മാധ്യമങ്ങളെ അങ്ങോട്ട്‌ വിളിച്ച് ഇന്റര്‍വ്യൂ കൊടുത്ത് ദിലീപ് വെട്ടിലായി

പ്രമുഖ മാധ്യമങ്ങള്‍ക്ക് അങ്ങോട്ട് വിളിച്ച് അഭിമുഖംനല്‍കി ഒടുവില്‍ ദിലീപ് വെട്ടിലായി.

മഞ്ജുവിനും പരസ്യ സംവിധായകനുമെതിരെ തെളിവുകള്‍ ഉണ്ടെന്ന് പറയുന്ന താരം ഒരുപാട് കളിച്ചാല്‍ അവ പുറത്തുവിടുമെന്നും അതോടെ പലരുടെയും മുഖം വികൃതമാകുമെന്നും ഭീഷണി പെടുത്തുന്നുണ്ട്. അഭിമുഖത്തിനെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ ഇതിനോടകം രംഗത്തെത്തിയിരിക്കുകയാണ്. അഭിമുഖത്തിനിടയില്‍ മാതൃഭൂമിയിലെ വാര്‍ത്താ അവതാരകന്‍ വേണുവിനെതിരെയും  ദിലീപ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. 

അപര്‍ണ പ്രശാന്തിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ കാണാം

എല്ലാം തന്റെ ഔദാര്യം എന്നപോലെയാണ് ദിലീപ് പറയുന്നത്. എന്റെ ആദ്യ ഭാര്യ ഇപ്പൊ ജോലിയെടുത്ത് വലിയ ഉഷാറായി ജീവിക്കുന്നു, എന്റെ ഔദാര്യം…. കൗമാരക്കാരിയായ മകള്‍ക്ക് ഒരു കൂട്ടുകാരിയെ കൊടുത്തു, അതും ഔദാര്യം .. ഗോസിപ്പിന്റെ ബലിയാടിനൊരു ജീവിതം നല്‍കി, മറ്റൊരൗദാര്യം.. ആക്രമിക്കപ്പെട്ട നടിയെ ആദ്യമായി നായികയാക്കി ( എല്ലാരും എതിര്‍ത്തിട്ടും) പിന്നെ പെരുമാറ്റം ശരിയല്ലാത്തോണ്ട് ഒഴിവാക്കി പക്ഷെ ഉപദ്രവിച്ചില്ല വേറൊരൗദാര്യം..’ അപര്‍ണ പറയുന്നു. ദിലീപിന്റെ സിനിമകള്‍ പോലെയുണ്ടായിരുന്നു ഓണ്‍ലൈനിലെ ഇന്റര്‍വ്യൂവും എന്നായിരുന്നു അനുപമ മോഹന്റെ ഫേസ്ബുക്ക്് പോസ്റ്റ്. പരസ്പര ബന്ധങ്ങളില്ലാത്ത കോമഡിയും അരിയെത്രയെന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴിയെന്ന് പറഞ്ഞൊഴിയുന്ന പൈങ്കിളി മറുപടികളാണ് താരത്തിന്റേതെന്നും അനുപമ പറയുന്നു.

മഞ്ജുവിനെക്കുറിച്ച് ദിലീപ് അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെ

1998 ലാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. പെട്ടന്നുള്ള കല്യാണമായിരുന്നു. അന്ന് മുതല്‍ നാലഞ്ച് കൊല്ലം മുന്‍പ് വരെ വളരെ സന്തോഷത്തോടെ കഴിയുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്. എന്റെ ആദ്യഭാര്യ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു എനിക്ക്. അതിനിടയില്‍ ഞങ്ങളുടെ കുടുംബ ജീവിതത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തത് ചിലത് സംഭവിച്ചു. എന്താണ് ഞങ്ങളുടെ കുടുംബ ജീവിതത്തില്‍ സംഭവിച്ചത് എന്ന വിശദമായ കാര്യങ്ങളെല്ലാം 2013 ജൂണ്‍ 5 ന് കോടതിയില്‍ സമര്‍പ്പിച്ച വിവാഹ മോചന ഹര്‍ജിയില്‍ എഴുതിക്കൊടുത്തിട്ടുണ്ട്. അത് വിവാഹ മോചന ഹര്‍ജിയല്ല, എന്റെ കുടുംബ ചരിത്രം മുഴുവന്‍ അതിലുണ്ട്. അതില്‍ പ്രതികളുണ്ട് കക്ഷികളുണ്ട് സാക്ഷികളുണ്ട്. നൂറ് ശതമാനം വിശ്വസിക്കുന്ന തെളിവുകള്‍ സഹിതമാണ് ആ പെറ്റീഷന്‍ ഫയല്‍ ചെയ്തത്. ആ പെറ്റീഷനില്‍ നമ്മളെല്ലാം ഇപ്പോള്‍ ഉപയോഗിക്കുന്ന ആ വാക്ക്, പ്രമുഖരുമുണ്ട്. ഈ പറഞ്ഞ പ്രമുഖര്‍ക്കെല്ലാം ഇമേജ് എന്നത് വലിയ വിഷയമാണ്. അതിനെയൊക്കെ ഞാന്‍ മാനിക്കുന്നത് കൊണ്ടാണ് രഹസ്യ വിചാരണ എന്ന സംഭവത്തിന് ഞാന്‍ തന്നെ നിര്‍ദ്ദേശിച്ചത്. എന്നെ ഒരുപാട് പേര്‍ ദ്രോഹിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ ആരെയും ദ്രോഹിക്കുന്നില്ല. ഞാന്‍ സഹായിച്ച ആള്‍ക്കാരാണ് ഏറ്റവും കൂടുതല്‍ എന്നെ ദ്രോഹിച്ചത്. പ്രമുഖരുടെ ഇമേജ് മാത്രമല്ല, എന്റെ മകളുടെ ഭാവിയും ഓര്‍ത്തിട്ടാണ് രഹസ്യ വിചാരണയ്ക്ക് ആവശ്യപ്പെട്ടതും ഈ വിഷയത്തില്‍ ഞാന്‍ മൗനം പാലിച്ചതും. അത് കഴിഞ്ഞ വിഷയമാണ്. അക്കാര്യത്തില്‍ ഇനി കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ പറയുന്നില്ല. പക്ഷെ പരിധി വിട്ട് എന്നെ ആക്രമിച്ചാല്‍, ചിലപ്പോള്‍ പറഞ്ഞേക്കും. അങ്ങനെ ഉണ്ടാവാതിരിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന. എന്റെ ആദ്യഭാര്യ അവരുടേതായ തിരക്കുകളിലും ജോലിയും മുന്നോട്ട് പോകുകയാണ്. ആ വഴിക്കേ ഞാനില്ല. ഞാന്‍ എന്റേതായ ലോകത്താണ്. പക്ഷെ അവരില്‍ ചില കുത്തിത്തിരിപ്പുകള്‍ നടത്താന്‍ ചിലര്‍ ശ്രമിയ്ക്കുന്നുണ്ട്. ഞാനെന്തോ പുറകെ നടന്ന് ആക്രമിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് പോലെ… ഞാന്‍ ആ ഏരിയയിലേക്കേയില്ല.. മകളുടെ ഭാവിയും പഠനവുമൊക്കയായി ഞാന്‍ തിരക്കിലാണ്- ദിലീപ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം