പിണറായി മന്ത്രിസഭ പുനഃസംഘടനക്കൊരുങ്ങുന്നു; ഇ.പി.ജയരാജന്‍ മന്ത്രിയാകും

വെബ് ഡെസ്ക്

പിണറായി മന്ത്രിസഭയില്‍ പുനഃസംഘടന നടത്താനൊരുങ്ങി എല്‍ഡിഎഫ്. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവെച്ച ഇ.പി.ജയരാജനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാന്‍ നേതാക്കള്‍ക്കിടയില്‍ ധാരണയായി. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റ് യോഗവും ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇതിന് മുമ്പ് തന്നെ സിപിഐയുമായി സിപിഎം ധാരണയിലെത്താനും തീരുമാനമായിട്ടുണ്ട്. അന്തിമതീരുമാനം കൈക്കൊള്ളാന്‍ തിങ്കളാഴ്ച എല്‍ഡിഎഫ് യോഗം ചേരും.

ബന്ധുനിയമനക്കേസില്‍ കുറ്റവിമുക്തനായ സാഹചര്യത്തില്‍ മന്ത്രിസഭയിലേക്കു മടങ്ങി വരാനുള്ള ഒരുക്കത്തിലാണ് ഇ.പി.ജയരാജന്‍. എ.കെ.ശശീന്ദ്രനു ലഭിച്ച നീതി ഇ.പിക്കും ലഭിക്കണമെന്ന് ഒപ്പമുള്ളവര്‍ സിപിഎമ്മില്‍ ശക്തമായി വാദിച്ചിരുന്നു. . മന്ത്രിസഭ അഴിച്ചുപണിയണമെന്ന് തൃശൂരില്‍ നടന്ന സംസ്ഥാനസമ്മേളനത്തിലും ആവശ്യമുയര്‍ന്നിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശം എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചായിരുന്നു സമ്മേളനങ്ങളില്‍ വലിയ പരാതി ഉയര്‍ന്നത്.

Image result for e p jayarajan

 

വിദ്യാഭ്യാസ വര്‍ഷത്തിനു മികച്ച തുടക്കമിട്ടും, പദ്ധതിവിഹിതം ചെലവഴിക്കുന്നതില്‍ റെക്കോഡിട്ടും മറ്റുള്ള വകുപ്പുകളും പരാതികള്‍ മറികടക്കാന്‍ ശ്രമിക്കുന്നുണ്ട്. നിലവിലെ മന്ത്രിമാരില്‍ ആരെയെങ്കിലും മാറ്റണമോ എന്നതില്‍ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. ഇരുപത്തിയൊന്നു പേര്‍ക്ക് മന്ത്രിമാരാകാമെങ്കിലും നിലവില്‍ 19 പേര്‍മാത്രമാണ് പിണറായി മന്ത്രിസഭയിലുള്ളത്.

അനാരോഗ്യം അലട്ടിയിരുന്ന ടി.പി.രാമകൃഷ്ണന്‍ നേരത്തെ മന്ത്രിസ്ഥാനം ഒഴിയാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കൂടാതെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കിയുള്ള അഴിച്ചുപണിയും ചര്‍ച്ചകളില്‍ സജീവമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം