കാണാതായ എൻജിനീയറിംഗ് വിദ്യാര്‍ഥികളുടെ മൃതദേഹം പാറക്കുളത്തില്‍ കണ്ടെത്തി

തിരുവനന്തപുരം: കാണാതായ എൻജിനീയറിംഗ് വിദ്യാര്‍ഥികളുടെ മൃതദേഹം പാറക്കുളത്തില്‍ കണ്ടെത്തി. പൗഡിക്കോണം കാഞ്ഞിക്കൽ, പൂരാശ്വതിയിൽ സുരേഷ്–ശാർമ്മിള ദമ്പതികളുടെ മകൻ കിരൺ (19), ചെമ്പഴന്തി ആവുക്കോണം അദ്വൈതത്തിൽ പ്രദീപ്– സുജ ദമ്പതികളുടെ മകൻ വിവേക് (19) എന്നിവരെയാണ് കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടായിക്കോണം കല്ലടിച്ചവിള പാറക്വാറിയിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ബന്ധുക്കളായ കിരണും വിവേകും ചൊവ്വാഴ്ച ഉച്ചയോടെ സ്കൂട്ടറിൽ വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോയിരുന്നു. വൈകുന്നേരമായിട്ടും വീട്ടിൽ തിരികെ എത്തിയില്ല. മൊബൈൽ ഫോണിൽ  ബന്ധപ്പെടാനും സാധിച്ചില്ല. തുടര്‍ന്ന്‍  ബന്ധുക്കൾ  പോലീസിൽ പരാതി നൽകി. ഇന്ന് പുലർച്ചെ ആറോടെ കുളത്തിൽ നിന്നും വെള്ളം ശേഖരിക്കാൻ ടാങ്കർ ലോറിയുമായെത്തിയ ഡ്രൈവർ കുളത്തിന് സമീപം ബാഗും ചെരുപ്പുകളും സ്കൂട്ടറും കണ്ടു. തുടർന്ന് ലോറി ഡ്രൈവർ പോത്തൻകോട് പോലീസിൽ വിവരമറിയ്ക്കുകയായിരുന്നു.

പോത്തൻകോട് പോലീസും കഴക്കൂട്ടം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ രാവിലെ ഒൻപതോടെ കിരണിന്റെ മൃതദേഹം കണ്ടെത്തി. പൂർണ വസ്ത്രം ധരിച്ച നിലയിലായിരുന്നു കിരണിന്റെ മൃതദേഹം. പിന്നീട് പത്തോടെ വിവേകിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുളിക്കുന്നതിനിടെ വിവേക് വെള്ളത്തിൽ മുങ്ങിയപ്പോൾ കിരൺ രക്ഷിക്കാൻ ശ്രമിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. ഏറെ നാളായി ക്വാറി പ്രവർത്തനം നിലച്ച കല്ലടിച്ചവിളയിലെ കുളത്തിന് നല്ല ആഴമുണ്ട്. ഇവിടെ കുളിക്കാനായി അപൂർവമായെ ആളുകൾ വരികയുള്ളൂവെന്നാണ് നാട്ടുകാർ പറയുന്നത്. മരണമടഞ്ഞ കിരൺ ചന്തവിള സെന്റ് തോമസ് എൻജിനീയറിംഗ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയാണ്. എൻജിനീയറിംഗ് കോളജിലെ സിവിൽ എൻജിനീയറിംഗ് വിഭാഗം ഒന്നാം വർഷ വിദ്യാർഥിയാണ് വിവേക്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം