ഇ പി ജയരാജന്റെ തിരിച്ചു വരവിന് സി പി എം കളമൊരുക്കുമ്പോൾ

ഷിജിത്ത് വായന്നൂർ

അത്ര വേഗത്തിലൊന്നും തള്ളിക്കളയാൻ കഴിയാത്ത കരുത്തുറ്റ നേതൃ മുഖമാണ് സി പി എമ്മിന് ഇ പി ജയരാജൻ. അദ്ദേഹം മന്ത്രിസഭയിലേക്ക് തിരിച്ചു വരുന്നു എന്ന വാർത്തകൾ സജീവമാകുമ്പോൾ അത് നടക്കണം എന്നാഗ്രഹിക്കുന്ന നിരവധി പേര് നേതൃനിരയിലും സാധാരണ പ്രവർത്തകരിലും ഉണ്ട്.

ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി വ്യവസായ മന്ത്രി സ്ഥാനത്തു നിന്ന് പുറത്തേക്ക് പോകുമ്പോൾ ഇ പി ജയരാജൻ വല്ലാത്തൊരു നിരാശയുടെയും വേദനയുടെയും പിരിമുറുക്കത്തിലായിരുന്നു. അത് മന്ത്രിസ്ഥാനം എന്ന വലിയ ചുമതല നഷ്ടപ്പെട്ടത് കൊണ്ടായിരുന്നില്ല. പുറമെ ഉയർന്ന ആരോപണങ്ങളും വ്യക്തിഹത്യയിലേക്ക് വരെ നീണ്ട കുറ്റപ്പെടുത്തലുകളും പാർട്ടിയും ഒരുവേള വിശ്വസിച്ചുപോയോ എന്ന സന്ദേഹമായിരുന്നു ആ മുഖത്ത് നിഴലിച്ചു നിന്നത്.

ഇടതുമുന്നണി മന്ത്രിസഭാ അധികാരമേൽക്കുകയും മുഖ്യമന്ത്രി പിണറായിക്കു ശേഷം മന്ത്രിസഭയിലെ കരുത്തനായ രണ്ടാമൻ എന്ന വിശേഷണം ഇ പി ക്കു ചാർത്തപ്പെട്ട് അധിക നാൾ കഴിയുന്നതിനു മുൻപുമായി രുന്നു മന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങേണ്ടി വന്നത്. മറ്റ് പലരും ചെയ്തത് പോലെ ഒരു വാശിക്ക് ഞാൻ തിരിച്ചു വരും എന്ന പ്രഖ്യാപനമൊന്നും നടത്താൻ ഇ പി തയ്യാറായിരുന്നില്ല. പകരം നിശബ്ദനായി സെക്രട്ടറിയേറ്റിന്റെ പടിയിറങ്ങുകയായിരുന്നു.

പാർട്ടിയ്ക്കുള്ളിൽ അദ്ദേഹത്തെ സ്നേഹിച്ചവർ കടുത്ത നിരാശയിലായി. സ്വന്തം മണ്ഡലമായ മട്ടന്നൂരിൽ വിമാനത്താവളം അടക്കമുള്ള വികസന പദ്ധതികൾ വരുമ്പോൾ അതിനോടനുബന്ധിച്ച ഒട്ടേറെ പദ്ധതികൾ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. അതൊക്കെയും പാതിവഴിയിലാകുമല്ലോ എന്ന് പലരും ആശങ്കപ്പെട്ടു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ എം എൽ എ എന്ന നിലയിൽ ഇ പി മണ്ഡലത്തിൽ സജീവമായി.

Image result for e p jayarajan

പക്ഷെ പാർട്ടി വേദികളിൽ ആ ഘട്ടത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം കുറഞ്ഞു വരുന്നത് മാധ്യമങ്ങളടക്കം എല്ലാവരും ശ്രദ്ധിച്ചു തുടങ്ങി. ഒരു വേള ഇ പി സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്നേക്കാം എന്ന് വരെ ചില കേന്ദ്രങ്ങളിൽ നിന്ന് വാർത്തകൾ പരന്നു . ആ സംശയം ഉറപ്പിക്കുന്ന വിധം അത്രമേൽ മൂകനായിരുന്നു ആ കാലത്ത് ഇ പി.
ഇതിനിടയിൽ പിണറായിയുമായി പലവട്ടം കൂടിക്കാഴ്ച നടത്തേണ്ട സാഹചര്യം വന്നു ചേർന്നപ്പോൾ പതുക്കെ വീണ്ടും അദ്ദേഹം പാർട്ടി വേദികളിൽ സജീവമാവുകയായിരുന്നു.

അതിനിടെ ബന്ധുനിയമനം സംബന്ധിച്ച വിജിലൻസ് അന്വേഷണം അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത് വലിയ ആശ്വാസമാണ് പകർന്നു നൽകിയത്. കോടതിയും ഇക്കാര്യം അംഗീകരിച്ചതോടെ ഇ പി യുടെ തിരിച്ചു വരവിന്റെ വാർത്തകൾ വന്നുതുടങ്ങി.
ത്നിക്കെതിരെ പാർട്ടിക്കകത്ത് തന്നെയുള്ള ഏതെങ്കിലും വിഭാഗം ചരടുവലി നടത്തിയതായി ഇ പി ഉറപ്പിക്കുന്നില്ല. പക്ഷെ ആ സംശയം അദ്ദേഹത്തിൽ നിന്ന് പൂർണമായി വിട്ടു പോയിട്ടുമില്ല.

പാർട്ടിയുടെ ഏറ്റവും ഉജ്വലമായ നേതാവായിരുന്ന എം വി രാഘവനാണ് സി പി എമ്മിൽ ഇ പി ജയരാജനെ വളർത്തിയത്. ആ പോരാട്ട വീര്യം തന്നെയാണ് മനസ്സിൽ അദ്ദേഹം കാത്തു സൂക്ഷിക്കുന്നതും. ഇ പി ജയരാജന്റെ നേതൃപാടവം മറ്റാരേക്കാളും നന്നായി അറിയുന്ന ആളാണ് പിണറായി വിജയൻ. പലവിധ എതിർപ്പുകളിൽ മുഖ്യമന്ത്രി അടക്കമുള്ളവർ പെട്ടുപോകുന്ന സന്ദർഭങ്ങളിലെല്ലാം ഇ പി എന്ന മന്ത്രിയുടെ അസാന്നിധ്യം പിണറായി അനുഭവിച്ചിട്ടുണ്ടാകാം. അത് തന്നെ ആയിരിക്കാം തിരിച്ചു വരവിനുള്ള കളമൊരുക്കിയതും. മന്ത്രി സഭയിലേക്കു തിരിച്ചെത്തുന്നു എന്ന വാർത്തകൾ ശരിയാവട്ടെ എന്നാണ് അദ്ദേഹവുമായി ഏറെ അടുപ്പമുള്ള പ്രവർത്തകർ പങ്കുവെക്കുന്നതും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം