കുട്ടിക്കാലത്തെ ഓണവിശേഷങ്ങളുമായി കോട്ടയത്തെ യുവ ഐഎഎസുകാരി

dr.divya s ayyar iasതിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു പിന്നില്‍ പണ്ട് ഓടിട്ട കൊച്ചുവീട് ഉണ്ടായിരുന്നു. റോഡില്‍നിന്നുള്ള ഒരു ഒറ്റയടിപ്പാതയിലൂടെ നടന്നുവേണം വീട്ടിലെത്താന്‍. ഭിത്തികെട്ടി രണ്ടായി ഭാഗിച്ച ആ വീട്ടില്‍ രണ്ടു കുടുംബങ്ങളാണ് താമസിച്ചിരുന്നത്. അതിലൊന്ന് ഞങ്ങളുടേതായിരുന്നു. പത്തുവയസുവരെ ആ വീട്ടിലാണ് ഞാന്‍ വളര്‍ന്നത്. വീടിന്റെ സിമന്റിട്ട തിണ്ണയ്ക്കും ഒറ്റയടിപ്പാതയ്ക്കും ഇടയില്‍ വിസ്താരമേറിയ മുറ്റമുണ്ടായിരുന്നു. തെങ്ങ്, മാവ്, പ്ലാവ്, നന്ത്യാര്‍വട്ടം, തെറ്റി, തുളസി, മഞ്ഞള്‍, തുമ്പ, തൊട്ടാവാടി… തുടങ്ങി എന്തെല്ലാം ചെടികള്‍. തുളസിക്കതിര്‍ പറിച്ചെടുത്ത് തലയില്‍ ചൂടിയതും വെളുത്ത തുമ്പപ്പൂവ് തൊട്ട് ഓമനിച്ചതും തൊട്ടാല്‍ ഇല മടക്കുന്ന തൊട്ടാവാടിയെക്കണ്ട് അത്ഭുതപ്പെട്ടതും ഇന്നലെ കഴിഞ്ഞതുപോലെ. ആ വീടിനെ ചുറ്റിപ്പറ്റിയാണ് എന്റെ ഓര്‍മയിലുള്ള ആദ്യത്തെ ഓണം.

ഈര്‍പ്പമുള്ള മണ്ണിന്‍ മകുടത്തില്‍ പൂക്കള്‍ ചൂടിച്ച് ആദ്യത്തെ അത്തപ്പൂക്കളമുണ്ടാക്കിയത് ആ വീടിന്റെ മുറ്റത്താണ്. അയല്‍പക്കത്തെ കൂട്ടുകാരുമൊത്ത് മാണിക്യചെമ്പഴുക്കയും ഓണക്കളികളും കളിച്ചതും അവിടെയാണ്. ഓണപ്പാട്ടുകള്‍ ‘അന്താക്ഷരി’യില്‍ പാടി മത്സരിച്ചതും ഈറന്‍ ഉടുത്തുവന്ന അമ്മയുടെ മുടിയില്‍ തുളസിക്കതിര്‍ ചൂടിച്ചതും മറക്കാനാവില്ല. ഊഞ്ഞാലില്‍നിന്നു വീണ് കാല്‍മുട്ടിന് മുറിവേറ്റതും വീഴ്ചയില്‍ പുത്തന്‍ പട്ടുപാവാട കീറിയതും സന്തോഷകരമായ ഓര്‍മയായി ഇന്നുമുണ്ട്. ഓണസദ്യയില്‍ അച്ഛന്റെ പിന്നാലെ നടന്ന് ഉപ്പേരി വിളമ്പിയപ്പോള്‍ കിട്ടിയ സന്തോഷം എത്രയെന്നു പറയാനാവില്ല. അവധിക്കാല ക്ലാസില്‍ പോയി ചിത്രരചന പഠിച്ചതും പെയിന്റിംഗ് മത്സരങ്ങളില്‍ ‘വള്ളംകളി’ വരച്ച് ഒന്നാം സമ്മാനം വാങ്ങിയതും ദൂരദര്‍ശനില്‍ ഓണപ്പരിപാടിക്ക് കര്‍ഷകനൃത്തം ചെയ്തതും എനിക്ക് ഓണമായിരുന്നു.

സര്‍ക്കാര്‍ ഒരുക്കുന്ന ഓണാഘോഷപരിപാടികളുടെ സമാപന ഘോഷയാത്ര കാണാനുള്ള തിക്കും തിരക്കും ബുദ്ധിമുട്ടായി തോന്നിയിട്ടേയില്ല. അച്ഛന്റെയും അമ്മയുടെയും തോളില്‍ മാറിമാറിയിരുന്നായിരുന്നു ആ കാഴ്ച കണ്ടിരുന്നത്.ബാല്യകാലത്ത് എനിക്ക് ഓണം സമ്മാനിച്ച ആ വാടകവീട് ഇന്നില്ല. അവിടെ ഇപ്പോള്‍ ഒരു വമ്പന്‍ വാണിജ്യകേന്ദ്രം ഉയര്‍ന്നിരിക്കുന്നു. ജീന്‍സിലും ടീഷര്‍ട്ടിലും സന്തോഷം കണ്ടെത്തുന്ന യുവതലമുറയുടെ തിരക്കാണ് എപ്പോഴുമിവിടെ. ഞാന്‍ തൊട്ടുവളര്‍ത്തിയ തുമ്പയും തൊട്ടാവാടിയും എവിടെയോ മറഞ്ഞിരിക്കുന്നു. മണ്ണിന്റെ മണമോ തെങ്ങിന്റെ ഓലയോ കാറ്റിന്റെ കുറുമ്പോ കാണാനേയില്ല. ഞാന്‍ ഓടിക്കളിച്ച വീടും മുറ്റവും നടന്നു വളര്‍ന്ന ഒറ്റയടിപ്പാതയും ഓര്‍മകളായി.

മറ്റൊരു ഓണനാളില്‍ ആ വാടകവീട് വിട്ടുപോരേണ്ടിവന്നത് കാലത്തിന്റെ അനിവാര്യതയായിരുന്നിരിക്കാം. അതുവരെയും ആ വീട് എനിക്ക് സ്വന്തംതന്നെയായിരുന്നല്ലോ. എന്നാല്‍, വാടകവീട് ഒരു വലിയ പാഠം പഠിപ്പിച്ചു. ഈ ഭൂമിയില്‍ ഒരുതരി മണ്ണും നമുക്ക് സ്വന്തമല്ല എന്ന വലിയ സത്യം. കേരളം ഭരിച്ചിരുന്ന മഹാനായ മഹാബലിക്കുപോലും ഭൂമി എന്ന വീട് ഉപേക്ഷിക്കേണ്ടി വന്നില്ലേ! ഓണക്കാലത്തു മാത്രം തന്റെ പഴയ തട്ടകം കാണാനുള്ള അര്‍ഹതയേ അദ്ദേഹത്തിനുള്ളൂ.

പേരിനും പ്രശസ്തിക്കും ഭൂമിക്കുംവേണ്ടി തമ്മില്‍ തല്ലുന്ന മനുഷ്യനെ മഹാബലി പഠിപ്പിക്കുന്നതും അതുതന്നെയാണ്. ഹേ! മനുഷ്യാ, പണവും പ്രതാപവും രാജ്യവും അധികാരവുമെല്ലാം നിനക്ക് സ്വന്തമാണെന്ന് നീ കരുതുന്നു. എന്നാല്‍, ഇവിടെയൊന്നും നിനക്കു സ്വന്തമല്ല. ഒരു വാടകവീട് പോലെയാണത്. കുറച്ചുനാള്‍ ഉപയോഗിച്ചശേഷം ഉപേക്ഷിക്കേണ്ടിവരും. അത് കാലത്തിന്റെ നിശ്ചയമാണ്. പിന്നെ നിനക്കുള്ളത് കുറച്ച് ഓര്‍മകള്‍ മാത്രം. ഓണം പോലെ ആ ഓര്‍മകളാണ് പിന്നെയുള്ള ജീവിതം.

Loading...