എമിറേറ്റ്സ് വിമാന ദുരന്തം; വാര്‍ത്തയാവാതെ രക്ഷകന്റെ മരണം

dubaiദുബൈ: ബുധനാഴ്ച ദുബായ് എയര്‍പോര്‍ട്ടില്‍ റണ്‍വേയില്‍ ഇടിച്ചിറക്കിയതിനെ തുടര്‍ന്ന് തീപിടിച്ച് തിരുവനന്തപുരം-ദുബായ് വിമാനം കത്തിയമര്‍ന്നതും വിമാനത്തിലെ 300 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു. അപകടം നടന്നയുടനെ മിന്നല്‍വേഗത്തിലുള്ള രക്ഷാപ്പപ്രവര്‍ത്തനമാണ് യാത്രികരെ എല്ലാവരേയും രക്ഷിക്കാന്‍ സഹായിച്ചത്. അപകട വിവരം അറിഞ്ഞയുടന്‍ വിമാനത്താവളത്തിലെ സുരക്ഷാ അധികൃതരും അഗ്നിശമന സേനാ വിഭാഗവും പെട്ടന്നുതന്നെ എത്തുകയായിരുന്നു. 90 സെക്കന്റിനുള്ളിലാണ് പത്ത് എമര്‍ജന്‍സി വാതിലുകളിലൂടെ 282 യാത്രികരെ പുറത്തിറക്കിയത്. യാത്രികരെ വിമാനത്തില്‍ നിന്നും സുരക്ഷിതമായി പുറത്തിറക്കിയതിന് പിന്നാലെ വിമാനം ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചു. യാത്രികരെ രക്ഷിച്ചതിന് എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്.

എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങളുമായെത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ ത്യാഗം ചെയ്ത അഗ്നിശമന സേനാംഗത്തെ അധികമാരും ഓര്‍ത്തില്ല. ആ ജീവത്യാഗം ‘രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു അഗ്നിശമനസേനാംഗം മരിച്ചു’ എന്ന ഒറ്റവരിയില്‍ ഒതുക്കി മുഖ്യധാരാ മാധ്യമങ്ങളും. ജസീം ഐസ അല്‍ ബലൗഷി എന്ന അഗ്നിശമനസേനാംഗത്തിനാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ വെടിയേണ്ടി വന്നത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൗം ബലൗഷിയുടെ ജീവത്യാഗത്തെ സ്മരിച്ച് ട്വീറ്റ് ചെയ്തപ്പോള്‍ മാത്രമാണ് അഗ്നിശമന സേനാംഗത്തിന്റെ പേര് പോലും പുറത്തുവന്നത്. യാത്രികരെ രക്ഷിക്കാന്‍ ജീവത്യാഗം നടത്തി രക്തസാക്ഷിയായ അഗ്നിശമന സേനാംഗത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുശോചനം അറിയിച്ചാണ് ഭരണാധികാരിയുടെ ട്വീറ്റ്. ഇതുപോലൊരു ജീവനക്കാരനെ കിട്ടിയതില്‍ എമിറേറ്റ്‌സിന് അഭിമാനിക്കാമെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

ദുബായ് എയര്‍പോര്‍ട്ടില്‍ ഇടിച്ചിറക്കിയ വിമാനം മൂന്ന് കിലോമീറ്ററോളം നിരങ്ങിയാണ് നീങ്ങിയത്. ഇതിനിടെ ഇരുഭാഗത്തേയും എഞ്ചിനുകള്‍ പൊട്ടിത്തെറിച്ച് തീ വിമാനത്തിന്റെ ചിറകുകളിലേക്ക് പടരുകയായിരുന്നു. ഇതിനിടെയുണ്ടായ വലിയ പൊട്ടിത്തെറിയില്‍ പരുക്കേറ്റാണ് അഗ്നിശമനസേനാംഗം മരിച്ചത്. ഇതിനുപിന്നാലെ വിമാനം പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. വിമാനത്തിനൊപ്പം യാത്രാക്കാരുടെ രേഖകളടക്കമുള്ള ലഗേജുകളും കത്തിയമര്‍ന്നു.

എമിറേറ്റ്‌സ് എയര്‍ലൈനിന്റെ 31 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമായിരുന്നു ഇത്. വിമാനം ഇറങ്ങാന്‍ സഹായിക്കുന്ന ലാന്‍ഡിങ് ഗിയറിന്റെ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് എമിറേറ്റ്‌സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം