നടന്‍ ദിലീപിന്‍റെ തിയേറ്ററില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയത് കാമുകിക്ക് വേണ്ടി; മോഷ്ടാവിന്‍റെ വെളിപ്പെടുത്തല്‍

By | Wednesday November 16th, 2016

aചാലക്കുടി: സിനിമാ താരം ദിലീപിന്റെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍ നിന്നും എഴ് ലക്ഷം രൂപ തട്ടിയതിനു പിടിയിലായ യുവാവിന്റെ വെളിപ്പെടുത്തല്‍. കാമുകിയെ സ്വന്തമാക്കാന്‍ പണം ഇല്ലാത്തതിന്റെ പേരിലാണ് താന്‍ മോഷണം നടത്തിയതെന്ന ഇയാള്‍ പോലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ത്രിപുര കോവൈ ജില്ലയിലെ മഹാറാണിപൂര്‍ ഗ്രാമവാസിയായ മിത്തന്‍ സഹാജി എന്ന യുവാവാണ് അറസ്റ്റിലായത്.ദിലീപിന്റെ ചാലക്കുടിയിലുള്ള ഡിസിനിമാസ് മള്‍ട്ടിപര്‍പ്പസ് തീയറ്ററിലാണ് ഇയാള്‍ മോഷണം നടത്തിയത്. ഏഴ് ലക്ഷം രൂപയായിരുന്നു അവിടെ നിന്നും മോഷ്ടിച്ചത്.

എസ്.പി ആര്‍.നിശാന്തിനിയുടെ കീഴിലുള്ള പ്രത്യേകസംഘമാണ് ഇയാളെ പിടികൂടിയത്.  ത്രിപുരയും ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ലെമ്പുച്ചിറയില്‍ വെച്ചായിരുന്നു അറസ്റ്റ്.അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ പ്രതിയുടെ സ്വദേശമായ തേലിയാമുറയിലെ പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം നടത്തിയിരുന്നു. പ്രതിയുടെ മുന്‍കാല ഫോണ്‍ ബന്ധങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.

കേരള പൊലീസ് തന്നെ അന്വേഷിക്കുന്നതായി സുഹൃത്തുക്കളില്‍ നിന്നു വിവരം ലഭിച്ച പ്രതി ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ ലെമ്പുച്ചിറയിലേക്ക് കടക്കുകയും അവിടെ വീട് വാടകയ്‌ക്കെടുത്ത് ഭാര്യയുമൊത്ത് താമസിച്ചുവരികയുമായിരുന്നു.എറണാകുളത്തെ ഐശ്വര്യ ഹൈജീന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജന്‍സിയാണ് പ്രതിയെ ഇവിടെ നിയമിച്ചത്. തീയറ്ററിലെ ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി ജോലികളുടെ മറവിലായിരുന്നു ഇയാള്‍ മോഷണം നടത്തിയത്.

മോഷണം നടന്ന ദിവസം അവസാന ഷോ കഴിഞ്ഞ് ക്ലീനിംഗ് തൊഴിലാളിയായിരുന്ന പ്രതി പുലര്‍ച്ചെ രണ്ടോടെ പോകുന്ന വഴി പുറത്തേക്കുള്ള വാതിലിന്റെ കുറ്റി തുറന്നിട്ടു. തുടര്‍ന്ന് താമസസ്ഥലത്ത് പോയി കുറച്ചുകഴിഞ്ഞ് തിരികെയെത്തി തിയേറ്ററിന്റെ മതില്‍ചാടി കടന്ന് ഈ വാതിലിലൂടെ അകത്ത് പ്രവേശിച്ച് ഓഫീസിന്റെ പൂട്ടുകള്‍ തകര്‍ത്ത് പണം കവരുകയായിരുന്നു.ഇതിന് ശേഷം ഇയാള്‍ ചെന്നൈയിലേക്ക് രക്ഷപ്പെടുകയായിരുന്നു. മിത്തന്റെ കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മിത്തനെ കുറിച്ച് പൊലീസിനു സൂചന ലഭിച്ചത്.ഇതനുസരിച്ച് പൊലീസ് തമിഴ്‌നാട്ടില്‍ എത്തിയപ്പോഴേക്കും പ്രതി അവിടെ നിന്നും കടന്നു കളഞ്ഞിരുന്നു. ആദ്യം അസമിലെ ഗുവാഹത്തിയിലേക്കും അവിടെ നിന്നു ത്രിപുരയിലേക്കും രക്ഷപ്പെടുകയായിരുന്നു. അവിടെ വെച്ചാണ് കാമുകിയെ വിവാഹം ചെയ്യുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം