ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ ജാതി വിലക്ക്; സുധി കുമാര്‍ ഈഴവന്‍,പൂജ ചെയ്യേണ്ടെന്ന് കല്‍പ്പന

ആലപ്പുഴ: ഈഴവന് ഭഗവതിയെ പൂജിക്കാന്‍ അവകാശമില്ലേ?’ അയിത്തം കല്‍പിക്കപ്പെട്ട പൂജാരി സുധി കുമാര്‍ ചോദിക്കുന്നു . ഈഴവ സമുദായത്തില്‍ ജനിച്ചതിന്റെ പേരില്‍ ദേവസ്വം ബോര്‍ഡ് നിയമനം ലഭിച്ച ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുകയാണ് എസ് സുധി കുമാര്‍ എന്ന പൂജാരി യുവാവിന്. തന്ത്രിയുടെയും ഹിന്ദുമത കണ്‍വെന്‍ഷന്റെയും തിട്ടൂരത്തെ തുടര്‍ന്നാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനം തടഞ്ഞുവെച്ചിരിക്കുന്നത്.

ബ്രാഹ്മണ സമുദായത്തില്‍ പെടാത്തവര്‍ പൂജിച്ചാല്‍ ദേവി കോപമുണ്ടാകുമെന്നാരോപിച്ച് ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ ദേവസ്വം ബോര്‍ഡിന് കത്തയച്ചിരുന്നു. ഒപ്പം കടുത്ത എതിര്‍പ്പുമായി വിശ്വാസികളുടെ സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷന്‍ രംഗത്തെത്തിയതോടെയാണ് എസ് സുധികുമാറിന്റെ നിയമനം തിരുവതാംകൂര്‍ ദേവസ്വം കമ്മിഷണര്‍ തടഞ്ഞത്. ഓഗസ്റ്റ് എട്ടിനകം വിഷയത്തില്‍ തീരുമാനമുണ്ടാകണമെന്ന് ദേവസ്വം കമ്മീഷണറോട് ഹൈക്കോടതി ഉത്തരവിട്ടിട്ടും സുധി കുമാറിന് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല.തന്നെ ക്ഷേത്രത്തില്‍ കയറ്റാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സുധികുമാര്‍ പറയുന്നു.

ഭരണാഘടനപരമായുള്ള എന്റെ അവകാശമാണ് നിഷേധിക്കുന്നത്. ഓണാട്ടുകരക്കാരനായ ഞാന്‍ കുട്ടിക്കാലം മുതല്‍ ക്ഷേത്രത്തില്‍ പോയി ഭഗവതിയെ തൊഴാറുണ്ട്. എന്നെ അവിടെ കയറ്റില്ല എന്ന് പറയുമ്പോള്‍ പതിനെട്ടാം നൂറ്റാണ്ടിലെ ജാതി വ്യവസ്ഥ ഈ ക്ഷേത്രാചാരത്തിന് മറവില്‍ കൊണ്ടു വരാന്‍ ശ്രമിക്കുകയാണ്.

മൂന്നു വര്‍ഷമായി പുതിയിടം ക്ഷേത്രത്തില്‍ കീഴ്ശാന്തിയായിരുന്ന സുധികുമാറിന് ജൂണ്‍ 19നാണ് ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ കീഷ്ശാന്തിയായി നിയമനം ലഭിച്ചത്. മാനദണ്ഡങ്ങളുടെയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തില്‍ മാവേലിക്കര അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറാണ് ഉത്തരവിട്ടത്. പിന്നാലെ കടുത്ത എതിര്‍പ്പുമായി വിശ്വാസികളുടെ സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷന്‍ രംഗത്തെത്തുകയായിരുന്നു.

അബ്രാഹ്മണനായ ഒരു കീഴ്ശാന്തിയെ ക്ഷേത്രത്തില്‍ കയറ്റില്ല എന്ന് നിലപാടുമായി കണ്‍വെന്‍ഷന്‍ യോഗം ചേര്‍ന്നു. 13 അംഗ എക്‌സിക്യൂട്ടീവില്‍ രണ്ടാളൊളികെ 11 പേരും സവര്‍ണരാണെന്ന് സുധികുമാര്‍ ചൂണ്ടിക്കാട്ടുന്നു.

അബ്രാഹ്മണന്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചാല്‍ ദേവീകോപമുണ്ടാകുമെന്ന് പറഞ്ഞ് നിയമനത്തെ തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണനും എതിര്‍ത്തു. ഹിന്ദുമത കണ്‍വെന്‍ഷന്‍ തന്ത്രിയുടെ കത്തുമായി ഹൈക്കോടതിയെ സമീപിച്ചു. ഷോഡശ്ശ സംസ്‌കാരത്തില്‍ സമാവര്‍ത്തനം കഴിഞ്ഞ മലയാളി ബ്രാഹ്മണനു മാത്രമേ ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിക്കാന്‍ കഴിയൂ എന്നായിരുന്നു ആരോപണം.

ഹൈക്കോടതി വാദം അംഗീകരിച്ചില്ല. ഒരു മാസത്തേക്ക് തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഓഗസ്റ്റ് എട്ടിനകം തീരുമാനം കൈക്കൊളളാനും ദേവസ്വം കമ്മീഷണറെ ചുമതലപ്പെടുത്തി. കമ്മീഷണര്‍ തന്ത്രിയെയും ഹിന്ദുമത കണ്‍വെന്‍ഷന്‍ ഭാരവാഹികളെയും ഹിയറിങ്ങിന് വിളിച്ചു. അബ്രാഹ്മണരായ ശാന്തിക്കാര്‍ ക്ഷേത്രത്തില്‍ കയറിയാല്‍ ദേവി കോപമുണ്ടാകുമെന്ന് കാണിച്ച് ഇരുവരും ദേവസ്വം കമ്മീഷണര്‍ക്കും കത്ത് നല്‍കി.

കുലമോ ജാതിയോ നോക്കാതെ പൂജാരിമാരെ ക്ഷേത്രത്തില്‍ എടുക്കണമെന്നാണ് കോടതി വിധി. ഷോഡശ്ശ സംസ്‌കാരത്തിലെ മലയാളി ബ്രാഹ്മണന്‍ തന്നെ വേണമെന്നാണ് അവരുടെ വാദം. ഷോഡശ്ശ സംസ്‌കാരം എന്ന് പറയുമ്പോള്‍ കുലത്തിനെക്കുറിച്ചാണ് പറയുന്നത്. മലയാളി ബ്രാഹ്മണന്‍ എന്നു പറയുമ്പോള്‍ ജാതിയാണ് പരാമര്‍ശിക്കുന്നത്. തന്നെ വിലക്കുന്നവര്‍ 2002 ആദിത്യന്‍ കേസിലെ സുപ്രീം കോടതി വിധി ലംഘിക്കുകയാണെന്ന് സുധി കുമാര്‍ ചൂണ്ടിക്കാട്ടുന്നു.

ഇടത് സര്‍ക്കാര്‍ ഭരണം നടത്തുമ്പോള്‍ ഈയവസ്ഥയുണ്ടാകുന്നു എന്ന് പറയുന്നതു തന്നെ നിര്‍ഭാഗ്യകരമാണെന്ന് സുധികുമാര്‍ പറയുന്നു.

ഞാന്‍ ഇനി സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ പോകുന്നത് ഇനി ഒരു അബ്രാഹ്മണരേയും കീഴ്ശാന്തിക്കാരായി നിയോഗിക്കരുതെന്നാണ്. കടുത്ത അവഗണനയാണ് ദേവസ്വം ബോര്‍ഡില്‍ നിന്ന് നേരിടേണ്ടി വരുന്നത്. ഞങ്ങളുടെ കാര്യങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ല. ഇപ്പോഴും 18-ാം നൂറ്റാണ്ടിലാണ്. എന്തിനാണ് ഞങ്ങള്‍ ഇങ്ങനെ ചവിട്ടും കുത്തും വാങ്ങിക്കുന്നത്? ദേവസ്വം ബോര്‍ഡില്‍ നിന്ന് നീതി കിട്ടുന്നില്ലെങ്കില്‍ പിന്നെന്തിനാണ്? അബ്രാഹ്മണരെ ശാന്തിനിയമനം നടത്തിയിട്ട് പരിഗണന ലഭിക്കുന്നില്ലെങ്കില്‍ പിന്നെന്തിന് അവിടെ പോകണം? ഞാന്‍ നായര്‍ സമുദായത്തില്‍ ജനിച്ച ഒരാളായിരുന്നെങ്കില്‍ തന്ത്രി എതിര്‍ത്താല്‍ പോലും അവര്‍ ക്ഷേത്രത്തിന് അകത്ത് കയറ്റിയേനെ. ദേവസ്വം ബോര്‍ഡ് ഭരിക്കുന്ന പ്രയാര്‍ ഗോപാലകൃഷ്ണന് പോലും എന്നോട് കരുണയില്ല. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും ഇനിയും അവതരിക്കേണ്ടി വരും.

സമൂഹത്തില്‍ നിന്ന് കുത്തുവാക്കുകളും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വരുന്നതിനാല്‍ മാനസിക സംഘര്‍ഷത്തിലാണെന്ന് സുധികുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു. അധിക്ഷേപങ്ങളുമായി ഫോണ്‍വിളികള്‍ വരുന്നുണ്ട്. എങ്കിലും മരണം വരെ പോരാട്ടം തുടരും. ഇനി വരുന്ന തലമുറയെങ്കിലും നന്നായി പോകണം. ഇടത് സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധികുമാര്‍ വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം