എസ്‌ബിടി വിദ്യാഭ്യാസ കിട്ടാക്കടം റിലയന്‍സിന്‌ വിറ്റു

education-loan610Nതൃശ്ശൂര്‍: എസ്‌ബിടിയില്‍ നിന്നെടുത്ത വിദ്യാഭ്യാസ വായ്‌പയുടെ കാര്യത്തില്‍ കുടിശ്ശികക്കാര്‍ ഭീതിയില്‍. കിട്ടാക്കടമായി (എന്‍.പി.എ.) മാറിയ വായ്‌പകള്‍ എസ്‌.ബി.ടി. സ്വകാര്യ കമ്പനിക്ക്‌ വിറ്റതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ കുടിശ്ശികക്കാര്‍ ആകെ ആശങ്കയിലാണ്‌. ഇക്കാര്യം വ്യക്‌തമാക്കി ബാങ്ക്‌ അയച്ച കത്ത്‌ കുടിശ്ശികക്കാര്‍ക്ക്‌ ലഭിച്ചുതുടങ്ങിയതോടെ പലരും ഉത്‌ക്കണ്‌ഠയിലാണ്‌.

നാല്‌ ലക്ഷം രൂപയും അതില്‍ താഴെയും തുക അനുവദിച്ച വിദ്യാഭ്യാസവായ്‌പകളിലെ 8658 അക്കൗണ്ടുകളാണ്‌ എസ്‌ബിടി റിലയന്‍സ്‌ അസറ്റ്‌ റീകണ്‍സ്‌ട്രക്ഷന്‍ കമ്പനിക്ക്‌ വിറ്റതായി പറഞ്ഞിരിക്കുന്നത്‌. ബാങ്ക്‌ ഇതുസംബന്ധിച്ച്‌ പ്രത്യേക സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ടെന്നാണ്‌ വിവരം. വിദ്യാഭ്യാസവായ്‌പകളില്‍ 1804 എണ്ണം കിട്ടാക്കടമായി എസ്‌ബിടി പ്രഖ്യാപിച്ചവയാണ്‌. നടപടി തുടങ്ങിയ 6764 എണ്ണം വായ്‌പ്പകളും ഉണ്ട്‌. ഈ വായ്‌പകളുടെ ബുക്ക്‌ ബാലന്‍സ്‌ 130.57 കോടി രൂപയാണ്‌. വായ്‌പ നല്‍കിയത്‌ മുതല്‍ ബാങ്കിന്‌ വന്ന ചെലവ്‌ ഉള്‍പ്പെടുത്തിയും ഇടപാടുകാരന്‍ അടച്ച തുക കുറച്ചുമുള്ള തുകയാണിത്‌. ബുക്ക്‌ ബാലന്‍സിന്റെ 45 ശതമാനം തുകയ്‌ക്കാണ്‌ വായ്‌പകള്‍ റിലയന്‍സിന്‌ വിറ്റത്‌.

ഇതുള്‍പ്പെടെ 63 കോടി രൂപ റിലയന്‍സ്‌ എസ്‌.ബി.ടി.ക്ക്‌ നല്‍കും. ഇതിന്റെ 15 ശതമാനം 9.45 കോടി രൂപ പണമായും ബാക്കി തുക സെക്യൂരിറ്റി ബോണ്ടുകളിലെ നിക്ഷേപങ്ങളുമായാണ്‌ ബാങ്കിന്‌ ലഭിക്കുക. പണമായി ലഭിക്കുന്ന 9.5 കോടി രൂപ വായ്‌പ നല്‍കിയിട്ടുള്ള ശാഖകളിലേക്ക്‌ വീതിച്ചുനല്‍കി ഈ വായ്‌പകള്‍ ക്ലോസ്‌ ചെയ്യും. കിട്ടാക്കടവും പലിശയും എല്ലാം കൂടി കൂട്ടുന്ന ഇടപാടുവഴി അസറ്റ്‌ റീകണ്‍സ്‌ട്രക്ഷന്‍ കമ്പനി ഉണ്ടാക്കുന്നത്‌ 260 കോടി രൂപയാണ്‌. ഇടപാടില്‍ എസ്‌ബിടിയ്‌ക്ക് നല്‍കേണ്ട തുക കുറച്ചാലും 200 കോടി രൂപയോളം അസറ്റ്‌ റീകണ്‍സ്‌ട്രക്ഷന്‌ ലഭിക്കുമെന്നാണ്‌ കണക്കു കൂട്ടുന്നത്‌. വായ്‌പകള്‍ വിറ്റതോടെ ഇനി ഈ അക്കൗണ്ടുകളിലുള്ള കിട്ടാക്കടം എങ്ങനെയും പിരിച്ചെടുക്കുന്നതിനുള്ള അധികാരം റിലയന്‍സിനാണ്‌.

കുടിശ്ശിക പിരിച്ചെടുക്കാന്‍ കടുത്ത നടപടി സ്വീകരിക്കുന്ന സ്വകാര്യസ്‌ഥാപനങ്ങള്‍ ജപ്‌തി നടപടികള്‍ക്ക്‌ പുറമേ ഗുണ്ടകളെ വരെ ഉപയോഗിക്കാറുണ്ട്‌ എന്ന ചിന്തയാണ്‌ ഇക്കാര്യത്തില്‍ ആശങ്ക ഉയര്‍ത്തുന്നത്‌. ആറേഴു വര്‍ഷം മുമ്പ്‌ ഒരു ലക്ഷം വായ്‌പ എടുത്ത്‌ മുതലും പലിശയുമൊക്കെയായി നാലു ലക്ഷം വരെ ആയവര്‍ കുടിശ്ശികാ പട്ടികയിലുണ്ട്‌.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം