തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമം; എഐഎഡിഎംകെ നേതാവ് ടി.ടി.വി. ദിനകരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ എഐഎഡിഎംകെ നേതാവ് ടി.ടി.വി. ദിനകരന്‍ അറസ്റ്റില്‍. ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തത്. നാലു ദിവസമായി പോലീസ് ദിനകരനെ ചോദ്യം ചെയ്ത് വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി വൈകിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദിനകരന്‍ പോലീസിനോട് കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ദിനകരനെതിരെ വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചതായും ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഏപ്രില്‍ 17നാണ് ദിനകരന്‍ പോലീസ് പിടിയിലാകുന്നത്. രണ്ടില ചിഹ്നം ലഭിക്കുന്നതിനായി ഇടനിലക്കാരന്‍ വഴി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ വാഗ്ദാനം ചെയ്തു എന്നതാണ് കേസ്. ശശികല പനീര്‍ശെല്‍വം തര്‍ക്കത്തെ തുടര്‍ന്ന് അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചിരുന്നു. ശശികല പക്ഷത്തിന് വേണ്ടിയായിരുന്നു ദിനകരന്‍ ചിഹ്നത്തിനായി കോഴ നല്‍കാന്‍ ശ്രമിച്ചത്. ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍.കെ.നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ ശശികല പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു ദിനകരന്‍. സുകേഷ് ചന്ദ്രശേഖര്‍ എന്നയാള്‍ ഹൈക്കോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ദിനകരന് രണ്ടില ചിഹ്നം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയത് എന്നാണ് പോലീസ് നല്‍കുന്ന വിവരം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം