്രതീക്ഷിതമായി ഒരാള്‍ തനിക്ക് നേരെ വന്നപ്പോള്‍ ആക്രമിക്കാനാണെന്ന് കരുതിയാണ് ഒഴിഞ്ഞു മാറിയതെന്നും അതില്‍ വിഷമം ഉണ്ടെന്നുമായിരുന്ന ലാല്‍ സാര്‍ പറഞ്ഞത് . കീറിയ ഷര്‍ട്ടിന് പകരം ലാല്‍ സാര്‍ സഹായിയെ വിട്ട് വാങ്ങിച്ച പുതിയ ഷര്‍ട്ട് സുഹൃത്തിന്നല്‍കിയപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. ആ മനസ്സ് തൊട്ടറിഞ്ഞ ആ നിമിഷം മുതല്‍ എന്റെ ജീവിതം ലാല്‍ സാറിനായി മാറ്റി വെക്കാന്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.

28 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ലാല്‍ സാറിനും സുചിത്രേച്ചിക്കും ഒപ്പം ചേര്‍ന്ന് നില്‍ക്കുമ്പോള്‍ വീണ്ടും എന്റെ കണ്ണുകള്‍ നിറയുന്നു. അഭിമാനത്തോടെ.

നന്ദി ലാലേട്ടാ. അളവില്ലാത്ത ഈ സ്‌നേഹത്തിന്..

കോഴിക്കോട് ജില്ലാ സെക്രട്ടറി ടി. ദേവന്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം