ദിലീപിനെതിരായ കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണമില്ല

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം ചോര്‍ന്നതില്‍ പൊലീസ് അന്വേഷണം ഇല്ല. സംഭവത്തില്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടില്ല. അതേസമയം, കുറ്റപത്രം ചോര്‍ന്നത് ഗൗരവതരമാണെന്നും ദിലീപിന്റെ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്നും അങ്കമാലി മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. കോടതി ഉത്തരവിന്റെ പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പെരുമ്പാവൂര്‍ സിഐ ബൈജു കെ പൗലോസിനെ കോടതി താക്കീത് ചെയ്തു. കുറ്റപത്രവും തെളിവുകളും ചോരാതിരിക്കാന്‍ അന്വേഷണസംഘം ശ്രദ്ധിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. മാധ്യമവിചാരണകള്‍ നീതിന്യായ സംവിധാത്തെ തടസ്സപ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു.

ജനുവരി 17 നായിരുന്നു ദിലീപിന്റെ പരാതിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധി പറഞ്ഞത്. അന്ന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അത് തെറ്റായിരുന്നു എന്നാണ് ഉത്തരവിന്റെ പകര്‍പ്പില്‍ നിന്ന് വ്യക്തമാകുന്നത്.

കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് പൊലീസ് തന്നെയാണെന്നും ഇത് തന്നെ മനപ്പൂര്‍വം അപമാനിക്കാനാണെന്നും കാട്ടിയായിരുന്നു ദിലീപ് പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ദിലീപ് അത്രവലിയ ഹരിശ്ചന്ദ്രനൊന്നും അല്ലെന്നും കുറ്റപത്രം ചോര്‍ത്തിയത് ദിലീപ് തന്നെയാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം