മെക്സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കുമെന്ന് ട്രംപിന്‍റെ ഭീഷണി

വാഷിങ്ടണ്‍: മെക്സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അസോസിയേറ്റഡ് പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മെക്സിക്കന്‍ പ്രസിഡന്റ് എറിക് പെന നീറ്റോയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് ട്രംപ് ഭീഷണി മുഴക്കിയെന്നാണ് റിപ്പോര്‍ട്ട്. കുടിയേറ്റക്കാരെയും, മയക്കുമരുന്ന് കടത്തും തടയാന്‍ മെക്സിക്കോയ്ക്ക് സാധിക്കുന്നില്ലെങ്കില്‍ ഞങ്ങളുടെ സൈന്യം അതിന് തയ്യാറാണെന്ന് ട്രംപ് നീറ്റോയെ അറിയച്ചതായി എ.പി റിപ്പോര്‍ട്ട് ചെയ്തു. നിങ്ങളുടെ സൈന്യം കള്ളക്കടത്തുകാരെയും അക്രമികളെയും കണ്ട് ഒളിച്ചിരിക്കുകയാണ് അമേരിക്കന്‍ സൈന്യം അങ്ങനെയല്ല എന്ന് അറിയാമല്ലോ എന്നും ട്രംപ് സംഭാഷണത്തിനിടെ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ ബാഡ് ഹോംബ്റെസ് ‘ എന്നാണ് ‘ കുടിയേറ്റക്കാരെയും മയക്കുമരുന്ന് കടത്തുകാരെയും ട്രംപ് വിശേഷിപ്പിച്ചത്. എന്നാല്‍ സംഭാഷണത്തില്‍ ഇങ്ങനെ വിശേഷിപ്പിച്ചത് ആരെ ഉദ്ദേശിച്ചാണെന്ന് വ്യക്തമായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ട്രംപ് നേരത്തെ തിരഞ്ഞെടുപ്പ് സംവാദത്തില്‍ ഇതേ വാക്ക് ഉപയോഗിച്ചിരുന്നതായും ഇത് കുടിയേറ്റക്കാരെയും അതിര്‍ത്തിയില്‍ മയക്കുമരുന്ന് കടത്ത് നടത്തുന്നവരെയും ഉദ്ദേശിച്ചാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 27നായിരുന്നു ട്രംപും മെക്സിക്കന്‍ പ്രസിഡന്റും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയത്. കാര്യക്ഷമമായ സംഭാഷണമാണ് നടന്നതെന്നും വിഷയത്തില്‍ പൊതുവായി പ്രസ്താവനകള്‍ നടത്തില്ലെന്ന് ട്രംപ് ഉറപ്പ് നല്‍കി എന്നുമായിരുന്നു ഫോണ്‍ സംഭാഷണത്തിന് ശേഷം മെക്സിക്കന്‍ പ്രസിഡന്റ് എറിക് പെന നീറ്റോ പ്രതികരിച്ചത്. ട്രംപ് ഭീഷണി മുഴക്കിയെന്നത് മെക്സിക്കന്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം