ദൃശ്യം മോഡല്‍ കൊലപാതകം; കൊന്നു കുഴിച്ച് മൂടിയത് തമിഴ്‌നാട് സ്വദേശിയെ

വയനാട്: മാനന്തവാടിക്ക് അടുത്ത് ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ പോലീസ് അന്വേഷണം ഉൗര്‍ജിതമാക്കി. കൊന്ന് കുഴിച്ചു മൂടിയത് തമിഴ്‌നാട് സ്വദേശിയേയെന്ന് സൂചന.

ചാക്കില്‍ കെട്ടി കുഴിച്ചു മൂടിയ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. വിദഗ്ധമായ പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് കൊണ്ടു പോയി. തോണിച്ചാലിന് അടുത്ത താമസിക്കുന്ന നാടോടി സംഘത്തിലെ ഒരാളെ കാണാതായിട്ടുണ്ട്. ഇയാളുടെ മൃതദേഹമാണ് ഇതെന്ന് സംശയമുണ്ട്.

മാനന്തവാടി ഡിവൈഎസ്പി എം ഒ ദേവസ്യയുടെയും ഫോറന്‍സിക് വിദഗ്ധരുടെയും നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്ത്. മൃതദേഹം പുറത്തെടുക്കുന്നത് കാണാന്‍ നൂറു കണക്കിനാളുകളാണ് തടിച്ചു കൂടിയത്. മാനന്തവാടി തോണിച്ചാലില്‍ നെല്ലൂര്‍നാട് വില്ലേജ് ഓഫീസിന് നൂറ് മീറ്റര്‍ അകലെയാണ് മൃതദേഹം കുഴിച്ചു മൂടിയത്. റോഡിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന വീടിന്റെ ഒരു നില പൂര്‍ത്തിയാകുകയും കിടപ്പു മുറി ഉള്‍പ്പെടുന്ന രണ്ടാം നിലയുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലാണ് മൃതദേഹം കുഴിച്ചു മൂടിയത്.

ട്രൈബല്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായ ജഗതീഷും സുഹൃത്തും ഉടമസ്ഥയിലുള്ള ഭൂമിയിലാണ് വീട് നിര്‍മാണം ആരംഭിച്ചത്. ഒന്നര മാസം മുമ്പ് വീടിന്റെ തറയില്‍ കിടപ്പു മുറിയിലായി മണ്ണ് ഇളകി നിലയില്‍ കണ്ടിരുന്നു. തൊഴിലാളികള്‍ സംശയം പ്രകടിപ്പിച്ചെങ്കിലും കരാറുകാരനെ അറിയിച്ചിരുന്നില്ല. മണ്ണിളകിയത് കരാറുകാരന്റെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും തൊഴിലാളികള്‍ ജോലിയുടെ ഭാഗമായി കിളച്ചതാണെന്നാണ് കരുതിയത്.

ബുധനാഴ്ച ഉടമയെത്തി കോണ്‍ക്രീറ്റ് നനക്കുന്നതിനിടയിലാണ് മണ്ണ് താഴ്ന്നു പോയതായി ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചത്. ഒന്നരമാസം പഴക്കമുള്ള മൃതദേഹം ചെരിഞ്ഞാണ് കിടക്കുന്നത്. കൊല നടത്തി തെളിവു നശിപ്പിക്കാന്‍ വീടിനകത്ത് കുഴിച്ചിട്ടതാണെന്നാണ് കരുതുന്നത്.

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം