നിങ്ങൾ ‘തീട്ടൂരം’ പുറപ്പെടുവിച്ചു വിരട്ടുന്നതു ആരെയാണു? ചലച്ചിത്ര അക്കാദമിക്കെതിരെ സംവിധായകന്‍ ഡോ.ബിജു

dr bijuചലച്ചിത്ര അവാര്‍ഡുകളുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമിയുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ഡോ. ബിജു.  അവാര്‍ഡ് തുകകള്‍ വര്‍ധിപ്പിച്ചതും ലൊക്കേഷന്‍ സിങ്ക് സൗണ്ട്, സൗണ്ട് ഡിസൈനിങ് എന്നിവയ്ക്കു പുതിയതായി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയതും നല്ല കാര്യങ്ങളാണ്. എന്നാല്‍ ചിത്രങ്ങൾ അവാർഡുകൾക്ക്‌ അയക്കുമ്പോൾ ഇനി മുതൽ വിധി നിർണ്ണയ സമിതിയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യില്ല എന്നു 100 രൂപാ മുദ്ര പത്രത്തിൽ എഴുതി ഒപ്പിട്ട ഉടമ്പടി കൂടി നല്‍കണമെന്നത് നൈതികമായും നിയമപരമായും ശരിയാണോ എന്നാണ് ബിജു ചോദിക്കുന്നത്. ഫെയ്സ്ബുക്ക് പേജിലാണ് ബിജുവിന്റെ പ്രതികരണം.

ഡോ.ബിജുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചലച്ചിത്ര അവാർഡുകളുമായി ബന്ധപ്പെട്ട്‌ ചലച്ചിത്ര അക്കാദമി പുതിയ മാർഗ്ഗ നിർദ്ധേശങ്ങൾ പുറത്തിറക്കി. അവാർഡ്‌ തുകകൾ വർധിപ്പിച്ചതും ലൊക്കേഷൻ സിങ്ക്‌ സൗണ്ട്‌ , സൗണ്ട്‌ ഡിസൈനിംഗ്‌ എന്നിവയ്ക്കു പുതിയതായി അവാർഡുകൾ ഏർപ്പെടുത്തിയതും നല്ല കാര്യങ്ങൾ. ചിത്രങ്ങൾ അവാർഡുകൾക്ക്‌ അയക്കുമ്പോൾ ഇനി മുതൽ വിധി നിർണ്ണയ സമിതിയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യില്ല എന്നു 100 രൂപാ മുദ്ര പത്രത്തിൽ എഴുതി ഒപ്പിട്ട ഉടമ്പടി കൂടി നൽകണമത്രെ. ഇനി മുതൽ അവാർഡ്‌ നിർണ്ണയത്തെ വിമർശ്ശിക്കാനോ പാകപ്പിഴകൾ ചൂണ്ടിക്കാട്ടാനോ പാടില്ല. പ്രിയ ചലച്ചിത്ര അകാദമി എന്തൊരു അസംബന്ധം ആണിതു. നൈതികമായും നിയമപരമായും ഇതു ശരിയാണോ. ആദ്യം ഇതിന്റെ നൈതികത പരിശോധിക്കാം. അവാർഡിനു ശേഷമുള്ള വിമർശ്ശനങ്ങളും വിവാദങ്ങളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ആകാം ഇത്തരം ഒരു ഉത്തരവു ഇറക്കിയത്‌ . ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട വിവാദങ്ങൾ എന്നു വെച്ചാൽ അവാർഡ്‌ കിട്ടാത്ത ആളുകളുടെ പുലഭ്യം പറച്ചിൽ മാത്രമാണു എന്ന ധാരണയിൽ നിന്നാണു ഇത്തരം നടപടികൾ ഉണ്ടാകുന്നതു. അത്തരം. പരാതികൾ ഉണ്ടാകാറുണ്ടു എന്നതു ശരിയാണു. പക്ഷെ അതിനുമപ്പുറം അവാർഡു നിർണയ പ്രക്രിയയിലെ പാകപ്പിഴകൾ ചൂണ്ടിക്കാട്ടുക, ക്രിയാത്മകമായ നിർദ്ധേശങ്ങൾ നൽകുക, തുടങ്ങിയ നിരവധി തലങ്ങൾ ഉള്ള സാംസ്കാരിക ഇടം കൂടിയാണു ഇത്തരം ചർച്ചകൾ. ഇതിനെ അടിച്ചമർത്തുക എന്നതു ശരിയായ രീതിയല്ല. എതിരഭിപ്രായങ്ങളെ മൊത്തമായി ഇല്ലാതാക്കുക എന്നതു സാംസ്കാരിക ഫാസിസമാണു. അതാണിപ്പോൾ ചലച്ചിത്ര അകാദമി നടപ്പിലാക്കുന്നതു. അവാർഡു നിർണ്ണയ പ്രക്രിയയിൽ എന്തു ക്രമക്കെടുകൾ നടത്തിയാലും ആരും ചോദിക്കരുതു എന്നാണോ, ജൂറികളുടെ യോഗ്യത, മാനദണ്ടം ഇവയൊന്നും ചർച്ചയ്ക്കു വിധേയമാക്കാൻ പാടില്ല എന്നാണോ. ഭൂരിപക്ഷം സിനിമകളും കാണാതെയാണു ജൂറി അവാർഡുകൾ പ്രഖ്യാപിക്കുന്നതെങ്കിൽ അതു ശരിയായ പ്രക്രിയ അല്ല എന്നു പറയാൻ പാടില്ല എന്നാണോ. സിനിമ എന്നതു സാംസ്കാരികമായ ഒരു പ്രവർത്തനം കൂടിയാണു . സിനിമാ പുരസ്കാരങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ കേവലം അവാർഡ്‌ കിട്ടാത്തതിലുള്ള കൊതിക്കെറുവു പറച്ചിലുകളാകാതെ സാംസ്കാരികവും ക്രിയാത്മകവുമായ ചർച്ചകൾക്കുള്ള ഇടമായി ഉപയോഗപ്പെടുത്തേണ്ടതുണ്ടു. അല്ലാതെ എല്ലാവിധ ചർച്ചകളും അടിച്ചമർത്തുക എന്നതു തികഞ്ഞ ഫാസിസ്റ്റ്‌ നടപടിയാണു. നൈതികമായി ഇതു ശരിയല്ല. എന്തിനാണു നിങ്ങൾ ചർച്ചകളെയും അഭിപ്രായങ്ങളെയും വിമർശ്ശനങ്ങളെയും ഭയപ്പെടുന്നതു….?.
ഇനി ഈ വിഷയത്തിലെ നിയമത്തിലേക്കു വരാം. അവാർഡു പ്രഖ്യാപനത്തെ തുടർന്നു അതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ചർച്ചകളിലും പങ്കെടുക്കുന്നതു സംവിധായകരും സാങ്കേതിക പ്രവർത്തകരും നിരൂപകരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഒക്കെയാണു. ഇവർക്കിനിയും ഇത്തരം ചർച്ചകളിൽ പങ്കെടുക്കുന്നതിനു യാതൊരു തടസ്സവുമില്ല. കാരണം ഇവരാരും ഞങ്ങൾ വിധി നിർണ്ണയ സമതിയുടെ തീരുമാനം ചോദ്യം ചെയ്യില്ല എന്നു 100 രൂപാ മുദ്രപത്രത്തിൽ ഒപ്പിട്ടു നൽകുന്നില്ല. ഒരു സിനിമ അവാർഡിനായി അപേക്ഷ നൽകുന്നതു നിർമ്മാതാവാണു. വിധി യാതൊരു ചോദ്യം ചെയ്യലുമില്ലാതെ അംഗീകരിച്ചുകൊള്ളാം എന്നു 100 രൂപ പത്രത്തിൽ എഴുതി നൽകുന്നതും നിർമ്മാതാവാണു. അപ്പോൾ പ്രിയപ്പെട്ട അക്കാദമീ മറുത്തൊരക്ഷരം മിണ്ടിയേക്കരുതു എന്നു നിങ്ങൾ തീട്ടൂരം പുറപ്പെടുവിച്ചു വിരട്ടുന്നതു ആരെയാണു?. ആർക്കാണു ഇതനുസരിക്കാൻ ബാധ്യതയുള്ളതു ?. ഈ നിയമത്തിന്റെ അസംബന്ധത നിങ്ങൾക്കു ഇനിയും മനസ്സിലായില്ലേ?.അല്ലെങ്കിലും ഫാസിസത്തിനു ബുദ്ധി വേണ്ടല്ലോ അല്ലേ….

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം